go

മട്ടുപ്പാവിൽ കൃഷിയുടെ നർത്തനം; സുമയെത്തേടി പുരസ്കാരം

pathanamthitta-suma
സുമ നരേന്ദ്ര മട്ടുപ്പാവിലെ കൃഷിയിടത്തിൽ തക്കാളി കൃഷി പരിപാലിക്കുന്നു.
SHARE

അടൂർ ∙ കൃഷി വകുപ്പിന്റെ സംസ്ഥാനതലത്തിലുള്ള മികച്ച മട്ടുപ്പാവ് കൃഷി അവാർഡ് ( 50,000 രൂപ) മട്ടുപ്പാവ് കൃഷിയിൽ പൊന്നു വിളയിച്ച നൃത്താധ്യാപിക കണ്ണങ്കോട് തപസ്യയിൽ സുമ നരേന്ദ്രയെ തേടി എത്തി. നൃത്തത്തെയും കൃഷിയെയും ഒരുപോലെ ഉപാസിക്കുന്ന സുമ മഴമറയും തിരിനനയും ഉപയോഗിച്ച് 10 സെന്റ് സ്ഥലത്തെ വീടിന്റെ മട്ടുപ്പാവ് നിറയെ വിവിധയിനം പയർ, വഴുതന, ചീര, കുക്കുംബർ, പച്ചമുളക്, കാബേജ്, ബീൻസ്, കോവൽ,കോളിഫ്ലവർ, കാപ്സിക്കം, തക്കാളി എന്നിവ വിളയിച്ച് വീട്ടാവശ്യത്തിന് കൂടാതെ വിപണനം നടത്തുകയും ചെയ്യുന്നു.

ഇതു കൂടാതെ വീട്ടുമുറ്റത്ത് മഴമറയിൽ ചിറ്റമൃത്, വിഷഹാരിപ്പച്ച, കറ്റാർവാഴ, കച്ചോലം, ദശപുഷ്പം തുടങ്ങിയ ഔഷധ സസ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും കൃഷിയുമുണ്ട്. 2005ൽ വീട്ടാവശ്യത്തിന് തുടങ്ങിയ കൃഷിയാണ് ഇന്ന് വളർന്നു പന്തലിച്ചത്. ആദ്യം ചാക്കിനുള്ളിൽ കൃഷി ചെയ്ത ഈ കർഷക പിന്നീട് ഗ്രോബാഗിലേക്ക് തിരിഞ്ഞു. ഇപ്പോൾ 800 ഗ്രോബാഗുകളിലായി ഹൈബ്രിഡ് പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. പൂർണമായും ജൈവ രീതിയിൽ ഫിഷ് അമിനോ ആസിഡ്, മഞ്ഞക്കെണി, നീലക്കെണി തുടങ്ങിയവയാണ് കീട നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്.

അടുക്കള മാലിന്യം മണ്ണിര കംപോസ്റ്റാക്കി വളമായി ഉപയോഗിക്കുന്നു. മട്ടുപ്പാവ് കൃഷി കണ്ടു പഠിക്കാൻ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കർഷകരും തപസ്യയിൽ എത്തുന്നുണ്ട്. രാവിലെ കൃഷിയിടത്തിലെ ജോലികൾ കഴിഞ്ഞാൽ പിന്നെ തപസ്യ നൃത്തപഠന കേന്ദ്രത്തിലേക്ക് തിരിയും. അവിടെ അൻപതിലേറെ പേർ സുമയുടെ കീഴിൽ നൃത്തം അഭ്യസിക്കുന്നുണ്ട്. ഇതിനു ശേഷം സാന്ത്വനപരിചരണ പ്രവർത്തനവുമുണ്ട്. കൃഷിയിടത്തിൽ സഹായത്തിന് ഭർത്താവ് സുരേഷ്കുമാറും ഗൗതം കൃഷ്ണയും രഞ്ജിനി കൃഷ്ണയും കൂടും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama