go

തിരുവാഭരണ ഘോഷയാത്ര നാളെ അയ്യപ്പന്റെ മണ്ണിൽ

Pathanamthitta News
തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുന്നതിനായി കുത്തുകല്ലുങ്കൽപടി–മന്ദിരം പാത കാടു തെളിച്ചു വൃത്തിയാക്കിയിട്ടിരിക്കുന്നു.
SHARE

റാന്നി ∙ മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പനു ചാർത്തുന്ന തിരുവാഭരണവും വഹിച്ച ഘോഷയാത്ര നാളെ  അയ്യപ്പന്റെ മണ്ണിലെത്തും. ഘോഷയാത്രയെ സ്വീകരിക്കാൻ ശരണ വീഥികളൊരുങ്ങി. പന്തളത്തു നിന്നു നാളെ ഉച്ചയോടെ പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട് ചെറുകോൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തുന്നതോടെയാണ് ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന റാന്നി താലൂക്കിലേക്കു കടക്കുന്നത്. നാളെ അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലാണു വിശ്രമം. 13ന് പുലർച്ചെ അവിടെ നിന്നു പുറപ്പെടും. 

മൂക്കന്നൂർ, ഇടപ്പാവൂർ വഴി പേരൂച്ചാൽ പാലം കടന്നു കീക്കൊഴൂരെത്തും. തുടർന്നു പമ്പാനദിയുടെ തീരത്തു കൂടി ആയിക്കൽ തിരുവാഭരണ പാറയിലെത്തും. കോഴഞ്ചേരി–റാന്നി റോഡിലൂടെയാണു തുടർന്നുള്ള യാത്ര. റാന്നി ബ്ലോക്കുപടിയിലെത്തി പരമ്പരാഗത പാതയിലൂടെ കുത്തുകല്ലുങ്കൽപടിയിലെത്തും. മന്ദിരം വഴിയാണ് ഇടക്കുളം അയ്യപ്പ ക്ഷേത്രത്തിലേക്കുള്ള യാത്ര.  പള്ളിക്കമുരുപ്പിൽ നിന്നു പേങ്ങാട്ടുകടവിലെത്തും. അവിടെ നിന്നു വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിലേക്കു സ്വീകരിക്കും. മണ്ണാരക്കുളഞ്ഞി–പമ്പ റോഡിലൂടെ പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിലെത്തും. 

ചമ്പോൺ, മാടമൺ, പൂവത്തുംമൂട്, പെരുനാട് വഴി കക്കാട്ട് കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലെത്തും. തുടർന്ന് മഠത്തുംമൂഴിയിലേക്ക്. വയറൻമരുതി, കൂനംകര വഴി എത്തുന്ന ഘോഷയാത്ര പിന്നീട് പരമ്പരാഗത പാതയിലേക്കു കയറും. പുതുക്കട, ഇളയതമ്പുരാട്ടിക്കാവ് വഴി ളാഹ സത്രത്തിലെത്തുന്ന ഘോഷയാത്രയുടെ രണ്ടാം നാളിലെ വിശ്രമം അവിടെയാണ്. 14ന് നിലയ്ക്കൽ, അട്ടത്തോട്, വയറ്റുകണ്ണിപ്പാറ, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല വഴി വൈകിട്ട് ശബരിമല സന്നിധാനത്തെത്തും.

ഒരുക്കം

ഘോഷയാത്രയെ സ്വീകരിക്കുന്നതിനു പരമ്പരാഗത പാതയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. പ്രളയത്തിൽ തകർന്ന ആയിക്കൽ കടവിലെ പാത പുനരുദ്ധരിച്ചു. ഈച്ചരാമണ്ണിൽപടിക്കു സമീപം നടക്കുന്ന സംരക്ഷണഭിത്തി നിർമാണം ഇന്നു പൂർത്തിയാകും. പേരൂച്ചാൽ പാലം–ആയിക്കൽ വരെ പാതയിലെ ചെളിയും മണ്ണും തടികളും ചെറുകോൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കി. കുത്തുകല്ലുങ്കൽപടി–മന്ദിരം ഭാഗത്തെ പാത റാന്നി പഞ്ചായത്ത് വൃത്തിയാക്കി. പള്ളിക്കമുരുപ്പ്–പേങ്ങാട്ടുകടവ് പാത വടശേരിക്കര പഞ്ചായത്ത് പുനരുദ്ധരിച്ചു. കൂനംങ്കര–ളാഹ വരെയുള്ള പാത ശുചീകരിക്കുന്ന പണി പെരുനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്നു. ഇന്നു പൂർത്തിയാകും. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama