go

ശബരിമല: ആനക്കൂട്ടം ഇറങ്ങുന്നു; ഉറങ്ങാൻ പറ്റാതെ ഓടി സ്ക്വാഡുകാർ

kasargod-elephant
SHARE

ശബരിമല∙കരിമല വഴിയുള്ള കാനന പാതയിൽ തീർഥാടകർക്ക് വൈകിട്ട് 5നു ശേഷം കർശന നിയന്ത്രണം. കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകൻ പരമശിവം (35) മരിച്ചതിനെ തുടർന്നാണിത്. കരിമല വഴി നടന്നു വരുന്നവർ വൈകിട്ട് 5ന് മുൻപ് പമ്പയിൽ എത്തണം. 5 കഴിഞ്ഞാൽ അഴുത, മുക്കുഴി, കരിയിലാംതോട് തുടങ്ങിയ വലിയ താവളങ്ങളിൽ തങ്ങണമെന്നാണ് വനം വകുപ്പിന്റെ നിർദേശം. ഉപ്പുപാറ വഴി വരുന്ന തീർഥാടകരെ ഉച്ചയ്ക്ക് 1ന് ശേഷം പുല്ലുമേട്ടിൽ നിന്നു കടത്തിവിടില്ല.

കാനനപാതയിൽ തീർഥാടകർക്കു തടസ്സം ഉണ്ടാക്കുന്ന കാട്ടാനകളെ തുരത്താൻ എലിഫന്റ് സ്ക്വാഡുകളെ 7 കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, വലിയാനവട്ടം,നിലയ്ക്കൽ, പുല്ലുമേട്, പ്ലാപ്പള്ളി, കരിമല എന്നിവിടങ്ങളിലാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്.പടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേക്ക് വിരട്ടി ഓടിക്കുന്ന രീതിയാണ് ഇവർ നോക്കുന്നത്. ഇതു വിജയിച്ചില്ലെങ്കിൽ അവസാന പ്രയോഗമായി 12 ബോർ പമ്പ് ആക്‌ഷൻ ഗൺ നൽകിയിട്ടുണ്ട്. ദേഹത്ത് വലിയ പരുക്കുകൾ ഏൽക്കാതെ ആനയെ വിരട്ടി ഓടിക്കാൻ ഈ തോക്ക് ഉപയോഗിച്ചു കഴിയും.

കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്തെ പാണ്ടിത്താവളം, വലിയാനവട്ടം, പുല്ലുമേട് ,നിലയ്ക്കൽ എന്നിവിടങ്ങളിൽ കാട്ടാനയിറങ്ങി. ഇതിനു പുറമേ ളാഹ, രാജാംപാറ, ഇലവുങ്കൽ, പ്ലാപ്പള്ളി, ചെളിക്കുഴി എന്നിവിടങ്ങളിൽ സ്ഥിരമായി ആനയുടെ സാന്നിധ്യമുണ്ട്. പ്ലാപ്പള്ളിയിലെ സ്ക്വാഡുകാർക്ക് ഒരു ദിവസം പോലും രാത്രിയിൽ ഉറങ്ങാൻ പറ്റുന്നില്ല. ഒരു സംഘത്തെ റോഡിൽ നിന്ന് ഓടിച്ചു കാട്ടിലേക്കു വിട്ടുകഴിയുമ്പോൾ അടുത്ത സ്ഥലത്ത് ഇറങ്ങിയതായി സന്ദേശം കിട്ടും. പിന്നെ അവിടേക്കു വിടും. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ എല്ലാ ദിവസവും രാത്രി കാട്ടാനയിറങ്ങുന്നുണ്ട്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama