go

വഴിയിൽ കിടന്ന 2 ലക്ഷം മനസ്സിളക്കിയില്ല; നന്മനിറഞ്ഞ സുരേഷ്കുമാറിന് ബിഗ് സല്യൂട്ട്

pathanamthitta-suresh
ആർ. സുരേഷ് കുമാർ പമ്പയിൽ ഡ്യൂട്ടിക്കിടയിൽ.
SHARE

പമ്പ ∙ ശരണവഴിയിൽ സേവനനിരതനാകുമ്പോൾ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ആർ. സുരേഷ്കുമാറിന്റെ മനസ്സിൽ നേരിന്റെ തിരിനാളം കെടാതെ വിളങ്ങുകയാണ്. കഴിഞ്ഞ 30ന് വഴിയിൽ കിടന്നു കിട്ടിയ 2 ലക്ഷം രൂപ യഥാർഥ ഉടമയ്ക്ക് തിരിച്ചുകിട്ടാൻ നിമിത്തമായ സത്യസന്ധതയുടെ തിളക്കം. സുരേഷ്കുമാർ കാട്ടിയ നന്മയ്ക്ക് നാടും സമൂഹമാധ്യമങ്ങളും അഭിനന്ദനത്തിന്റെ വലിയ സല്യൂട്ട് ആണ് അദ്ദേഹത്തിനു നൽകുന്നത്.

പമ്പയിലേക്ക് ഡ്യൂട്ടിക്കു പോകുന്നതിന്റെ തലേന്ന് കൊല്ലത്തെ ജ്വല്ലറിയിൽ നിന്ന് ഭാര്യ സ്മിതയുടെ സ്വർണാഭരണം മാറ്റി വാങ്ങിയ ശേഷം ഇരുവരും ഇറങ്ങി നടന്നുവരുമ്പോഴാണ് റോഡരികിൽ റബർ ബാൻഡിട്ടു കെട്ടിയ 2000 രൂപയുടെ 100 നോട്ടുകൾ മടങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ പണം അദ്ദേഹം സമീപത്തെ ജ്വല്ലറിയിൽ ഏൽപിച്ചു. സ്വർണാഭരണം വാങ്ങാനെത്തിയ ആരുടെയോ മുണ്ടിന്റെ മടിക്കുത്തിൽ നിന്ന് പണം നഷ്ടപ്പെട്ടതായിരിക്കാമെന്നും അത് വായ്പാ തുക ആയിരിക്കാമെന്നും നിഗമനത്തിലെത്തിയ അദ്ദേഹത്തിന്റെ ‘പൊലീസ് ബുദ്ധി’ അന്നു തന്നെ ഫലം കണ്ടു.

നഷ്ടമായ പണം അന്വേഷിച്ച് വിഷമിച്ചു നടന്ന യഥാർഥ അവകാശി ചവറ തെക്കുംഭാഗം തോലുകടവ് തേരുവിളമുക്ക് ബംഗ്ലാവിൽ ബാലചന്ദ്രൻപിള്ള ജ്വല്ലറിയിലെത്തി അന്വേഷിച്ചപ്പോഴാണ് നഷ്ടപ്പെട്ട മുഴുവൻ പണവും ഒരു പൊലീസുകാരൻ ഏൽപിച്ചു മടങ്ങിയ വിവരം അറിയുന്നത്. ജീവശ്വാസം വീണ്ടെടുത്ത ബാലചന്ദ്രൻപിള്ള പിന്നെ ഒരു ഓട്ടമായിരുന്നു. കാക്കിക്കുള്ളിലെ നന്മനിറഞ്ഞ മനുഷ്യനെ തേടി.

ബാലചന്ദ്രൻപിള്ള മകളുടെ വിവാഹത്തിന് സ്വർണമെടുക്കാൻ സ്വരുക്കൂട്ടിവച്ച തുകയാണ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയത്. ഒരച്ഛന്റെ നൊമ്പരം ബാലചന്ദ്രൻപിള്ള ഇറക്കിവച്ചത് സുരേഷ്കുമാറിനെ നേരിട്ടുകണ്ട് വിതുമ്പിയപ്പോഴാണ്. കഴിഞ്ഞ 2ന് അദ്ദേഹത്തിന്റെ മകൾ പാർവതിയുടെ വിവാഹമായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ പക്ഷേ സുരേഷ്കുമാറിന് കഴിഞ്ഞില്ല. 

നഷ്ടമായ തുക ആ കുടുംബത്തിന് വേഗം തന്നെ തിരികെ ലഭിക്കാൻ താൻ നിമിത്തമായത് അയ്യപ്പന്റെ കടാക്ഷമായാണ് കാണുന്നതെന്ന് പമ്പയിൽ ഗാർഡ് റൂമിനു സമീപം ജോലി ചെയ്യുന്ന സുരേഷ്കുമാർ പറയുന്നു. അതുകൊണ്ടാണ് പമ്പയിൽ തന്നെ തീർഥാടക സേവനത്തിന് താൻ നിയോഗിക്കപ്പെട്ടതെന്നും അദ്ദേഹം വിശ്വസിക്കുന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama