go

നെല്ലിയാമ്പതി യാത്രക്കാർക്ക് ഇക്കുറിയും ദുരിത സഞ്ചാരം

Palakkad News
നെല്ലിയാമ്പതി കൈകാട്ടിയിൽ ടൂറിസം ഇൻഫർമേഷൻ സെന്റർ അടഞ്ഞ നിലയിൽ
SHARE

നെല്ലിയാമ്പതി∙ പാവങ്ങളുടെ ഊട്ടിയെന്ന് അറിയപ്പെടുന്ന നെല്ലിയാമ്പതി വിനോദ സഞ്ചാര കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ ആവശ്യം. തോട്ടം മേഖലയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇവിടെയുള്ളവരുടെ നിലനിൽപു തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ ടൂറിസം വികസന പദ്ധതികൾ ആകർഷണീയമാക്കണമെന്നാണ് ആവശ്യം. ഇവിടെ എത്തുന്നവർക്കു പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കാൻ അധികൃതർ തയാറായിട്ടില്ലെന്നാണു പരാതി. റിസോർട്ടുകളെ ആശ്രയിക്കുന്നവർ ഒഴികെ സാധാരണ യാത്രക്കാർക്കു ദുരിതം തന്നെ.

പുലയമ്പാറയിലെ കംഫർട്ട് സ്റ്റേഷനും ഡോർമട്രിയും അടച്ചുപൂട്ടി ആഴ്ചകളായി. കെട്ടിടത്തിലെ ചോർച്ചയും പൊട്ടിപ്പൊളിഞ്ഞ ശുചിമുറികളിൽ വെള്ളം കെട്ടിനിൽക്കുന്നതും തടയാൻ കഴിയാതെയാണു പൂട്ടിയത്. മുൻ എംഎൽഎ കെ.എ. ചന്ദ്രന്റെ വികസന ഫണ്ടിൽ പണി തീർത്ത കെട്ടിടം 2007 മുതൽ ഐടിഎൽ ഗ്രൂപ്പാണ് ഏറ്റെടുത്തു നടത്തിവന്നത്. കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്തിനോടു പലവട്ടം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചെല്ലെന്നാണ് ആരോപണം. കൈകാട്ടി, നൂറടി, മണലാരൂ ഫാക്ടറി തുടങ്ങിയ കവലകളിലെല്ലാം പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും പല പദ്ധതികളിലായി സ്ഥാപിച്ച ശുചിമുറികളെല്ലാം പൂട്ടി കിടക്കുകയാണ്.

ടൂറിസം പ്രമോഷൻ കൗൺസിൽ നൂറടിയിൽ 10 വർഷം മുൻപ് സ്ഥാപിച്ച ശുചിമുറികൾ ഇതുവരെ തുറന്നിട്ടില്ല. ജലവിതരണ സൗകര്യമില്ലാത്തതാണു കാരണം. പുലയമ്പാറയിലെ കംഫർട്ട് സ്റ്റേഷൻ അറ്റകുറ്റപ്പണി നടത്തി തുറക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ഓണത്തോടനുബന്ധിച്ചു കൂടുതൽ സഞ്ചാരികൾ എത്തുന്നതു കണക്കിലെടുത്ത് അടിയന്തരമായി ചെയ്യേണ്ട ജോലികൾ പലതും ഫണ്ടില്ലെന്ന പേരിൽ മുടങ്ങി കിടക്കുകയാണ്. വീതി കുറഞ്ഞതും കുണ്ടും കുഴികളും രൂപപ്പെട്ടതുമായ പോത്തുണ്ടി–നെല്ലിയാമ്പതി റോഡിൽ അപകട ഭീഷണി ഉയർത്തുന്ന ഭാഗം താൽക്കാലികമായി അറ്റകുറ്റപ്പണി നടത്താൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഉൾപ്രദേശത്തുള്ള ജീപ്പ് സർവീസ് സുഗമമാക്കാൻ പല ഭാഗത്തുമുണ്ടായ കുണ്ടും കുഴികളും നികത്തേണ്ടതുണ്ട്. സീതാർകുണ്ടിലേക്കും കാരപ്പാറ വെള്ളച്ചാട്ടം കാണാനും പോകുന്നവർക്കു റോഡിലെ കുഴികൾ ഭീഷണിയാണ്. 

നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശന കവാടമായ കൈകാട്ടിയിൽ ടൂറിസം ഇൻഫർമേഷൻ കേന്ദ്രമായി പ്രവർത്തിച്ചുവന്ന കെട്ടിടം പൂട്ടി കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ഇതു തുറക്കാനും വനസംരക്ഷണ സമിതി പ്രവർത്തകരെ വഴികാട്ടിയാക്കാനും സാധിച്ചാൽ സന്ദർശകർക്കു പ്രയോജനമാകും. നെല്ലിയാമ്പതി എത്തുന്നവർക്കു വ്യൂപോയിന്റുകളെക്കുറിച്ചും വെള്ളച്ചാട്ടമുള്ള പ്രദേശത്തെ സംബന്ധിച്ചും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ശരിയായ നിർദേശങ്ങൾ നൽകാൻ നിലവിൽ സംവിധാനമില്ല.വൈദ്യുതി വിതരണം നിലച്ചാൽ ആദ്യം ഇല്ലാതാകുന്നത് ബിഎസ്എൻഎൽ സേവനമാണെന്ന നാട്ടുകാരുടെ പരാതി ഇതുവരെ പരിഹരിച്ചിട്ടില്ല.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama