go

വിള ഉപേക്ഷിക്കുന്നു,ഞാറ് പൂട്ടിക്കളയുന്നു

പച്ച തൊട്ടു... കാര്യമായ മഴ ഇല്ലാതിരുന്നതിനാൽ ഒന്നാം വിള ഒരു മാസത്തോളം വൈകി. കഴിഞ്ഞ ദിവസങ്ങളിൽ മഴ കുറച്ചെങ്കിലും ലഭിച്ചതോടെ പ്രതീക്ഷയോടെ,  മൂപ്പെത്തിയ ഞാറു പറിച്ചു നടുന്ന കർഷകത്തൊഴിലാളികൾ. ചിറ്റൂർ നല്ലേപ്പിള്ളിയിൽ നിന്നുള്ള കാഴ്ച.     ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
പച്ച തൊട്ടു... കാര്യമായ മഴ ഇല്ലാതിരുന്നതിനാൽ ഒന്നാം വിള ഒരു മാസത്തോളം വൈകി. കഴിഞ്ഞ ദിവസങ്ങളിൽ മഴ കുറച്ചെങ്കിലും ലഭിച്ചതോടെ പ്രതീക്ഷയോടെ, മൂപ്പെത്തിയ ഞാറു പറിച്ചു നടുന്ന കർഷകത്തൊഴിലാളികൾ. ചിറ്റൂർ നല്ലേപ്പിള്ളിയിൽ നിന്നുള്ള കാഴ്ച. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
SHARE

പാലക്കാട് ∙ ആദ്യ വിള പൊടി വിതയാണു പാലക്കാടിനു പതിവ്. വെള്ളമില്ലാത്തതിനാൽ അതു മുടങ്ങി. പ്രതീക്ഷയോടെ ഞാറു പാകിയെങ്കിലും പറിച്ചു നടാൻ  വെള്ളമില്ലാത്തതിനാൽ മൂത്തു നശിക്കുന്നു. മൂത്ത ഞാറുകൾ ട്രാക്ടർ കൊണ്ടു പൂട്ടിക്കളയേണ്ട ഗതികേടിൽ കർഷകർ. നെല്ലിനു സംഭരണം വഴി മെച്ചപ്പെട്ട വില കിട്ടുമെങ്കിലും മഴ വൈകിയതിനാൽ അതിന്റെ ഗുണം കിട്ടില്ല. പല പാടശേഖരങ്ങളും വിള ഇല്ലാതെ തരിശുകിടക്കുന്നു. ഇപ്പോഴും നടീൽ പൂർത്തിയായിട്ടില്ല. പറിച്ചുനടാൻ വെള്ളമില്ലാത്തതിനാൽ ഞാറിന് ഒരു മാസം വരെ മൂപ്പുകൂടി.

ആലത്തൂർ കാട്ടുശ്ശേരിയിൽ പറിച്ചു നടാനാകാത്തതിനാൽ മൂപ്പു കൂടിയതും ബാക്കിയായതുമായ ഞാറ് ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുന്നു.
ആലത്തൂർ കാട്ടുശ്ശേരിയിൽ പറിച്ചു നടാനാകാത്തതിനാൽ മൂപ്പു കൂടിയതും ബാക്കിയായതുമായ ഞാറ് ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുന്നു.

അതിനാൽ ചിലയിടത്ത് വീണ്ടും വിത നടത്തുന്നുണ്ട്. ഇതുവഴി 30 ശതമാനം വരെ ഉൽപാദന നഷ്ടം ഉണ്ടാകുമെന്നു കർഷകനും കണ്ണാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ.എ.വേണുഗോപാൽ പറയുന്നു. നട്ട പാടങ്ങളിൽ വളപ്രയോഗം തെറ്റി. അടിവളം കൂടി നടത്താനായിട്ടില്ല. രണ്ടു തവണ വളപ്രയോഗം കഴിയേണ്ട സമയമായെങ്കിലും വെള്ളക്കുറവിനാൽ വളം വീശൽ തുടങ്ങിയിട്ടേ ഉള്ളൂ. പച്ചക്കറി, ചോളം, വാഴ, ചേന, ഇഞ്ചി ഉൾപ്പെടെ പല കൃഷികളെയും മഴക്കുറവ് ബാധിച്ചു. 

 രണ്ടാം വിളയും വൈകും

മഴ കനിഞ്ഞു ഡാമുകൾ നിറഞ്ഞാൽ തന്നെ ഫെബ്രുവരി പകുതി വരെ മാത്രമേ രണ്ടാം വിളയ്ക്കായി വെള്ളം നൽകാനാകൂ. നിലവിലെ അവസ്ഥയനുസരിച്ച് മാർച്ച് പകുതിവരെ വെള്ളം നൽകിയാൽ മാത്രമേ രണ്ടാം വിള കൊയ്തെടുക്കാനാകൂ. 

 വിള ഇല്ലെങ്കിലും കളയുണ്ട്

ഇത്തവണ പാടങ്ങളിൽ കളശല്യം വ്യാപകമാണ്. വിത നടത്തിയ പാടങ്ങളിൽ 2 തവണ കള വലിച്ചു കഴിഞ്ഞു. ഒരു ഏക്കർ പാടത്തു കള വലിക്കാൻ 15 തൊഴിലാളികൾ വേണം. 300 രൂപ തോതിൽ കൂലി കണക്കാക്കിയാൽ കള വലിക്കാ‍ൻ മാത്രം 4500 രൂപ വേണം. 

 ഒന്നാം വിളയില്ലാതെ  ആദ്യമായി പൊരിയാനി 

സംസ്ഥാന നെൽകതിർ അവാർഡ് നേടിയിട്ടുള്ള പൊരിയാനി പാടശേഖരം ചരിത്രത്തിൽ ആദ്യമായി ഒന്നാം വിള ഉപേക്ഷിച്ചു. ഞാറ്റടിയും കൃഷിക്കു വേണ്ടി തയാറാക്കിയ പച്ചിലച്ചെടിയും ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ചുകൊണ്ടിരിക്കുന്നു. വൈകി വിളയിറക്കിയാൽ രണ്ടാം വിള കൃഷി ചെയ്യാനാകില്ലെന്നു കർഷകനായ പഴണൻകുട്ടൻ പറഞ്ഞു. പൂത്രപ്പാടം, അരിമ്പ്രപ്പാടം, പൂതനൂർ പാടശേഖരങ്ങളിലും ഇത്തവണ കൃഷിയിറക്കാനായിട്ടില്ല.

മഴക്കാലത്തും ഭൂഗർഭ ജലനിരപ്പ് 3 മീറ്റർ താഴ്ന്നു

പാലക്കാട് ∙ പ്രളയശേഷം വേനൽമഴയും കാലവർഷവും കൈവിട്ടതേ‍ാടെ ജില്ലയിലെ ഭൂഗർഭജലവിതാനം ശരാശരി 3 മീറ്റർ താഴ്ന്നു. മഴക്കാലത്ത് ഈ സമയം 4 മീറ്റർ വരെ വെള്ളം ഉയരുകയാണു പതിവ്.ആലത്തൂർ ബ്ലേ‍ാക്കിൽ ഇതാദ്യമായി ഭൂഗർഭജലം 4.5 മീറ്റർ കുറഞ്ഞു. വ്യാപകമായി ജല ചൂഷണം നടക്കുന്ന ചിറ്റൂർ ബ്ലേ‍ാക്കിൽ താഴ്ന്നത് ശരാശരി 1.5 മീറ്റർ. ജലലഭ്യതക്ക് കൂടുതൽ അനുകൂല സാഹചര്യമുള്ള ആലത്തൂരിലെ കുറവ് ആശങ്കയുണ്ടാക്കുന്നതായി അധികൃതർ പറയുന്നു. കേന്ദ്ര ഭൂഗർഭ ജലവകുപ്പും സംസ്ഥാന ഭൂഗർഭ ജലവകുപ്പും 113 നിരീക്ഷണ കിണറുകളിലൂടെയാണു ജലവിതാനം രേഖപ്പെടുത്തിയത്.

ഭൂഗർഭജലം 100 ശതമാനം ഉപയേ‍ാഗിക്കുന്ന ബ്ലേ‍ാക്കാണ് ചിറ്റൂർ, 70 മുതൽ 90 ശതമാനം വരെ ഉപയേ‍ാഗിക്കുന്ന മലമ്പുഴ ബ്ലേ‍ാക്കും അപകടാസ്ഥയിലേക്ക് നീങ്ങുകയാണ്. തെ‍ാട്ടു പിന്നിൽ പട്ടാമ്പി ബ്ലേ‍ാക്കാണ്. 70 ശതമാനത്തിൽ താഴെ ജലം എടുക്കുന്ന സ്ഥലം സുരക്ഷിതമെന്നാണ് വിലയിരുത്തൽ.ചിറ്റൂരിൽ വർഷങ്ങൾക്കുശേഷം ഇത്തവണ വേനൽമഴ തുടർച്ചയായി കിട്ടി. മഴനിഴൽപ്രദേശമായ വടകരപ്പതിയിലും എരുത്തേമ്പതിയിലും നല്ല മഴ ലഭിച്ചു. വേനലിൽ ചിറ്റൂർ ബ്ലേ‍ാക്കിൽ ജലവിതാനം 7 മീറ്റർ വരെ കുറയാറുണ്ട്. 2002ലാണ് ചിറ്റൂർ ബ്ലേ‍ാക്ക് അമിത ജലചൂഷണ മേഖലയായി പ്രഖ്യാപിച്ചത്.

 ആലത്തൂരിൽ  സംഭവിക്കുന്നത്

വൻ ജലശേഖരണത്തിന് എല്ലാ സാധ്യതകളുമുള്ള ആലത്തൂരിൽ ഭൂഗർഭജലം താഴാൻ കാരണം തലങ്ങും വിലങ്ങും നടക്കുന്ന വയൽ നികത്തലും ഗായത്രിപ്പുഴയുടെ തകർച്ചയും. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ നിലനിർത്തുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ഹരിതകേരളം കേ‍ാഒ‍ാർഡിനേറ്റർ വൈ.കല്യാണ കൃഷ്ണൻ പറഞ്ഞു. തേ‍ാടുകളിൽ മിക്കതും തടസപ്പെടുത്തി. ഗായത്രിപ്പുഴയിൽ നിയന്ത്രണമില്ലാതെ നടത്തുന്ന നിർമാണങ്ങളും വെള്ളം പമ്പ് ചെയ്യുന്നതും ജലക്ഷാമത്തിന് ആക്കം കൂട്ടി. പുഴയുടെ തടത്തിൽ പലയിടത്തും ക്വാറികൾ വന്നു. നികത്തിയ സ്ഥലത്തു മുഴുവൻ മാവ് കൃഷിചെയ്തതേ‍ാടെ ജലസംഭരണ വഴികളടഞ്ഞു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama