go

നെല്ലിയാമ്പതിയിലെ വ്യൂ പോയിന്റുകൾ സുരക്ഷിതമാകണം

palakkad-nelliyambathy
നെല്ലിയാമ്പതി കേശവൻപാറ വ്യൂപോയന്റിന്റെ അറ്റത്തു നിന്ന് അപകടകരമായ രീതിയിൽ പോത്തുണ്ടി ഡാം വീക്ഷിക്കുന്ന സഞ്ചാരികൾ
SHARE

നെല്ലിയാമ്പതി∙ വനഭംഗി ആസ്വദിക്കാനും വ്യൂ പോയിന്റുകളിൽ ആകാശക്കാഴ്ച കാണാനുമെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അധികൃതർ നടപടികളെടുക്കണമെന്ന ആവശ്യം ശക്തമാണ്. പോത്തുണ്ടി– നെല്ലിയാമ്പതി റോഡിൽ പത്തോളം ഹെയർപിൻ വളവുകൾ കടന്നെത്തേണ്ട സഞ്ചാരികൾക്ക് 3 സ്ഥലത്തു മാത്രമേ സുരക്ഷിതമായ വ്യൂ പോയിന്റുകൾ സ്ഥാപിച്ചിട്ടുള്ളൂ. മറ്റു പല ഭാഗത്തും വാഹനങ്ങൾ നിർത്തി ആകാശ കാഴ്ച കാണുന്നവരുടെ സുരക്ഷയ്ക്കായി പാതയോരത്തു കൈവരികൾ സ്ഥാപിച്ചില്ലെങ്കിൽ അപകട സാധ്യത കൂടുതലാണ്. പ്രധാന ആകർഷണമായ സീതാർകുണ്ടിലും കേശവൻപാറയിലും കാരപ്പാറ വെള്ളച്ചാട്ടത്തിനടുത്തും സഞ്ചാരികൾക്കു മതിയായ സുരക്ഷയൊരുക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല.

സമുദ്രനിരപ്പിൽ നിന്നും 1572 മീറ്റർ ഉയരത്തിലുള്ള വ്യൂ പോയിന്റുകൾ ആത്മഹത്യാ മുനമ്പിനു തുല്യമാണ്. ഇവിടെ എത്തുന്നവർക്കായി അപകട മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചതല്ലാതെ മറ്റ് സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. മലമുകളിൽ നിന്നുള്ള ആകാശക്കാഴ്ച നയനാനന്ദകരമാണെങ്കിലും സഞ്ചാരികൾക്ക് സുരക്ഷിതമായി നിന്നു കാണാൻ ചുറ്റും കൈവരി സ്ഥാപിക്കാനോ ടവർ നിർമിക്കാനോ നടപടിയില്ല. സ്വകാര്യ എസ്റ്റേറ്റിനകത്താണെങ്കിലും ഏറ്റവും കൂടുതൽപേർ എത്തുന്ന സീതാർകുണ്ടിൽ വിനോദസഞ്ചാര വികസന പദ്ധതികൾ ആസൂത്രണം ചെയ്യണം. മറ്റൊരു പ്രധാന കേന്ദ്രമായ കേശവൻപാറയിലെ സ്ഥിതിയും മറിച്ചല്ല.

വർഷങ്ങൾക്കു മുൻപു കേശവൻപാറയുടെ അറ്റത്തു നിന്നു വീണു കാണാതായ ഒരാളുടെ മൃതദേഹം ദിവസങ്ങളുടെ തിരച്ചിലിനുശേഷം കിട്ടിയത് ഏറെ താഴ്ചയുള്ള ഒരു മരക്കൊമ്പിൽ തറച്ചു കിടക്കുന്ന നിലയിലായിരുന്നു. നെല്ലിയാമ്പതി കാരപ്പാറയിലേയും മറ്റ് വെള്ളച്ചാട്ടമുള്ള പ്രദേശവും സുരക്ഷിതമല്ല. ഇത്തരം കേന്ദ്രങ്ങളിലെത്തിയ നിരവധി പേർ അപകടത്തിൽപെട്ടിട്ടും ഫണ്ടില്ലെന്ന കാരണത്താൽ പല പദ്ധതികളും അധികൃതർക്കു നടപ്പാക്കാനാകുന്നില്ലെന്നാണ് പരാതി.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama