go

ഏതു ദുരിതവും തോൽക്കും ഈ ഒരുമയിൽ

pathanamthitta-news
ഒരുമയുണ്ടെങ്കിൽ ബെഞ്ചിലും: വീട്ടിൽ വെള്ളം കയറിയതു മൂലം ദുരിതാശ്വാസ ക്യാംപിലേക്ക് താമസം മാറിയിട്ട് 2 ദിവസം കഴിഞ്ഞു. ഉടുതുണിയല്ലാതെ മറ്റൊന്നും കരുതാനായില്ല. തറയിൽ വിരിക്കാൻ പായും പുതയ്ക്കാൻ കമ്പിളിയും ലഭിച്ചിട്ടില്ല. പ്രായമേറിയവർക്കും ഒന്നു തലചായ്ക്കണമെങ്കിൽ ഇങ്ങനെ ബെഞ്ചിൽ കിടക്കുകയേ നിവൃത്തിയുള്ളൂ. മഴയും തണുപ്പും കൂടുന്നതിനാൽ രാത്രിയിലാണ് ദുരിതമേറെ. പന്തളം മുടിയൂർക്കോണം എംടി എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ നിന്ന്. ചിത്രം: മനോരമ
SHARE

പത്തനംതിട്ട ∙ അപ്പർ കുട്ടനാട്ടുകാർക്ക് ഇത് വാർഷിക കുടുംബസംഗമമാണ്. അടുത്തുള്ളവരെല്ലാം ഒന്നിച്ചുകൂടുന്ന വാർഷിക പ്രളയകാലം. ഇതൊന്നും ഒരു പ്രളയമല്ലെന്ന് ഓരോ തിരുവല്ലക്കാരനും അറിയാം. കഴിഞ്ഞ പ്രളയത്തിന്റെ ആശങ്കയുണ്ട് ഓരോരുത്തരിലുമെങ്കിലും അതെല്ലാം മറന്ന് ചിരിക്കുകയാണിവർ. ആരും അന്യരല്ല. കഴിഞ്ഞ ക്യാംപിൽ കണ്ടവർ തന്നെയാണിവർ. 100 വർഷമായി ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളുണ്ട് താലൂക്കിൽ. മേപ്രാൽ സെന്റ് ജോൺസിന് ഒരു നൂറ്റാണ്ടിന്റെ ക്യാംപ് കഥ പറയാനുണ്ട്. അന്നൊക്കെ ഓരോരുത്തർക്കും ഓരോ അടുപ്പായിരുന്നു. കാലം മാറിയപ്പോൾ വയ്പും കുടിയും ഒരടുപ്പിലായി. കാലക്രമത്തിൽ മനുഷ്യബന്ധം മാറിയെന്ന് പറയും.

രാവിലെ ആറിനേ ക്യാംപുകൾ ഉണരും. പ്രഭാതഭക്ഷണത്തിനുള്ള ഒരുക്കങ്ങളാണ്. ക്യാംപ് അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ശുചിമുറികൾ ഇല്ലെന്നത് എല്ലാക്കാലത്തെയും പോരായ്മയാണ്. അതുകൊണ്ട് നേരത്തെ എഴുന്നേറ്റു പ്രഭാതകർമങ്ങൾ പൂർത്തിയാക്കി മറ്റുള്ളവർക്കു വഴിയൊരുക്കുമിവർ. പിന്നെ ഭക്ഷണ ഒരുക്കത്തിലേക്കു കടക്കും. ക്യാംപിലെ അടിസ്ഥാന ആവശ്യമാണല്ലോ അത്.  ഉപ്പുമാവ്, കൊഴുക്കട്ട, ചോറ്, സാമ്പാർ തുടങ്ങി പതിവു വിഭവങ്ങളൊക്കെയാണ് ക്യാംപുകളിൽ. ചില ക്യാംപുകളിൽ സ്പോൺസർമാരുണ്ട്. അവർ ചിക്കനും മീനുമൊക്കെ സ്പോൺസർ ചെയ്യും.

pathanamthitta-news
തോരാതിരുന്നിട്ടില്ല, ഒരു മഴയും: കടപ്ര കണ്ണശ്ശ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിയതാണ് ദേവയാനി. എല്ലാ കാലവർഷത്തിലും ക്യാംപിൽ കുറെനാൾ ജീവിക്കുകയെന്നത് ഇവർക്ക് ഇപ്പോൾ ശീലമായിരിക്കുന്നു. ഇപ്പോഴിത് ബന്ധുവീട്ടിൽ എത്തിയപോലെയാണിവർക്ക്. മനസ്സിൽ സങ്കടമുണ്ടെങ്കിലും വർഷത്തിലൊരിക്കൽ കുറെ നാട്ടുകാർക്കൊപ്പം ചിരിച്ചും പറഞ്ഞും ഒരു കൂട്ടായ്മ. ഒരു വർഷത്തെ ബന്ധം നിലനിറുത്താൻ ഇത്രയും മതി. മഴ തോരും, വെള്ളമിറങ്ങും. അപ്പോൾ വീണ്ടും തിരികെ വീട്ടിലേക്കു മടങ്ങാം. ചിത്രം: അരവിന്ദ് വേണുഗോപാൽ∙മനോരമ

തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസിൽ കഴിഞ്ഞ ദിവസം ചിക്കനുണ്ടായിരുന്നു. പെറോട്ടയും ഇറച്ചിക്കറിയും ഉണ്ടായിരുന്നു. ക്യാംപ് അംഗങ്ങളിൽ തന്നെ സാമ്പത്തിക ശേഷിയുള്ളവരുണ്ട്. അവർ വാങ്ങിക്കും. എല്ലാവരും കൂടി കഴിക്കും. ക്യാംപ് അംഗങ്ങളിൽ ചിലർ നല്ല പാചകക്കാരാണ്. ബാക്കിയുള്ളവർ അവർക്കൊപ്പം കൂടും. പിന്നെ ഒരു അരങ്ങാണ്. അരിയലും കഴുകലും വയ്ക്കലും വിളമ്പലും തുടങ്ങി ഓരോരുത്തർക്കുമുണ്ട് ചുമതലകൾ. ആരും മടിപിടിച്ചിരിക്കില്ല.

സാധനങ്ങൾ ആവശ്യത്തിന് 

ക്യാംപുകളിലേക്ക് ആവശ്യത്തിനു സാധനങ്ങൾ എത്തിക്കാൻ പുറത്തു നിന്നുള്ള സ്പോൺസർമാർ റെഡിയാണ്. തൽക്കാലം സർക്കാർ നൽകുന്ന സാധനങ്ങൾ മാത്രം മതിയെന്നാണ് തീരുമാനം. ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക താലൂക്ക് ഓഫിസിൽ നിന്ന് രാവിലെ ചോദിക്കും. മറുപടി നൽകുന്നത് അനുസരിച്ച് സാധനങ്ങൾ ലഭിക്കുന്നുണ്ടെന്നു ക്യാംപ് ഓഫിസർ അലി അക്ബർ പറഞ്ഞു.

സ്കൂളിലെ വെള്ളം നല്ലതായതുകൊണ്ട് തിളപ്പിച്ച് കുടിവെള്ളമായി ഉപയോഗിക്കുകയാണ്. കുപ്പിവെള്ളം ക്യാംപ് കഴിയുമ്പോൾ ഓരോരുത്തർക്കും കൊടുത്തു വിടാൻ കരുതി വച്ചിരിക്കുകയാണ്. ക്യാംപുകളിൽ ദിവസവും വൈകുന്നേരങ്ങളിൽ മീറ്റിങ്ങുണ്ട്. ആവശ്യങ്ങൾ അംഗങ്ങൾ പറയും. പിറ്റേന്ന് ആ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ക്യാംപിൽ രോഗികളുണ്ട്. ഡിമൻഷ്യ ബാധിച്ച അമ്മച്ചിയുണ്ട്. പ്രത്യേക ശുശ്രൂഷയാണ് ഇവർക്കു നൽകുന്നത്. 

മനുഷ്യർക്കൊപ്പം മൃഗങ്ങളും

പൂച്ചകൾ, നായകൾ എന്നിവരും ക്യാംപുകളിലെ അന്തേവാസികളാണ്. മനുഷ്യർ കിടക്കുന്ന ക്ലാസ് മുറികൾക്കു പുറത്താണ് വളർത്തു മൃഗങ്ങളുടെ സ്ഥാനം. കഴിക്കാൻ കിട്ടുന്നതിൽ ഒരു പങ്ക് ഇവർക്കുള്ളതാണ്. ആരോഗ്യ വകുപ്പിന്റെ കർശന നിർദേശം ഉള്ളതിനാൽ മനുഷ്യർ കിടക്കുന്ന മുറികളിൽ വളർത്തുമൃഗങ്ങളെ പ്രവേശിപ്പിക്കില്ല. പതിവുകാരായതു കൊണ്ട് ക്യാംപിൽ പെരുമാറേണ്ട വിധം വളർത്തു മൃഗങ്ങൾക്കും അറിയാം.

9.30 കഴിഞ്ഞാൽ ഉറക്കം

ക്യാംപുകളിൽ 9.30ന് എല്ലാവരും കിടക്കണം. അതിനു ശേഷം കറങ്ങിനടക്കൽ അനുവദിക്കില്ല. ക്യാംപുകളിൽ സേവനത്തിനു കോളജുകളിൽ നിന്നും സ്കൂളുകളിൽ നിന്നും എൻസിസി, എൻഎസ്എസ് വൊളന്റിയർമാരുടെ സേവനം ലഭ്യമാണ്. മുഴുവൻ സമയം വൈദ്യുതിയും വെള്ളവും ക്യാംപുകളിൽ ഉറപ്പാക്കിയിട്ടുണ്ട്.

ബിഎസ്എൻഎൽ സിം സൗജന്യം

തിരുമൂലപുരം ക്യാംപിൽ ബിഎസ്എൻഎൽ സൗജന്യ സിം കാർഡ് വിതരണം ചെയ്തു തുടങ്ങി. തിരിച്ചറിയിൽ കാർഡ് നൽകിയാൽ ഉടൻ കണക്‌ഷൻ ലഭിക്കും. 5 ദിവസം സൗജന്യമായി സംസാരിക്കാം. ആറാം ദിവസം മുതലുള്ള സംസാരത്തിനു പണം നൽകിയാൽ മതി. 1 ജിബി സൗജന്യ ഡേറ്റയും ലഭിക്കും.

അംഗങ്ങളാകാൻ ഇടി

അപ്പർ കുട്ടനാട് ഭാഗത്തെ പല ക്യാംപുകളിലും അനധികൃതമായി കുടുംബങ്ങളെ എഴുതിച്ചേർക്കുന്നതായി പരാതി. ക്യാംപുകളിൽ കഴിയാത്ത പലരും ക്യാംപ് അംഗങ്ങളുടെ പട്ടികയിലുണ്ട്. ചെറിയ സ്കൂളുകളിൽ പോലും 150നു മേൽ കുടുംബങ്ങൾ കഴിയുന്നതായാണ് പട്ടികയിൽ. 800നു മുകളിൽ ആളുകളുടെ പേരുമുണ്ട്. എന്നാൽ, ഇവരിൽ ബഹു ഭൂരിപക്ഷവും ക്യാംപിൽ ഇല്ല. സ്വന്തം വീട്ടിൽ കഴിയുന്ന പലരും ക്യാംപിലെ പട്ടികയിൽ പേര് എഴുതിയിട്ടുണ്ടെന്നാണ് ആരോപണം. ക്യാംപ് അംഗങ്ങൾക്കു കിട്ടുന്ന സഹായം കൈപ്പറ്റാനുള്ള തന്ത്രമാണിതെന്നും പേരുകൾ എഴുതി ചേർക്കുന്നതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നും ക്യാംപ് അംഗങ്ങൾ പറഞ്ഞു.

അങ്കണവാടിയുമുണ്ട് ഈ ക്യാംപിൽ

pathanamthitta-news
തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ക്യാംപിലെത്തിയ കുട്ടികൾക്കുവേണ്ടി തുടങ്ങിയ താത്കാലിക അങ്കണവാടി. ചിത്രം: മനോരമ

∙ സെന്റ് തോമസ് എച്ച്എസ്എസിലെ ക്യാംപിൽ 70 കുടുംബങ്ങളുണ്ട്. 270 അംഗങ്ങൾ. 40 കുട്ടികൾ. കുട്ടികൾ പകൽ സമയങ്ങളിൽ ബോറടിച്ചു വെറുതെ നടക്കുന്നതു കണ്ട് ഐസിഡിഎസ് കോ ഓർഡിനേറ്റർ രാജശ്രീ രാജന് ആശയം മിന്നി. എന്തുകൊണ്ട് ക്യാംപിൽ അങ്കണവാടി തുടങ്ങിക്കൂടാ? ഒരധ്യാപിക ക്യാംപിൽ തന്നെയുണ്ട്. ബാക്കിയുള്ളവർ വരാൻ സന്നദ്ധതയും അറിയിച്ചു. പിന്നെ വൈകിയില്ല, നഗരസഭയിലെ 4 അങ്കണവാടികൾ ചേർത്ത് ഇവിടെ ഒരു ക്ലാസ് മുറിയിൽ പുതിയ അങ്കണവാടി തുടങ്ങി.

ഇന്നലെ അവർ മഴയെപ്പറ്റിയാണ് പാടിപ്പഠിച്ചത്. മഴയിൽ ജലനിരപ്പ് ഉയർന്ന് അവരുടെ വീടുകളിൽ വെള്ളം കയറിയെങ്കിലും അവരുടെ പാട്ടിൽ മഴയോടുള്ള സ്നേഹമാണ് നിറയുന്നത്.  പ്ലാവില കൊണ്ടു കിരീടം ഉണ്ടാക്കിയും കാറ്റാടി ഉണ്ടാക്കിയും അവർ ഒത്തുകൂടലിന്റെ സൗഹൃദം ആസ്വദിക്കുന്നു. അങ്കണവാടി വർക്കർമാരും ഹെൽപർമാരുമായ ഏലിയാമ്മ ഏബ്രഹാം, കെ.എം.ബിനു, സുജാതാ കുമാരി, ടി.പി.ത്രേസ്യാമ്മ, കാഞ്ചമ്മ, എൻ.സി.രമാദേവി എന്നിവരുടെ ടീമാണ് കുട്ടികളുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

എല്ലാ ദിവസവും രാജശ്രീയുടെ നേതൃത്വത്തിൽ കാര്യങ്ങൾ നേരിട്ടു വിലയിരുത്തും. കുട്ടികൾക്കു വേണ്ടി പ്രത്യേകം ബ്രഡ്ഡും പാലും പഴവും തിരുവല്ല ബിഷപ്സ് ഹൗസിൽ നിന്ന് എത്തിക്കുന്നുണ്ട്. അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന അമൃതം പൊടിയും അവലും മറ്റു പോഷക ആഹാരങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്.  ക്യാംപിനു പുറത്തുള്ള അങ്കണവാടികൾക്ക് അവധിയാണെങ്കിലും ക്യാംപിലെ കുട്ടികൾ പഠനത്തിലാണ്. 

ദുരിതമല്ല; കൂട്ടായ്മയുടെ ആഘോഷം

പന്തളം ∙ മുറ്റത്ത് അടുപ്പിൽ വലിയ പാത്രത്തിൽ ചോറ് വേവുന്നു. സാമ്പാറിനുള്ള കറിക്കൂട്ട് അരിയുകയാണ് അമ്മമാർ. ഒരു രാത്രിയിൽ തങ്ങിയതിന്റെ ഒരുമയല്ല, ഒരുപാട് നാളത്തെ അടുപ്പമുണ്ടെന്നു തോന്നും ഇവരുടെ ഇൗ കൂട്ട് കണ്ടാൽ.  മുടിയൂർക്കോണം എംടി എൽപിഎസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് ഇൗ കാഴ്ചകൾ. ചെറിയ സ്കൂളാണെങ്കിലും 107 പേരാണ് ക്യാംപിൽ. പരിമിതമായ സൗകര്യങ്ങളേയുള്ളുവെങ്കിലും ദുരന്തത്തെ നേരിടാനുള്ള മനസ്സ് പരിമിതികളെ മറക്കുന്നു.

ഡോക്ടർമാരുടെ പരിശോധന ഒരു സ്ഥലത്ത് നടക്കുമ്പോൾ മറ്റൊരിടത്ത് കുട്ടികളോട് കളിപറഞ്ഞു മറ്റൊരു സംഘം. അങ്ങനെ ദുരിതാശ്വാസക്യാംപിനെ ഒരുമയുടെ ആഘോഷമാക്കി മാറ്റുന്നു അവർ. വില്ലേജ് ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥരും പൊലീസുമൊക്കെ ഇവരുടെ ആവശ്യങ്ങൾക്ക് കാതോർത്ത് ക്യാംപിൽ തന്നെയുണ്ട്. അതേസമയം, ആഹാരസാധനങ്ങൾ ലഭിച്ചെങ്കിലും രാത്രിയിൽ കിടക്കുന്നതിനുള്ള പായും ഷീറ്റുമൊന്നും ലഭിക്കാത്തതിന്റെ പരിഭവവുമുണ്ട് ഇവർക്ക് പറയാൻ.

സെന്റ് ജോൺസിലെ ക്യാംപിന് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം

∙ പണ്ടും ക്യാംപുകളിലേക്ക് സാധനങ്ങൾ എത്തിക്കുമായിരുന്നു. വള്ളങ്ങളിലെത്തുന്ന സാധനങ്ങൾ കാത്ത് ആളുകളിരിക്കും. കപ്പയായിരുന്നു പ്രധാന ഇനം.10 – 18 കുടുംബങ്ങളെ അന്നു മേപ്രാലിൽ ഉണ്ടായിരുന്നുള്ളു. ഓരോരുത്തർക്കും ഓരോ അടുപ്പായിരുന്നു. ക്യാംപ് സുരക്ഷിതമാണ്. ആകെ രണ്ടു തവണയാണ് ഇവിടെ വെള്ളം കയറിയത്. ഒന്ന് കഴിഞ്ഞ വർഷം മറ്റേത് 20 വർഷം മുൻപ്. പണ്ട് ക്യാംപിൽ കഴിയുന്നവർക്ക് ഒരസുഖവും വരാറില്ലായിരുന്നുവെന്ന് പഴയ തലമുറ ഓർക്കുന്നു. അന്ന് സ്കൂളും വീടുമെല്ലാം ഓല മേഞ്ഞതായിരുന്നു. ക്യാംപ് നടന്നാലും സ്കൂളിന് അവധി കൊടുക്കുന്ന ഏർപ്പാടും ഇല്ലായിരുന്നു. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama