go

രോഗങ്ങൾക്കെതിരെ ജാഗ്രത വേണം

SHARE

പത്തനംതിട്ട ∙ പ്രളയബാധിത പ്രദേശങ്ങളിൽ പലതരം രോഗങ്ങൾ പടരാനുള്ള സാഹചര്യം ഉണ്ടെന്നും ഇതിനെതിരെ അതീവ ശ്രദ്ധയും പ്രവർത്തനവും ഉണ്ടാകണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എലിമൂത്രം കലർന്ന വെള്ളവുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ള എല്ലാവരും എലിപ്പനി രോഗത്തിനെതിരെയുള്ള ഡോക്‌സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കണം. 100 മില്ലിഗ്രാമിന്റെ രണ്ടു ഗുളിക ഒരുമിച്ച് ആഴ്ചയിൽ ഒരിക്കൽ മുൻകരുതലായി മുതിർന്ന ആളുകൾ കഴിക്കണം.

പ്രായ വ്യത്യാസം അനുസരിച്ച് ഡോസിന് വ്യത്യാസമുണ്ട്. ഗുളിക എല്ലാ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. ഓരോ പ്രളയ പുനരധിവാസ കേന്ദ്രങ്ങളിലും ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അല്ലെങ്കിൽ ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ആരോഗ്യ ചുമതലകൾക്കായി ഉണ്ടാകും. ഇതു കൂടാതെ ഓരോ കേന്ദ്രങ്ങളിലും ഒരു ഡോക്ടർ ഉൾപ്പെടെയുള്ള സഞ്ചരിക്കുന്ന മെഡിക്കൽ സംഘം ദിവസവും എത്തി പരിശോധനയും ചികിത്സയും നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.എൽ. ഷീജ അറിയിച്ചു.

എലിപ്പനിക്കു പുറമേ ചെളിയിലും മണ്ണിലും അപൂർവമായി കാണപ്പെടുന്ന  പ്രത്യേക രോഗാണു മൂലം ഉണ്ടാകുന്ന പനിയും മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ഡിഎംഒ അറിയിച്ചു. ഈ രോഗത്തിന് പ്രതിരോധ മരുന്നുകൾ നിലവിൽ ലഭ്യമല്ല. ചെളിയിലും മണ്ണിലും കാലുറകൾ ഇല്ലാതെ ഇറങ്ങരുത്.

ചെളിയിൽ ഇറങ്ങേണ്ട സാഹചര്യമുണ്ടായാൽ കൈകാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. എന്തെങ്കിലും പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. ആവശ്യത്തിന് ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും സേവന സന്നദ്ധരായി ആരോഗ്യ കേന്ദ്രങ്ങളിലും ക്യാംപുകളിലും ഉണ്ട്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാണ്.

8 പേർക്ക് കൂടി ഡെങ്കിപ്പനി സംശയം

പത്തനംതിട്ട ∙ ജില്ലയിൽ 8 പേർക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. തിരുവല്ല, പന്തളം, റാന്നി–അങ്ങാടി, റാന്നി, കൊക്കാത്തോട്, കോയിപ്രം എന്നിവിടങ്ങളിലാണ് രോഗബാധ. 8 പേർക്ക് ചിക്കൻപോക്സ് പിടിപെട്ടു. പനി ബാധിച്ച്  ആശുപത്രികളിൽ 385 പേരെത്തി. 37 പേർ വയറിളക്ക രോഗത്തിന് ചികിത്സ തേടി.

ഭക്ഷണം തയാറാക്കുമ്പോൾ ശ്രദ്ധിക്കുക

∙ കുടിക്കാൻ തിളപ്പിച്ച് ആറിയ വെള്ളം ഉപയോഗിക്കുക. വെള്ളത്തിന്റെ സ്രോതസ്സ് ശുദ്ധമാണെന്ന് ഉറപ്പാക്കുക.
∙ പച്ചക്കറികൾ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം അരിയുക.
∙ നിലവാരമുള്ള ഭക്ഷ്യവസ്തുക്കളും പാത്രങ്ങളും എണ്ണയും ഉപയോഗിക്കുക
∙ ഉള്ളി തൊലികളഞ്ഞോ അരിഞ്ഞോ അധികനേരം തുറന്നു വയ്ക്കരുത്
∙ പരിപ്പും പയറു വർഗങ്ങളും ഉണങ്ങിയ ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കുന്നതിനു മുമ്പ് പൂപ്പൽ ഉണ്ടോ എന്നു പരിശോധിക്കുക.
∙ ചോറ് അൽപം വേവ് കൂടിയാലും കുഴപ്പമില്ല. വേവാത്ത ചോറ് വയറ്റിൽ നോവുണ്ടാക്കും
∙ മുരിങ്ങയ്ക്ക പോലുള്ള പച്ചക്കറികൾ നന്നായി വേവിക്കണം.
∙ ചെമ്പ് പാത്രങ്ങളിലെ ക്ലാവ് വിഷവസ്തുവായതിനാൽ അത്തരം പാത്രങ്ങൾ ഒഴിവാക്കുകയോ നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക

∙ പാൽ ഉപയോഗിക്കും മുമ്പ് കേടായതല്ല എന്ന് ഉറപ്പാക്കണം കവറിൽ വരുന്നവയുടെ കാലാവധി നോക്കുക
∙ പാചകം നടത്തുന്ന അടുക്കളയും പരിസരവും ശുചിയായി സൂക്ഷിക്കണം.
∙ പാചകക്കാരുടെ വ്യക്തി ശുചിത്വം പ്രധാനമാണ്. രോഗമുള്ളവരെ മാറ്റി നിർത്തണം. വിരലും നഖവും കൈയും വൃത്തിയുള്ളതായിരിക്കണം വിവരങ്ങൾക്ക് കടപ്പാട്: ആർ.ജനാർദനൻ, മാനേജർ ആര്യാസ് ഹോട്ടൽ തിരുവല്ല.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama