go

ദലൈലാമയുടെ വിനയപാഠങ്ങളുമായി നാട്ടിൽ, തനി നാട്ടിൻപുറത്തുകാരിയായി വീട്ടിൽ

Pathanamthitta News
രാഷ്​ട്രീയത്തിനപ്പുറം... എൽഡിഎഫ് സ്​ഥാനാർഥി വീണാ ജോർജ് സ്വന്തം പുരയിടത്തിനു സമീപത്തെ തൊടിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പം പശുക്കളെ പരിപാലിക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ∙മനോരമ
SHARE

ദേശീയ രാഷ്ട്രീയത്തിലേക്ക് പോയ സംസാരത്തെ എരിവുള്ള കടലക്കറിയാണ്  പത്തനംതിട്ടയിലേക്ക് തിരിച്ചെത്തിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയ ശേഷം എംഎൽഎ അടുക്കളയിൽ കയറിയിട്ടില്ല. വീട്ടിൽ നിന്ന് കഴിക്കാറുമില്ല. രാവിലെ കഴിക്കാൻ മനോരമ സംഘവുമുണ്ടെന്ന് നേരത്തെ അറിയിച്ചതോടെയാണ് അടുക്കളയിലേക്ക് പര്യടനം വഴിമാറ്റിയത്.ആ ഒരു മാസത്തെ  അടുക്കളയിലെ ‘ ഗ്യാപാണ് ’ അപ്പത്തിനൊപ്പമുള്ള കടലക്കറിക്ക് എരിവ് കൂടാൻ കാരണം. വോട്ടിന്റെ കണക്ക് കൃത്യമാക്കാനുള്ള ഓട്ടത്തിൽ എരിവിന്റെ കണക്കൊന്നു പാളി.

ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയുൾപ്പെടെ 450 പ്രമുഖരുമായി അഭിമുഖം നടത്തിയ മാധ്യമപ്രവർത്തക രാഷ്ട്രീയക്കാരിയാകുമ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം കൃത്യമാകാതെ തരമില്ല. വാക്കിന്റെ മിതവ്യയവും പദ ശ്രദ്ധയുമാണ് വീണാ ജോർജിന്റെ  സംഭാഷണ പ്രത്യേകത. വോട്ടു കണക്കും വോട്ടുവഴിമാറ്റവുമൊക്കെ ചോദിച്ചപ്പോൾ ചിരികൾ ചില  ചോദ്യങ്ങളെ വിഴുങ്ങി. അതൊക്കെ പാർട്ടി പറയും. എന്റെ ദൗത്യം പരമാവധി പേരെ കണ്ട് വോട്ടഭ്യർഥിക്കുകയെന്നതാണ്. 3 സ്ഥാനാർഥികൾക്കും 15 ദിവസം മുൻപേ പ്രചാരണം തുടങ്ങിയ വീണ 3 ഘട്ട പ്രചാരണം പൂർത്തിയാക്കി.

എംഎൽഎയായ വീണാ ജോർജിനെ തന്നെ എന്തിനാണ് സ്ഥാനാർഥിയാക്കിയതെന്ന് ചോദിച്ചാൽ സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ തന്നെ വിജയം കൂടെ പോന്നുവെന്നാണ് പ്രവർത്തകരുടെ പറച്ചിൽ.  ഇൗ അങ്കത്തിന് എൽഡിഎഫിന് പത്തനംതിട്ടയിൽ  മാറ്റച്ചുരികയുമില്ല, മാറ്റിയെടുക്കാൻ ആളുമുണ്ടായിരുന്നില്ല. വീണാ ജോർജിൽ ഒരു അവസരം കൂടി കാണുകയാണ് മുന്നണി. ഇടതുപക്ഷ വോട്ടുകൾക്കപ്പുറം വോട്ടുറവിടങ്ങൾ വീണാ ജോർജിലൂടെ ഇടതിന്റെ പെട്ടിയിലെത്തിക്കാമെന്ന് മുന്നണി കരുതുന്നു.പത്തനംതിട്ടയുടെ രാഷ്ട്രീയ തലവര വീണ മാറ്റിയെഴുതുമോ എന്ന് ചോദിച്ചപ്പോൾ ചെവിയോർത്തു കേൾക്കൂ, മാറ്റത്തിന്റെ കാറ്റടിക്കുന്നതു കേൾക്കാമെന്ന് മറുപടി.

ഓരോ ദിവസവും ആത്മവിശ്വാസം വന്നു നിറയുകയാണെന്ന് വീണാ ജോർജ് പറയുന്നു.  തിരഞ്ഞെടുപ്പിന്റെ സൂര്യാതപം ഏറെ ഏൽക്കുന്ന പത്തനംതിട്ടയിലാണെങ്കിലും വീണയ്ക്ക് തളർച്ചയില്ല. രാവിലെ ഭക്ഷണം കഴിക്കാൻ സമയം കിട്ടാറില്ല. മക്കൾക്കും ഭർത്താവിനും അമ്മയ്ക്കുമൊപ്പമിരുന്ന് പ്രാർഥിക്കാൻ മാത്രം സമയം കണ്ടെത്തും.രാവിലെ 6.30ന് ഇറങ്ങും. ഓരോ സ്ഥലത്തും നിന്നും പാർട്ടി പ്രവർത്തകർ നൽകുന്ന കരിക്കും സ്വീകരിക്കാനെത്തുന്ന അമ്മമാരുടെ ആവേശവുമാണ് ഉൗർജം. രാത്രി 11.30 വരെയാണ് പ്രചാരണം.

75,000 വോട്ടിന് വിജയിക്കുമെന്ന് വീണാ ജോർജ് പറയുന്നു. ഇതിന് അടിസ്ഥാനം പ്രചാരണത്തിൽ ക്യതൃമായി മുന്നോട്ടുനീങ്ങാൻ കഴിയുന്ന പാർട്ടിയുടെ പേശീബലത്തെ അടിസ്ഥാനമാക്കിയാണ്. എതിരാളിയുടെ കുറ്റം പറയാനൊന്നും ഞാനില്ല, ക്രിയാത്മക കാര്യങ്ങൾ പറഞ്ഞാണ് ഞാൻ മുന്നോട്ടുപോകുന്നത്. ആരെ കണ്ടാലും വിനയത്തോടെ ചിരിച്ചു സംസാരിക്കാൻ ശ്രമിക്കുന്നു.  വിധി നിർണയിക്കുന്നത് അതാകുമെന്ന് ഒപ്പം നിൽക്കുന്നവർ.ഇൗ വിനയം പഠിച്ചത് എവിടെ നിന്നാണെന്ന് ചോദിച്ചാൽ ദലൈലായ്മയുടെ കഥയാണ്  മറുപടി. കണ്ടതിൽ വച്ച് വിസ്മയകരമായി വിനയം കാണിക്കുകും വിനയത്തെക്കുറിച്ചു പറയുകയും ചെയ്തത് അദ്ദേഹമായിരുന്നുവെന്ന് വീണ.

എതിരാളികളുടെ വിമർശനത്തെ നേരിടുമ്പോൾ രൂക്ഷമായ ഭാഷയും പ്രയോഗിക്കും. പ്രളയം ഇങ്ങോട്ടെറിഞ്ഞാൽ വികസനം തിരിച്ചെറിയും. പ്രളയത്തിൽ നിന്ന് പത്തനംതിട്ടയെ നിർമിച്ചെടുക്കാൻ നടത്തിയ പദ്ധതികൾ വിവരിക്കും.പ്രചാരണ വാഹനങ്ങൾ സ്ഥാനാർഥിയെ തേടി അനൗൺസ്മെന്റുമായി വീടിന് മുന്നിലെത്തിക്കഴിഞ്ഞു. മക്കളുടെ വേനലവധി സ്വപ്നങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ തട്ടിത്തകർന്നു.  അതിന്റെ വിഷമം തീർക്കാൻ 9–ാംക്ലാസുകാരി അന്നയും 5–ാം ക്ലാസുകാരൻ ജോസഫും അമ്മയ്ക്കൊപ്പം പ്രചാരണത്തിന് മിക്കപ്പോഴും കൂടും. ഭർത്താവ് ജോർജ് ജോസഫ് പ്രചാരണ കാര്യങ്ങളുടെ മേൽനോട്ടവുമായി മറ്റു വഴികളിലൂടെ...

ഇറങ്ങും മുൻപ് വീടിന് മുന്നിലെ കൃഷിയിടത്തിലേക്ക്. എന്തെടുത്താലും ൈജവമാണ്. പച്ചക്കറിയും നെല്ലും എല്ലാം ജൈവകൃഷി. പാടത്ത് വീട്ടുകാരിയായ എംഎൽഎയെ കാത്തുനിൽപ്പുണ്ട് ഇവിടത്തെ പശുക്കൾ. ഗുജറാത്തിൽ നിന്നുള്ള സഹിവാൾ പശുവിന്റെയും കാസർകോഡ് കുള്ളന്റെയും കിടാവുകളെ തടവി അടുത്തുകൂടി. ഒരു മാസം മുൻപായിരുന്നു പ്രസവം.  തിരഞ്ഞെടുപ്പ് വന്നതോടെ ഇവരുടെ പേരിടൽ പോലും മുടങ്ങി.സഹിവാൾ ഇനം ഗുജറാത്തിൽ നിന്നാണല്ലേ...എന്ന ചോദ്യത്തിന് എംഎൽഎയുടെ മറുപടി..
‘‘അത് നരേന്ദ്ര മോദിക്കും മുൻപേ ഗുജറാത്തിലുള്ളതാ. അവിടെത്തെ നാടനാണ്..’’

വീണ വന്ന വഴികൾ...

93% മാർക്കോടെ 10–ാം ക്ലാസ് വിജയം

ഗവൺമെന്റ് വിമൻസ് കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും ബിഎഡും. എംഎസ് സി റാങ്ക് ജേതാവ്

സർവകലാശാല കലാതിലകം. സർവകലാശാല മൽസരങ്ങളിൽ മോഹിനിയാട്ടത്തിലും മോണോ ആക്ടിലും എറെക്കാലും ഒന്നാം സ്ഥാനം .

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ മുൻ അധ്യാപിക

മാധ്യമ രംഗത്ത് എക്സിക്യൂട്ടീവ് എഡിറ്റർ പദവിയിലെത്തുന്ന വനിത

ചാനൽ രംഗത്ത് ദീർഘകാലം മാധ്യമപ്രവർത്തക.

സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ മാധ്യമ അവാർഡുകൾ. മികച്ച നിയമസഭാ സമാജികയ്ക്കുള്ള പുരസ്കാരവും ലഭിച്ചു

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama