go

കേരളത്തിലെ മഴയ്‌ക്കു പിന്നിൽ മേഘസ്‌ഫോടനത്തിന്റെ കാണാക്കൈകൾ

NILAMBUR-RAIN-kerala-floods
SHARE

പത്തനംതിട്ട ∙ കേരളത്തെ വീണ്ടും പ്രളയക്കെടുതികളിലേക്കു തള്ളിയിട്ട ന്യൂനമർദ മഴയ്‌ക്കു പിന്നിൽ മേഘസ്‌ഫോടനത്തിന്റെയും കാലാവസ്‌ഥാ മാറ്റത്തിന്റെയും കാണാക്കൈകളും. ഒരു മണിക്കൂറിൽ 10 സെമീ (100 മില്ലീമീറ്റർ) മഴ ഒരു പ്രദേശത്ത് പെയ്‌തിറങ്ങുന്നതിനെയാണു മേഘസ്‌ഫോടനമായി കരുതുന്നത്. 2017 ൽ ഉത്തരാഖണ്ഡിലും 2014 ൽ ജമ്മുവിലും തെഹ്‌രിയിലും കഴിഞ്ഞ വർഷം കർണാടകത്തിലും മേഘസ്‌ഫോടനം ഉരുൾപ്പൊട്ടലിലാണു കലാശിച്ചത്.

കഴിഞ്ഞ ദിവസം കേരളത്തിന്റെ പശ്‌ചിമഘട്ടം സാക്ഷ്യം വഹിച്ചതു ഇത്തരമൊരു മേഘസ്‌ഫോടനത്തിനു തന്നെയെന്നു സംശയിക്കാവുന്ന വിധമായിരുന്നു മഴയുടെ ശക്‌തി. വയനാട്ടിലും പാലക്കാട്ടും 36–40 സെ.മീക്കു മുകളിലും ലോവർ പെരിയാർ അണക്കെട്ടു പ്രദേശത്ത് 45 സെമീയുമായിരുന്നു മഴയുടെ തീവ്രത. കുറ്റ്യാടി, തരിയോട് പോലെയുള്ള അണക്കെട്ടുകളിൽ 43 സെമീ വരെയും തെക്കോട്ട് ശബരിമല– പമ്പാ ഡാം പ്രദേശത്ത് 20 സെമീ വരെയായിരുന്നു മഴ. തമിഴ്‌നാട്ടിലെ ഊട്ടിയിൽ അവലാഞ്ച് പ്രദേശത്ത് 91.1 സെമീ മഴ ലഭിച്ചത് റെക്കോർഡാണു. ഇതു മേഘസ്‌ഫോടന ഫലമായിരിക്കാമെന്നാണു വിദഗ്‌ധർ പറയുന്നത്.

floods-rescue-1

കർക്കടകത്തിലും ഇടിയും മിന്നലും

കേരളത്തിന്റെ മലയോരത്ത് 20 മുതൽ 40 വരെ സെമീ വ്യാപക മഴ ലഭിക്കണമെങ്കിൽ കരുത്തുറ്റ മേഘങ്ങളുടെ പിൻബലവും ന്യൂനമർദത്തിന്റെ അകമ്പടിയും വേണം. കൂമ്പാര മേഘങ്ങളുടെ (ക്യൂമുലോ നിംബസ്) രൂപപ്പെടൽ മൂലമാണ് മഴ ശക്‌തമായതെന്ന് കൊച്ചി സർവകലാശാലാ റഡാർ വിഭാഗം അസോഷ്യേറ്റ് ഡയറക്‌ടർ ഡോ. എസ്.അഭിലാഷ് പറഞ്ഞു.

സാധാരണ കാലവർഷ മേഘങ്ങൾക്ക് 4 കിമീ വരെയാണ് ഉയരം. 12 കിമീ വരെ ഉയരമുള്ള ഇത്തരം ആലക്‌തിക മേഘങ്ങൾ വൈദ്യുതി ചാർജ് പ്രവഹിപ്പിച്ച് മുറിഞ്ഞു വീണ് ഉരുൾപൊട്ടൽ ഉണ്ടാക്കാറുണ്ട്. അണപൊട്ടി വെള്ളം ഇറങ്ങുന്ന പ്രതിഭാസമാണിത്. മേഘങ്ങൾ ഇങ്ങനെ പൊട്ടി വീണോ എന്ന കാര്യം പഠനവിധേയമാകണം. മഴയുടെ പെയ്‌ത്തു രീതിയും സംഹാരശേഷിയും വർധിക്കുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച പുതിയ പഠനങ്ങളും അതനുസരിച്ചു മലയോരത്തെ ജനവാസ മേഖലയെ വേർതിരിക്കാനും നടപടി വേണം.

Idukki Floods

മേഘസ്‌ഫോടന സാധ്യതയെന്ന വാദത്തെ കാലാവസ്‌ഥാ വകുപ്പ് അംഗീകരിക്കുന്നില്ല. പൂർണമായും തള്ളിക്കളയുന്നുമില്ല. മൺസൂൺ ശക്‌തിപ്പെടുമ്പോഴുള്ള അതിതീവ്രമഴയാണിതെന്നാണ് അവരുടെ വാദം. കാലാവസ്‌ഥാ മാറ്റം മഴയുടെ പെയ്‌ത്തു രീതികളെ മാറ്റിമറിക്കയാണ്. മഴനിഴൽ പ്രദേശമായ ഉദുമൽപ്പേട്ടയിലും മറ്റും കഴിഞ്ഞ ദിവസം 7 സെമീ മഴ ലഭിച്ചത‌് മഴയുടെ മാറുന്ന രീതികൾക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കർക്കടക മാസത്തിൽ പതിവില്ലാത്ത ഇടിമിന്നലും പുതിയ പ്രതിഭാസമാണ്.

ഊട്ടിയിൽ റെക്കോർഡു മഴ

കേരളവും തമിഴ്‌നാടും ഉൾപ്പെടുന്ന പശ്‌ചിഘട്ട മലനിര ഈയാഴ്‌ച സാക്ഷ്യം വഹിച്ചത് റെക്കോർഡു ഭേദിക്കുന്ന മഴക്കാലത്തിന്. ദക്ഷിണേന്ത്യയിൽ ലഭിച്ചതിൽ വച്ചേറ്റവും വലിയ മഴയ്‌ക്കാണ് കഴിഞ്ഞ ദിവസം ഊട്ടി സാക്ഷ്യം വഹിച്ചതെന്നാണു നിഗമനം. ഇവിടെ എട്ടാം തീയതി രാവിലെ അവസാനിച്ച 24 മണിക്കൂറിൽ പെയ്‌തിറങ്ങിയത് 91.1 സെമീ മഴ. കേരളത്തിൽ കൊയിലാണ്ടിയിൽ 1961 മേയ് മാസം പെയ്‌ത 91 സെമീ മഴയാണ് ഇതിന്റെ തൊട്ടടുത്തുള്ള റെക്കോർഡെന്ന് നിരീക്ഷകർ പറയുന്നു.

രാജ്യത്ത് കഴിഞ്ഞ 140 വർഷത്തിനിടെ 24 മണിക്കൂറിൽ പെയ്‌തിറങ്ങിയ റെക്കോർഡ് മഴകൾ ഇവയാണ്:

ചിറാപുഞ്ചി ∙ 1995 ജൂൺ 16 – 156 സെമീ
അമ്‌നിദ്വീപ് ∙ 2004 മെയ് 6– 116 സെമീ
മുംബൈ ∙ 2005 ജൂലൈ 27– 104 സെമീ,
ചിറാപുഞ്ചി ∙ 1876 ജൂൺ 14– 103 സെമീ
മേഘാലയ ∙ 1877 സെപ്‌റ്റംബർ 11– 102 സെമീ

അംബർനാഥ് ∙ 2005 ജൂലൈ 27– 101 സെമീ
ചിറാപുഞ്ചി ∙ 1910 ജൂലൈ 12– 99 സെമീ
മൗസിൻറാം മേഘാലയ ∙ 1952 ജൂലൈ 10– 99 സെമീ
ധരമപൂർ ഗുജറാത്ത് ∙ 1941 ജൂലൈ 2– 98 സെമീ
ചിറാപുഞ്ചി ∙ 1974 സെപ്‌റ്റംബർ 13– 98 സെമീ

മൗസിൻറാം മേഘാലയ ∙ 1982 ഓഗസ്‌റ്റ് 4– 98 സെമീ
മണിപ്പൂർ ∙ 1970 ഓഗസ്‌റ്റ് 10– 98 സെമീ
ചിറാപുഞ്ചി ∙ 1956 ജൂൺ 5– 97 സെമീ
മൗസിൻറാം മേഘാലയ ∙ 1966 ജൂൺ 7– 94 സെമീ
സാന്താക്രൂസ് ∙ 2005 ജൂലൈ 27– 94 സെമീ

മണിപ്പൂർ ∙ 1970 ജൂലൈ 28– 94 സെമീ
ചിറാപുഞ്ചി ∙ 1995 ജൂൺ 15– 93 സെമീ
ഗുണ മധ്യപ്രദേശ് ∙ 1982 ഓഗസ്‌റ്റ് 23– 92 സെമീ
ചിറാപുഞ്ചി ∙ 1934 ജൂൺ 27– 92 സെമീ
കൊയിലാണ്ടി കേരളം ∙ 1961 മേയ് 28– 91 സെമീ

ചിറാപുഞ്ചി ∙ 1970 ജൂൺ 25– 90 സെമീ
പൂർണിയ ബിഹാർ ∙ 1879 സെപ്‌റ്റംബർ 13–90 സെമീ
ചിറാപുഞ്ചി ∙ 1955 ഓഗസ്‌റ്റ് 10– 85 സെമീ
ബാഗമണ്ഡല കർണാടക ∙ 1924 ജൂലൈ 25– 84 സെമീ
ചിറാപുഞ്ചി ∙ 1910 ജൂലൈ 12– 83 സെമീ

അവലാഞ്ച് ഊട്ടി ∙ 2019 ഓഗസ്‌റ്റ് 8– 82 സെമീ
കേറ്റി ഊട്ടി ∙ 2009 നവംബർ 10– 82 സെമീ
നഗിനൂർ യുപി ∙ 1880 സെപ്‌റ്റംബർ 18– 82 സെമീ
ചിറാപുഞ്ചി ∙ 1916 മേയ് 25– 81 സെമീ
ബാനോ ബിഹാർ ∙ 1959 സെപ്‌റ്റംബർ 13– 81 സെമീ
ഹർണാ മഹാരാഷ്‌ട്ര ∙ 1968 ഓഗസ്‌റ്റ് 5– 80 സെമീ

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama