go

തിരുവാഭരണ ഘോഷയാത്രയ്ക്ക് വഴിയൊരുങ്ങി

pathanamthitta news
കീക്കൊഴൂർ ഈച്ചരാമണ്ണിൽപടിക്കു സമീപം തിരുവാഭരണ പാതയിൽ തകർന്ന സംരക്ഷണഭിത്തി പുനർ നിർമിച്ചശേഷം മണ്ണിട്ടു നിരപ്പാക്കിയപ്പോൾ.
SHARE

റാന്നി ∙ ശരണഘോഷങ്ങൾ മുഴക്കി പരമ്പരാഗത തിരുവാഭരണ പാതയിലൂടെ ശബരിമലയ്ക്കുള്ള ഘോഷയാത്ര കടന്നുവരാൻ മണിക്കൂറുകൾ മാത്രമാണു ബാക്കി. മകരസംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്തുന്ന ആഭരണങ്ങളെ വരവേൽക്കാൻ വീഥികളെങ്ങും ഒരുങ്ങി. ഇന്നു വൈകിട്ട് തിരുവാഭരണ ഘോഷയാത്ര അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തും. നാളെ പുലർച്ചെയാണ് അവിടെ നിന്നു പുറപ്പെടുക. മൂക്കന്നൂർ, ഇടപ്പാവൂർ, പേരൂച്ചാൽ, ആയിക്കൽ, റാന്നി ബ്ലോക്ക് ഓഫിസ്പടി, കുത്തുകല്ലുങ്കൽപടി, മന്ദിരം, ഇടക്കുളം, പള്ളിക്കമുരുപ്പ്, പേങ്ങാട്ടുകടവ്, വടശേരിക്കര, ചമ്പോൺ, മാടമൺ, പൂവത്തുംമൂട്, പെരുനാട്, മഠത്തുംമൂഴി, കൂനംകര, തേവർവേലിൽ, പുതുക്കട വഴിയാണ് ഘോഷയാത്ര ളാഹ സത്രത്തിലെത്തുന്നത്.

നിറപറയും നിലവിളക്കും ഒരുക്കി നെയ്ത്തിരി നാളങ്ങൾ തെളിച്ചാണ് ഭക്തർ തിരുവാഭരണത്തെ സ്വീകരിക്കുക.  വീഥികളെല്ലാം അലങ്കരിച്ചു. പാതകളിൽ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി. അപകട സാധ്യതയുള്ള പരമ്പരാഗത പാതയിൽ പലയിടത്തും താൽക്കാലിക വേലികൾ നിർമിച്ചിട്ടുണ്ട്. ചെറുകോൽ, റാന്നി, വടശേരിക്കര, പെരുനാട് എന്നീ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പാതകളിൽ വഴിവിളക്കുകൾ സജ്ജമാക്കി.

തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം പന്തളത്തു നിന്നു പുറപ്പെടുന്ന അയ്യപ്പന്മാർ ഇന്ന് വൈകിട്ടോടെ പരമ്പരാഗത പാതയിലൂടെ എത്തി തുടങ്ങും. വ്യക്തികളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ അവർക്കായി ലഘുഭക്ഷണം, ചുക്കുകാപ്പി, കടുംകാപ്പി, ചായ, മോരുംവെള്ളം, നാരങ്ങാവെള്ളം, പഴവർഗങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വൈദ്യ സഹായവും ഒരുക്കിയിട്ടുണ്ട്. വഴിപാ‌ടായിട്ടാണ് വ്യക്തികൾ അന്നം നൽകുന്നത്.

സൗകര്യങ്ങളൊരുക്കി ആങ്ങമൂഴിയും

സീതത്തോട് ∙ ആങ്ങമൂഴി ഇടത്താവളത്തിൽ എത്തുന്ന തീർഥാടകരെ വരവേൽക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. ആങ്ങമൂഴിയിലും സമീപ പ്രദേശങ്ങളിലുമായി  വിരിവയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് അറിയിച്ചു. നിലയ്ക്കൽ ബേസ് ക്യാപ് നിറയുമ്പോഴാണ് ആങ്ങമൂഴി ഇടത്താവളത്തിലേയ്ക്കു  വാഹനങ്ങൾ എത്തി തുടങ്ങുന്നത്.

തീർഥാടകർ തമ്പടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ചുക്കുവെള്ളം വിതരണം, താൽക്കാലിക ശുചിമുറികൾ, തെരുവ് വിളക്കുകൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി. കുളിക്കടവുകളിൽ ഗാർഡുകളെ നിയമിച്ചു.  ആങ്ങമൂഴി– സീതത്തോട് റോഡ്, ആങ്ങമൂഴി തടിഡിപ്പോ, ആങ്ങമൂഴി–കോട്ടമൺപാറ റോഡ്, ആങ്ങമൂഴി–മൂഴിയാർ റോഡ്  എന്നീ ഭാഗത്താണ് വാഹനങ്ങൾക്കു പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉള്ളത്. പമ്പയിൽ വാഹനപാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ ഇടത്താവളത്തിൽ ഇന്ന് വൈകുന്നേരത്തോടെ  വാഹനങ്ങൾ  നിറയുമെന്നുള്ള പ്രതീക്ഷയിലാണ് അധികൃതർക്ക്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama