go

കുളങ്ങരക്കാവ്-കുഴിക്കാട് റോഡിലൂടെ കുഴിതാണ്ടി പോകണം

Pathanamthitta News
നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയ വായ്പൂര് കുളങ്ങരക്കാവ്-കുഴിക്കാട് റോഡിൽ കുഴികൾ നിറഞ്ഞനിലയിൽ. വശങ്ങളിൽ കാടുകൾ നിറഞ്ഞതും കാണാം
SHARE

വായ്പൂര് ∙ നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയ കോട്ടാങ്ങൽ പഞ്ചായത്തിലെ കുളങ്ങരക്കാവ്-കുഴിക്കാട് റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു.

പ്രധാനമന്ത്രി റോഡ് വികസന പദ്ധതി പ്രകാരം 4 വർഷം മുൻപ് തുടങ്ങിയ പണികൾ പൂർത്തീകരിക്കാത്തതാണ് പ്രദേശവാസികൾക്ക് ദുരിതം സമ്മാനിക്കുന്നത്. നവീകരണ പ്രവർത്തനത്തിന് തുടക്കംകുറിച്ച് റോഡിൽ മിക്കയിടങ്ങളിലും വീതികൂട്ടിയിരുന്നു. ഇതിനായി മിക്കയിടങ്ങളിലും വശത്തെ സംരക്ഷണഭിത്തിയും പൊളിച്ചു നീക്കിയിരുന്നു. കരിങ്കല്ല് ഉപയോഗിച്ച് നാമമാത്രമായ സ്ഥലത്ത് സംരക്ഷണഭിത്തിയുടെ പുനർനിർമാണമേ അന്ന് നടത്തിയിരുന്നുള്ളൂ.

വീതികൂട്ടുന്നതിനെടുത്ത മണ്ണും സംരക്ഷണഭിത്തി നിർമിക്കുന്നതിനു ഇറക്കിയ പാറക്കല്ലുകളും വാഹനയാത്ര ക്ലേശകരമാക്കുന്നു.

നൂറുകണക്കിന് ആളുകൾ ദിവസവും യാത്ര ചെയ്യാനുപയോഗിക്കുന്ന റോഡാണ്. പത്തിലധികം സ്കൂൾ ബസുകളും കടന്നു പോകുന്നുണ്ട്. റോഡിന്റെ വശങ്ങൾ ഇടിച്ചിട്ടിരിക്കുന്നതു മൂലം വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും ഏറെ ബുദ്ധിമുട്ടാണ്. വശങ്ങളിൽ കാടു കയറിയതുമൂലം സ്ഥലപരിചയമില്ലാത്ത വാഹനങ്ങൾ കുഴിയിലകപ്പെടാനും സാധ്യതയേറെയാണ്. ഇതിനിടയിൽ ഒട്ടേറെ അപകടങ്ങളുണ്ടായതായി പ്രദേശവാസികൾ പറയുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് മുൻകാലങ്ങളിൽ ടാറിങ് നടത്തിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. 

പ്രധാനമന്ത്രി റോഡ് വികസന പദ്ധതി പ്രകാരമുള്ള നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയശേഷം പണികൾ മുടങ്ങിയതോടെ സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മിക്കയിടങ്ങളിലും കുഴികളും വ്യാപിച്ചു. 

നാളുകളായി മുടങ്ങിക്കിടക്കുന്ന നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ കരാറുകാരനെ അറിയിക്കണമെന്നും നടപടിയുണ്ടാകാത്തപക്ഷം പൊതുമരാമത്ത് റോഡ് ഏറ്റെടുത്ത് സഞ്ചാരയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama