go

സഭയുടെ ദൗത്യം ക്രിസ്തുവിനൊപ്പമുള്ള യാത്ര:ഡോ. ഏബ്രഹാം മാർ പൗലോസ്

Pathanamthitta News
മാരാമൺ കൺവൻഷനിലെ സായാഹ്ന യോഗത്തിൽ ഡോ. ഏബ്രഹാം മാർ പൗലോസ് പ്രസംഗിക്കുന്നു. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ സമീപം.
SHARE

മാരാമൺ ∙ പ്രതിസന്ധികളെ അതിജീവിച്ച് ക്രിസ്തുവിനോടു കൂടെ യാത്ര ചെയ്യലാണ് സഭയുടെ ദൗത്യമെന്ന് ഡോ. ഏബ്രഹാം മാർ പൗലോസ്. പണം, പ്രശസ്തി, ഉന്നത ബന്ധങ്ങൾ തുടങ്ങിയവയോട് അനുരഞ്ജനപ്പെട്ടു യാത്ര നിർത്തുമ്പോൾ സഭ കേവലം മതമായി മാറുന്നു. സഭ യാത്ര തുടരുമ്പോൾ വലിയ മുന്നേറ്റമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. മാരാമൺ കൺവൻഷന്റെ ആദ്യ സായാഹ്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൗകര്യങ്ങളോടും സുഖങ്ങളോടും അനുരഞ്ജനപ്പെട്ടു സഭ മുഖം വികൃതമാക്കിയ കാലത്താണ് നാം ജീവിക്കുന്നത്. വസ്തു കച്ചവടത്തിലും സ്ത്രീ പീഡനങ്ങളിലും ദേവാലയ കയ്യേറ്റത്തിലും അടക്കം ഈ വികൃത മുഖം നാം കാണുന്നു. സാക്ഷ്യം നഷ്ടപ്പെടുത്തലാണ് സഭ ചെയ്യുന്നത്. ഇതിലൂടെ ദൗത്യം നിർവഹിക്കുന്നതിനുള്ള അർഹത പോലും നമുക്ക് ഇല്ലാതാകുന്നു. 

ഉന്നതരിലെ അഴിമതിയും ജനങ്ങളുടെ ദാരിദ്ര്യവും ന്യൂനപക്ഷങ്ങൾക്കിടയിലെ അരക്ഷിതാവസ്ഥയും ഉൾപ്പെടെ രാജ്യം പ്രതിസന്ധികളെ നേരിടുമ്പോൾ പ്രത്യാശയുടെ ദൂതു നൽകാൻ സഭയ്ക്കു കഴിയുന്നുണ്ടോ എന്നു ചിന്തിക്കണം. മാന്യന്മാരുടെ സഖിത്വം മതിയെന്നു സഭ തീരുമാനിച്ചതിന്റെ ഫലമായി അവഗണിക്കപ്പെട്ടവരെ നെഞ്ചിലേറ്റാനുള്ള അവസരങ്ങൾ നമ്മൾ നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തു സഞ്ചരിച്ചിടത്തേക്ക്, ക്രിസ്തു സ്നേഹിച്ചവരെ തേടി നാം യാത്ര ചെയ്യണം. ഒപ്പമുള്ളതിനു വേണ്ടിയല്ല, നഷ്ടപ്പെട്ട ഒന്നിനെ തേടിയാണ് ക്രിസ്തു സഞ്ചരിച്ചത്. പ്രതിസന്ധികൾ ഉണ്ടാകും. ഈ പ്രയാണം മതപരിവവർത്തനത്തിനു വേണ്ടിയല്ല, മനഃപരിവർത്തനത്തിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

വിലയില്ലാത്തതിന് വില കണ്ടെത്തുന്നതാണ് ക്രിസ്തുവിന്റെ ഭാവം. ക്രിസ്തുവിന്റെ യാത്രകളൊന്നും വിനോദ യാത്രകൾ ആയിരുന്നില്ല. ജീവനു വേണ്ടിയുള്ള ഞരക്കങ്ങൾ കേട്ടുകൊണ്ടുള്ള യാത്രയായിരുന്നു.സമൂഹത്തിൽ പുറംതള്ളപ്പെട്ടു കിടന്ന ട്രാൻസ്ജെൻഡേഴ്സിനു വേണ്ടി മാർത്തോമ്മാ സഭ ശബ്ദമുയർത്തുന്നത് മാതൃകാപരമാണ്. അവരിൽ നിന്ന് വൈദികർ ഉണ്ടാകണമെന്നു താൻ ആഗ്രഹിക്കുന്നു. ഇത്രയും നാളായി സ്ത്രീകൾക്കു സാധിക്കാത്തതാണോ ട്രാൻസ്ജെൻഡേഴ്സിനു സാധിപ്പിച്ചു നൽകാൻ ആഗ്രഹിക്കുന്നതെന്നു ചോദിച്ചാൽ സ്ത്രീകളുടെ ചോദ്യത്തെ താൻ എതിർക്കില്ലെന്നും മാർ പൗലോസ് പറഞ്ഞു. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് അധ്യക്ഷനായിരുന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama