go

സുരേന്ദ്രന്റെ പര്യടനം പകർത്തി വിദേശ മാധ്യമസംഘം

Pathanamthitta News
എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പകർത്തുന്ന ന്യൂയോർക്ക് ടൈംസ് ചാനൽ ക്യാമറാമാൻ ചിത്രം.മനോരമ
SHARE

എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ ആറന്മുള നിയോജക മണ്ഡലത്തിലെ പര്യടനത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത് തറയിൽമുക്ക് ജംക്‌‌ഷനിൽ രാവിലെ 8.30നായിരുന്നു, വേദിയും അലങ്കാരങ്ങളും സജ്ജമായിരുന്നെങ്കിലും നിശ്ചയിച്ച സമയം പിന്നിട്ടിട്ടും സംഘാടകർ  എത്തിയില്ല. എന്നാൽ, വിദേശ മാധ്യമമായ ന്യൂയോർക്ക് ടൈംസിന്റെ വാർത്താ സംഘം കൃത്യസമയത്ത് സ്ഥലത്തെത്തി കാത്തു നിന്നു.2 മണിക്കൂറോളം വൈകി ചടങ്ങുകൾ തുടങ്ങിയതോടെ വനിത അടങ്ങുന്ന വാ‍ർത്താ സംഘവും ഉഷാറായി. സ്വീകരണവും നന്ദി പ്രകടനവുമെല്ലാം അവർ ക്യാമറയിൽ ഒപ്പിയെടുത്തു. സ്ഥാനാർഥി തുറന്ന വാഹനത്തിൽ കയറിയതോടെ മൂന്നംഗം സംഘവും കൂടെ കയറി.കോഴിപ്പാലം, നീർവിളാകം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷമാണ് പര്യടനം എഴിക്കാട് കോളനിയിലെത്തിയത്. ഇവിടെ സ്വീകരണം പൂർത്തിയായതോടെ സുരേന്ദ്രനുമായുള്ള കൂടിക്കാഴ്ചയും പകർത്തിയാണ് സംഘം മടങ്ങിയത്.

ആറാട്ടുപുഴയിലെ സ്വീകരണം വള്ളപ്പാട്ടിന്റെ അകമ്പടിയോടെയായിരുന്നു. ഇരുചക്രവാഹനങ്ങളിൽ അകമ്പടിയായെത്തുന്നവർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണമുള്ള കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.പ്രളയം ദുരിതം വിതച്ച എഴിക്കാട് കോളനിവാസികൾ സ്ഥാനാർഥിയെ കാത്തു നിൽക്കുകയായിരുന്നു. അവരെ സുരേന്ദ്രൻ കൈവീശി അഭിവാദ്യം ചെയ്തു.നീർവിളാകം ധർമശാസ്താ ക്ഷേത്രത്തിന് മുൻപിലെ സ്വീകരണ വേദി ആൽമരച്ചുവട്ടിലായിരുന്നു. സ്ഥാനാർഥി എത്തി ക്ഷേത്രത്തിലേക്ക് കയറിയതോടെ ആൾക്കൂട്ടവും പിന്നാലെ. തിരികെ വേദിയിലെത്തും വരെ പൂക്കൾ വിതറിയും മുദ്രാവാക്യം വിളിച്ചും സ്വീകരണം.

കുളനട ഞെട്ടൂരിൽ ഭക്ഷണത്തിനു ശേഷം ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയുടെ വീട്ടിൽ  വിശ്രമം. 3.30നാണ് പത്തനംതിട്ട നടുവത്തുക്കാവിലെ സ്വീകരണ സമയം. അൽപം വൈകി‌യാണ് എത്തിയതെങ്കിലും  വലിയ ജനക്കൂട്ടം കാത്തു നിന്നിരുന്നു.സമയക്കുറവ് കാരണം വാഴമുട്ടം ജംക്‌ഷനിലും ഓമല്ലൂരിലും സ്വീകരണം വേഗത്തിൽ പൂർത്തിയാക്കി.ചെന്നീർക്കര, മെഴുവേലി, കുളനട പഞ്ചായത്തുകളിലെ പര്യടനവും ഇന്നലെ നടന്നു. ബിജെപി സംസ്ഥാന സമിതി അംഗം വി.എസ്.ഹരീഷ്ചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി ഷാജി ആർ.നായർ തുടങ്ങിയവർ   നേതൃത്വം നൽകി.സുരേന്ദ്രൻ നാളെ ശബരിമലയിൽ ദർശനം നടത്തും. ഇന്നത്തെ പര്യടനത്തിന് ശേഷം രാത്രി മല ചവിട്ടും. വിഷു ദിനത്തിൽ പുലർച്ചെ ദർശനത്തിന് ശേഷം കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama