go

പമ്പാ ത്രിവേണിയിൽ ഇന്നും ഓർമകളുടെ തീരാ പ്രളയം

pathanamthitta-tree-fallen
പമ്പാനദിയിലെ ശക്തമായ ഒഴുക്കിൽ ത്രിവേണി നടപ്പാലത്തിലേക്ക് കടപുഴകി വീണ കൂറ്റൻ മരം. (ഫയൽ ചിത്രം)
SHARE

ശബരിമല ∙ മഹാപ്രളയത്തിന്റെ വാർഷികത്തിലും ആശങ്ക ഒഴിയാതെ പമ്പാ ത്രിവേണി. മധ്യതിരുവിതാംകൂറിനെ  ദുരിതക്കയത്തിലാക്കിയ പ്രളയം തുടങ്ങിയത് കഴിഞ്ഞ വർഷം ഓഗസ്റ്റ് 14ന് ത്രിവേണിയിൽനിന്ന് ആയിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത പമ്പയുടെ രൗദ്രമുഖമായിരുന്നു അത്. 2 നില കെട്ടിടത്തെ പോലും പൂർണമായും മുക്കി. നിറപുത്തരിക്കുള്ള നെൽക്കതിർ പോലും മറുകര എത്തിക്കാൻ കഴിഞ്ഞില്ല. 

ശബരിഗിരി പദ്ധതിയിലെ ആനത്തോട് ഡാമിന്റെ 4 ഷട്ടറുകൾ രണ്ട് അടി വീതവും പമ്പാ അണക്കെട്ടിന്റെ 6 ഷട്ടറുകളിൽ രണ്ടെണ്ണം ഒരടി വീതവുമാണ് അന്ന് ഉയർത്തിയത്. ആനത്തോട്, കക്കി അണക്കെട്ടുകൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ആനത്തോടിന്റെ പരമാവധി ജലനിരപ്പ്  981.46 മീറ്ററും, കക്കിയുടേത്  981.1 മീറ്ററുമാണ്.  പമ്പയുടേത്  986.33 മീറ്റർ. ആനത്തോട് ഡാമിൽ നിന്നുള്ള വെള്ളം കക്കിയാറ്റിലൂടെയും പമ്പാ ഡാമിൽ നിന്നുള്ള വെള്ളം പമ്പാ നദിയിലൂടെയുമാണ് ത്രിവേണിയിൽ എത്തിയത്.

ഏറ്റവും രൗദ്രഭാവത്തോടെ കക്കിയാറ്റിലൂടെയാണ് വെള്ളം കുത്തിയൊഴുകി  വന്നത്. ത്രിവേണിയിലെ  രാമമൂർത്തി മണ്ഡപം പൂർണമായും ഒഴുകിപ്പോയി. ശുചിമുറികളും ഹോട്ടൽ സമുച്ചയവും തകർന്നു. ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിന്റെ ഒരുവശം മുഴുവൻ നദി കവർന്നു. പ്രളയജലത്തിൽ ഒഴുകി എത്തിയ മണ്ണിൽ 2 പാലങ്ങളും പൂർണമായി നികന്നു.  

ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെ‌യും ഇച്ഛാശക്തിയിൽ  വീണ്ടും പഴയപടി ആക്കാനുള്ള പരിശ്രമം നടക്കുന്നതിനിടെയാണ് കഴിഞ്ഞയാഴ്ച വീണ്ടും വെളളപ്പൊക്കം ഉണ്ടായത്. കഴിഞ്ഞ പ്രളയത്തിൽ ഒഴുകി എത്തിയതും സംഭരിച്ച്  കൂട്ടിയിട്ടിരുന്നതുമായ ലക്ഷങ്ങളുടെ മണൽ ഒലിച്ചു പോയി. ഇത്തവണ അണക്കെട്ടുകളിലെ ജലനിരപ്പ് തുറന്നുവിടേണ്ട അവസ്ഥയിൽ എത്തിയിട്ടില്ല എന്നതാണ് ആശ്വാസത്തിനുള്ള വക.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama