go

ഏറ്റവും വലിയ സാധ്യതകളിൽ ‘സ്ഥാനാർഥി മോഹങ്ങൾ’

SHARE

ജില്ല തിരഞ്ഞെടുപ്പു ചൂടിലേക്കു കടക്കുമ്പേ‍ാൾ സാധ്യതാ സ്ഥാനാർഥികളെക്കുറിച്ചുള്ള ഊഹാപേ‍ാഹങ്ങളും പ്രചാരണങ്ങളും സജീവം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജന മഹായാത്ര ഇന്നു ജില്ലയിലെത്തും. എൽഡിഎഫിന്റെ ജാഥയും അടുത്തദിവസം പര്യടനം നടത്തുന്നതേ‍ാടെ മത്സരിക്കുന്നവരെക്കുറിച്ചുള്ള ചർച്ച കൂടുതൽ സജീവമാകും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും അടുത്തയാഴ്ച പാലക്കാട്ടെത്തുന്നുണ്ട്.

 സിപിഎം

എൽഡിഎഫ് ജാഥയുടെ സമാപനത്തിനുശേഷമേ പാർട്ടിയിൽ സ്ഥാനാർഥി ചർച്ച ഔദ്യേ‍ാഗികമായി ആരംഭിക്കൂ എങ്കിലും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സിറ്റിങ് എംപി എം.ബി. രാജേഷ് മൂന്നാം വട്ടവും പാലക്കാട്ടു ജനവിധി തേടുമെന്നാണ് ഒടുവിലത്തെ സൂചനകൾ. പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ ഭാഗമായി സ്ഥാനാർഥിയായി പുതുമുഖം എത്തുമെന്ന ചർച്ചയും ഉണ്ട്.

സ്ഥാനാർഥിയായി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ. പ്രേംകുമാറിന്റെ പേരും പ്രചരിക്കുന്നു. സ്ഥാനാർഥി നിർണയം സംബന്ധിച്ച സിപിഎം കേന്ദ്ര–സംസ്ഥാന നേതൃത്വത്തിന്റെ പുതിയ തീരുമാനം രാജേഷിനു കൂടുതൽ അനുകൂലമെന്നാണു വിലയിരുത്തൽ. രണ്ടു തവണ മൽസരിച്ചവർക്ക് ഇനി അവസരം നൽകേണ്ടെന്ന പാർട്ടിയുടെ ആദ്യ നിലപാടു പുതിയ രാഷ്ട്രീയ അന്തരീക്ഷത്തിലാണു മാറ്റിയത്.

പാലക്കാട് മണ്ഡലത്തിൽ പാർട്ടിക്കുള്ള മേൽക്കൈ നഷ്ടപ്പെടുത്തുന്ന നീക്കം പാടില്ലെന്നാണു കീഴ്ഘടകങ്ങളുടെയും നിലപാട്. രണ്ടുവട്ടം എംപിയായ രാജേഷിന്റെ പ്രവർത്തനത്തിൽ എതിരഭിപ്രായമൊന്നും കണ്ടെത്താനില്ലെന്നും അവർ നിരീക്ഷിക്കുന്നു. പി.കെ. ശശി വിവാദം കത്തിപ്പടർന്നു പാർട്ടി പ്രതിരേ‍ാധത്തിലായതേ‍ാടെയാണു പാലക്കാട് മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയെന്ന പ്രചാരണം ശക്തമായത്.

 കേ‍ാൺഗ്രസ്

എംഎൽഎമാർ മത്സരിക്കേണ്ടന്ന എഐസിസി തീരുമാനത്തേ‍ാടെ പാലക്കാട്ട് ഷാഫി പറമ്പിലേ‍ാ വി.ടി. ബൽറാമേ‍ാ മത്സരിച്ചേക്കുമെന്ന ഉഹാപേ‍ാഹത്തിനു തൽക്കാലം വിരാമമായി. എന്നാൽ വിജയ സാധ്യത കണക്കിലെടുത്തുള്ള ഏതു തീരുമാനത്തിനും ഹൈക്കമാൻഡ് കെപിസിസിക്ക് അധികാരം നൽകിയിട്ടുണ്ടെന്നതു ശ്രദ്ധേയമാണ്. സ്ഥാനാർഥിയായി ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ പേരാണു മണ്ഡലത്തിൽ ആദ്യം മുതലേ പ്രചരിപ്പിക്കുന്നത്.

ഒരുക്കത്തിന്റെ ഭാഗമെന്നേ‍ാണം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അടുത്തദിവസം പദയാത്ര ആരംഭിക്കുകയാണ്. യേ‍ാഗ്യരായ ഡിസിസി പ്രസിഡന്റുമാരെ സ്ഥാനാർഥികളായി പരിഗണിക്കാൻ സംഘടനാതല ചർച്ചയിൽ മുൻപു ധാരണയുണ്ടായിരുന്നു. സ്ഥാനാർഥി നിർണയത്തിൽ സാമുദായിക പരിഗണനയുണ്ടായാൽ സ്ഥിതിഗതികൾ മാറിയേക്കും.

ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും രാജ്യാന്തര തെ‍ാഴിലാളി സംഘടന(ഐഎൻഎൽഒ) അംഗവുമായ ആർ. ചന്ദ്രശേഖരനും മത്സരിക്കാൻ ശ്രമിക്കുന്നതായാണു ശ്രുതി. ഉന്നത നയതന്ത്ര ഉദ്യേ‍ാഗസ്ഥൻ വേണു രാജാമണി, കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നു.

 ബിജെപി

വലിയ മുന്നേറ്റം നടത്താൻ കഴിയുന്ന മണ്ഡലങ്ങളിൽ ഒന്നായി ബിജെപി കണക്കാക്കുന്ന പാലക്കാട്ട് പാർട്ടി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭ ഉപാധ്യക്ഷനുമായ സി. കൃഷ്ണകുമാറിന്റെ പേരാണു തുടക്കം മുതൽ പാർട്ടിക്കുള്ളിൽ ഉയർന്നു കേൾക്കുന്നത്.സംസ്ഥാന ജനറൽ സെക്രട്ടറി ശേ‍ാഭാ സുരേന്ദ്രന്റെ പേരും പ്രചരിക്കുന്നുണ്ട്.

സംസ്ഥാന നേതാക്കളെക്കുറിച്ചു പാർട്ടി കേന്ദ്ര കമ്മിറ്റി നടത്തിയ സ്വകാര്യ സർവേയിൽ പാലക്കാട് കൂടുതൽ മുൻതൂക്കം കൃഷ്ണകുമാറിനാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെതിരെ മൽസരിച്ചു സിപിഎമ്മിനെ ഞെട്ടിച്ച മുന്നേറ്റം നടത്തിയെന്നതു സ്ഥാനാർഥി പരിഗണന ചർച്ചയിൽ അദ്ദേഹത്തിന് അനുകൂല ഘടകമാണ്. പാർട്ടി ഭരിക്കുന്ന ഏക നഗരസഭയിലെ വികസന പ്രവർത്തനത്തിലെ പങ്കും പരിഗണിക്കപ്പെടും.

കേന്ദ്രകമ്മിറ്റിയുടെ സ്ഥാനാർഥി പരിഗണന പട്ടികയിൽ കൃഷ്ണകുമാറുണ്ട്. കഴിഞ്ഞതവണ പാലക്കാട്ട് കടുത്ത മത്സരം കാഴ്ചവച്ച ശേ‍ാഭാ സുരേന്ദ്രൻ നേരത്തെ മുതൽ മണ്ഡലത്തിൽ സജീവമാണ്. പാർട്ടിയുടെ തീപ്പെ‍ാരി നേതാവെന്ന നിലയിലും അവരുടെ സ്ഥാനാർഥി സാധ്യത ചർച്ച ചെയ്യപ്പെടുന്നു. പ്രധാന മണ്ഡലമെന്ന നിലയിൽ പ്രമുഖ വ്യക്തികളെ സ്ഥാനാർഥിയാക്കാനുള്ള സാധ്യതയും നേതൃത്വം കാണുന്നുണ്ട്.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama