go

മഴപ്പേടി മാറാതെ റാന്നി; പമ്പയിലെ ജലനിരപ്പിൽ നേരിയ കുറവ്

Pathanamthitta News
കുരുമ്പൻമൂഴി കോസ്‌വേയിൽ കുടുങ്ങിയ ത‌ടികൾ നീക്കം ചെയ്യുന്നു.
SHARE

റാന്നി ∙ രാവിലെ മാനം കറുത്ത്, പിന്നീട് ഉച്ചവെയിൽ, സന്ധ്യയോടെ കാർമേഘം മൂടി. താലൂക്ക് പ്രദേശം ഇന്നലെയും പ്രളയജല ഭീതിയിൽ. പമ്പാനദിയിൽ ജലനിരപ്പ് അൽപം കുറഞ്ഞെങ്കിലും പ്രളയഭീതി വിട്ടൊഴിഞ്ഞിട്ടില്ല. വെള്ളപ്പൊക്കത്തിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ പ്രദേശങ്ങൾ. ഇവിടെ കോസ്‌വേകളിൽ നിന്ന് വെള്ളം പൂർണമായും  ഇറങ്ങിയി‌ട്ടില്ല. കുരുമ്പൻമൂഴി കോസ്‌വേ 3 ദിവസമായി വെള്ളത്തിലായിരുന്നു. അരയാഞ്ഞിലിമണ്ണ്  കോസ്‌വേയിൽ അടിഞ്ഞ തടികൾ കഴിഞ്ഞ ദിവസം നാട്ടുകാരുടെയും അഗ്നിശമന രക്ഷാസേനയുടെയും നേതൃത്വത്തിൽ മുറിച്ചു മാറ്റിയിരുന്നു. കുരുമ്പൻമൂഴി കോസ്‌വേയിൽ അടിഞ്ഞ കൂറ്റൻ തടികൾ ഇന്നലെയാണ് നീക്കം ചെയ്തത്. അരയാഞ്ഞിലിമണ്ണ് കോസ്‌വേയുടെ സമീപനപാത ഇടിഞ്ഞു താഴുന്ന സ്ഥിതിയാണ്. നാ‌ട്ടുകാർ മണ്ണും കല്ലുമിട്ട് ഉറപ്പിക്കുന്ന ജോലികൾ നടന്നു വരുന്നു. വെള്ളം പൂർണമായും താഴാതെ പുനർനിർമാണം അസാധ്യമാണ്. ആന്റോ ആന്റണി എംപി സ്ഥലം സന്ദർശിച്ചു. പ്രളയത്തിൽ ഒറ്റപ്പെട്ട് പ‌ട്ടിണിയിലേക്ക് നീങ്ങുന്ന കുരുമ്പൻമൂഴികാർക്ക് സൗജന്യ റേഷൻ അനുവദിക്കാൻ നടപടി വേണമെന്ന് അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

വ്യാപക കൃഷിനാശം; കർഷകർ കണ്ണീരിൽ

റാന്നി ∙ കാലവർഷം ശക്തമായപ്പോൾ താലൂക്കിലെ അങ്ങാടി, പഴവങ്ങാടി കൃഷിഭവൻ പരിധിയിൽ മാത്രം 7 ലക്ഷത്തിന്റെ കൃഷിനാശമെന്ന് പ്രാഥമിക കണക്ക്. കൃഷിനാശം വ്യാപകമായ സാഹചര്യത്തിൽ അങ്ങാടി കൃഷിഭവനിൽ സ്ഥിരം ഓഫിസറുമില്ലാത്ത അവസ്ഥ. വാഴ, മരച്ചീനി, റബർ എന്നിവയാണ് നശിച്ചവയിൽ ഏറെയും. അങ്ങാടി കൃഷിഭവൻ പരിധിയിൽ 2 ദിവസം കൊണ്ട് 2ലക്ഷം രൂപയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കൃഷിവകുപ്പ് കണ്ടെത്തിയത്. കൃഷിയി‌ടങ്ങളെല്ലാം വെള്ളം കയറി കിടക്കുന്ന അവസ്ഥയാണ്. കനത്ത കാറ്റിലും മഴയിലുമാണ് വ്യാപകമായി കൃഷിനാശം നേരിട്ടത്. കഴിഞ്ഞ മഹാ പ്രളയത്തിൽ ഈ മേഖലയിൽ ഏക്കർ കണക്കിന്  കാർഷിക വിളകളാണ് നശിച്ചത്. 

ദിവസങ്ങളോളം കൃഷിയിടങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നത് കാർഷിക വിളകൾക്ക് കൂടുതൽ നാശം സംഭവിക്കാനാണ് സാധ്യത. പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്ത കർഷകർക്കും കണ്ണീർ തന്നെ. ഓണവിപണി ലക്ഷ്യമിട്ട് നട്ട കുലച്ച വാഴകളാണ് ഏറെയും പ്രകൃതിക്ഷോഭത്തിൽ നശിച്ചത്. കൃഷിവകുപ്പ് അധികൃതർ നഷ്‌ടക്കണക്കുകൾ ശേഖരിച്ച് വരുന്നതേയുള്ളു.  പഴവങ്ങാടി കൃഷിഭവൻ മേഖലയിൽ 5000 ത്തോളം കുലച്ച വാഴകളാണ് പ്രളയത്തിൽ നശിച്ചത്. കുലയ്ക്കാറായ 2000 വാഴകളും. ഏതാണ്ട് 5 ലക്ഷത്തോളം രൂയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

സ്ഥിരം ഓഫിസറില്ല

കൃഷി നാശം ഇത്ര വ്യാപമാകുമ്പോഴും അങ്ങാടി കൃഷിഭവനിൽ സ്ഥിരം ഓഫിസറില്ല. കഴിഞ്ഞ ജൂണിൽ അവധിയിൽ പ്രവേശിച്ചതാണ്. പകരം ആളെ നിയമിച്ചിട്ടില്ല. നാറാണംമൂഴി കൃഷി ഓഫിസർക്കാണ് അങ്ങാടിയുടെയും ചുമതല നൽകിയിരിക്കുന്നത്. 2 മാസമായി ഓഫിസർ ഇല്ലാത്തത് പ്രളയ സമയത്ത് ഓഫിസ് പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama