go

കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ

ഗിരീഷ്, ഷൈജു,കൊല്ലപ്പെട്ട ഓമന
SHARE

മാത്തൂർ ∙ കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽകെട്ടി കട്ടിലിനടിയിൽ തള്ളിയ നിലയിൽ പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെത്തി. കൊലപ്പെടുത്തിയശേഷം വരിഞ്ഞുകെട്ടി ചാക്കിലാക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ 3 പേർ അറസ്റ്റിലായി. ചുങ്കമന്ദം കൂമൻകാട് കൂടംതൊടി വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ ഓമന (63) ആണു കൊല്ലപ്പെട്ടത്. 

ഇവരെ കാണാനില്ലെന്ന പരാതിയിൽ കുഴൽമന്ദം പൊലീസ് അന്വേഷിക്കുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. മോഷണമാണു കൊലപാതകത്തിലേക്കു നയിച്ചത്. സംഭവത്തിൽ കൂമൻകാട് സ്വദേശി ഷൈജു (32), ബന്ധു വിജീഷ് (30), സുഹൃത്ത് കൊഴിഞ്ഞൽപറമ്പ് പി.ഗിരീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് ആഭരണങ്ങൾ കണ്ടെടുത്തു. പാടത്തേക്കു പോയ ഓമനയെ ശനിയാഴ്ച വൈകിട്ടാണു കാണാതായത്. 

ഇവരും മരുമകളും മാത്രമാണു വീട്ടിലുള്ളത്. മരുമകൾ രജിത ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. മരുമകൻ ഫോൺ വിളിച്ചപ്പോൾ എടുക്കാതായതോടെയാണ് ഇവരെ കാണാനില്ലെന്ന സംശയം ഉയർന്നത്. മൊബൈലിലേക്കു വിളിച്ചപ്പോൾ പുരുഷ ശബ്ദത്തിൽ ഒരാൾ വിവാഹ വീട്ടിലാണെന്ന് അവ്യക്ത സ്വരത്തിൽ പറഞ്ഞതായും വിവരം ലഭിച്ചു. ഇതിനിടെ മോഷ്ടിച്ചെടുത്ത ആഭരണങ്ങൾ വിൽക്കാൻ ഷൈജുവും ഗിരീഷും ചുങ്കമന്ദം ജംക്ഷനിലെ വസ്ത്രവിൽപന ശാലയിൽ എത്തിയതിന്റെ തെളിവുകൾ പുറത്തുവന്നു.

ഷൈജുവിന്റെ വീട്ടുപടിക്കൽ നിന്ന് ഓമനയുടെ കുടയും കണ്ടെത്തി. ഇതോടെ പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളുടെ വീടിനു സമീപത്തുകൂടിയാണ് ഓമന പാടത്തേക്കു പോകുന്നത്. ഓമനയുമായി വാക്തർക്കം ഉണ്ടായതോടെ തലയ്ക്കടിച്ചെന്നും താഴെവീണതോടെ വീട്ടിലെത്തിച്ചു കയറുകൊണ്ടു വരിഞ്ഞുമുറുക്കി ചാക്കിലാക്കിയെന്നുമാണു പ്രതി ഷൈജു നൽകിയ മൊഴി. അനിൽകുമാ‍ർ (കോയമ്പത്തൂർ), അയ്യപ്പദാസ് (ബെംഗളൂരു), അജിത എന്നിവരാണ് ഓമനയുടെ മക്കൾ. മരുമക്കൾ: രജിത, അനിത, ചന്ദ്രൻ.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama