ചെർപ്പുളശ്ശേരി ∙ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ കാളവേലയുടെ മുന്നോടിയായുള്ള പൂരം ഇന്ന് ആഘോഷിക്കും. നാളെയാണു പ്രസിദ്ധമായ പുത്തനാൽക്കൽ കാളവേല. ഇന്നു രാവിലെ തന്ത്രി അണ്ടലാടിമനയ്ക്കൽ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ വിശേഷാൽപൂജകളോടെ പൂരച്ചടങ്ങുകൾക്കു തുടക്കമാവും. 10.30നു ക്ഷേത്രനടയിൽ തകിൽ നാദസ്വരം അരങ്ങേറും. 11നു പ്രസാദഊട്ട് ആരംഭിക്കും.
വൈകിട്ടു മൂന്നു മണിയോടെ വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ പൂരം കാവുവട്ടത്തേക്കു നീങ്ങും. കാവുവട്ടത്തു നിന്ന് 5നു പൊന്നണിഞ്ഞ മൂന്നു ഗജവീരന്മാരുടെയും ചെർപ്പുളശ്ശേരി ജയവിജയന്മാർ നയിക്കുന്ന പാണ്ടിമേളത്തിന്റെയും അകമ്പടിയിൽ നഗരപ്രദക്ഷിണമായി പകൽപൂരം അരങ്ങേറും. തകിൽ നാദസ്വരം, ഡിജിറ്റൽ തെയ്യം, മെഗാഷോ, വനിത ശിങ്കാരിമേളം, ചടുലനൃത്തം എന്നിവ പൂരക്കാഴ്ചയൊരുക്കും.
ശുകപുരം ദിലീപിന്റെ നേതൃത്വത്തിൽ 60–ഓളം കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള പാണ്ടിമേളവും ഉണ്ടാകും. സന്ധ്യയോടെ എഴുന്നള്ളിപ്പുകൾ ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കുന്നതോടെയാണു പകൽപൂരത്തിനു സമാപനം. വൈകിട്ട് 5നു ക്ഷേത്ര നടയിൽ തകിൽനാദസ്വരം, രാത്രി 7നു ചെർപ്പുളശ്ശേരി ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സിന്റെ നേതൃത്വത്തിൽ പാല കമ്യൂണിക്കേഷന്റെ ഗാനമേള, 8നു പോരൂർ ഉണ്ണിക്കൃഷ്ണനും കല്ലൂർ ഉണ്ണിക്കൃഷ്ണനും ചേർന്നുള്ള ഇരട്ടത്തായമ്പക.
നാളെ രാവിലെ 9നു പാലും വെള്ളരി നിവേദ്യത്തോടെയാണു കാളവേലാഘോഷത്തിനു തുടക്കം. 9.30നു കലാമണ്ഡലം നന്ദകുമാറിന്റെ ഓട്ടൻതുള്ളൽ അരങ്ങേറും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കഞ്ഞിസദ്യ. വൈകിട്ടു നഗരപ്രദക്ഷിണമായി കാളവേല. അർധരാത്രിയോടെ കാളയിറക്കം.13നു താലപ്പൊലി ആഘോഷിക്കും. വൈകിട്ട് 6.30നു ഭഗവതിയെ മോഴിക്കുന്നു മനയിലേക്ക് എഴുന്നള്ളിക്കും.ഇറക്കിപൂജയ്ക്കു ശേഷം മനയിൽ നിന്നു 5 ഗജവീരന്മാരുടെയും അകമ്പടിയോടെ നടക്കുന്ന തിരിച്ചെഴുന്നള്ളിപ്പു പ്രദക്ഷിണം പൂർത്തിയാക്കുന്നതോടെയാണു സമാപനം.