തിരുവല്ല/ഏനാത്ത് ∙ റോഡിൽ പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ്. 30ന് ജില്ലയിൽ നടത്തിയ പരിശോധനയിൽ 73 കേസുകളാണ് എടുത്തത്. ഇതിൽ നിന്ന് 11,0900 രൂപ പിഴ ഈടാക്കുകയും ചെയ്തതായി എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ അറിയിച്ചു. ഹെൽമറ്റ് ഇല്ലാത്തത് (14) , അമിതഭാരം കയറ്റിയത് (11), ഇൻഷുറൻസ് ഇല്ലാത്തത് (7), നിയമാനുസൃതമല്ലാത്ത ലൈറ്റ് (4), അമിതമായ ശബ്ദത്തിൽ പാട്ട് വച്ചത് (3), ഗ്ലാസിൽ കറുത്ത പേപ്പർ ഒട്ടിച്ചത് (3) തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.2 ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി.

സ്കൂൾ വിദ്യാർഥികളെയും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ച് കൂടുതൽ ബോധവത്കരണം നടത്താനാണ് പദ്ധതി. വാഹന നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ ആർക്കും മോട്ടർ വാഹന വകുപ്പിനെ അറിയിക്കാനുള്ള സംവിധാനം ഉണ്ടാകും. ഹെൽമറ്റ് ഇല്ലാതെയോ, സീറ്റ് ബെൽറ്റ് ധരിക്കാതെയോ വാഹനം ഓടിച്ചാൽ ക്യാമറയിൽ പകർത്തുന്ന വാഹനം 5 ന് ജില്ലയിലെത്തും. ഇതിൽകൂടി കണ്ടെത്തുന്നവർക്ക് വാഹന ഉടമയുടെ മേൽവിലാസത്തിൽ പിഴ അടയ്ക്കാനുള്ള രസീത് എത്തും.

നിയമം പാലിച്ചുള്ള യാത്രയിൽ സ്ത്രീകളാണ് മുന്നിൽ. അപകടം ഏറുന്ന എംസി റോഡിൽ ആദ്യ ദിനം തന്നെ പരിശോധനയിൽ 50 ശതമാനം പിൻ സീറ്റ് യാത്രക്കാരും നിയമം പാലിച്ച് യാത്ര ചെയ്തതായാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ ഹെൽമറ്റിന്റെ പേരിൽ കർശനമായ പരിശോധന നിരത്തിൽ ദൃശ്യമായില്ല.പിൻ സീറ്റ് ഹെൽമറ്റ് നിയമം കർശനമായതോടെ ഇരുചക്ര വാഹനങ്ങളിൽ സ്ഥിരമായി ലിഫ്റ്റ് ചോദിച്ച് യാത്ര നടത്തുന്ന വിദ്യാർഥികളടക്കമുള്ളവർ നിരാശരാണ്. ഇനി ലിഫ്റ്റ് വേണമെങ്കിൽ ഒരു ഹെൽമറ്റ് കൂടി കരുതേണ്ടി വരും.
ഇന്നലെ കുടുങ്ങിയത് 38 പേർ
പിൻസീറ്റ് യാത്രക്കാർക്കു ഹെൽമറ്റ് ഇല്ലാത്തതിനു പിഴ ഈടാക്കാൻ തീരുമാനിച്ച ഇന്നലെ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മുൻപിൽ കുടുങ്ങിയത് 38 പേർ. ഇതിൽ 6 വാഹനത്തിൽ 2 പേർക്കും ഹെൽമറ്റ് ഇല്ലായിരുന്നു. പിഴ 1000 രൂപ 26 എണ്ണം ഹെൽമറ്റില്ലാതെ ഓടിച്ചവർ പിഴ. 500 രൂപ. 6 പേർ വാഹനം കൈകാണിച്ചിട്ടും നിർത്താതെ പോയി. ഇവരുടെ വാഹനത്തിന്റെ ചിത്രം പകർത്തിയിട്ടുണ്ട്. നോട്ടിസ് അയയ്ക്കും. ഹാജരായില്ലെങ്കിൽ കോടതിയിലേക്ക് അയയ്ക്കും.
ഹെൽമറ്റിന്റെ ഗുണമേന്മ
പിഴയിൽ നിന്ന് രക്ഷ നേടാൻ ഒരു ഹെൽമറ്റ് എന്നതാണ് മിക്കവരുടെയും ലക്ഷ്യമെന്നാണ് വിപണിയിൽ നിന്ന് വ്യക്തമാകുന്നത്. ഗുണമേന്മയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. കുറഞ്ഞ വിലയ്ക്ക് ഹെൽമറ്റുണ്ടോ എന്നാണ് ചോദ്യമെന്ന് കച്ചവടക്കാർ പറയുന്നു. തെരുവോരത്താണ് വിലക്കുറവിൽ കച്ചവടം കൂടുതൽ. ഐഎസ്ഐ മുദ്രയോടു കൂടിയ വ്യാജന്മാരുമുണ്ട്. 750 രുപ മുതൽ 4000 വരെയാണ് മേൽത്തരം ഹെൽമറ്റുകളുടെ വില. 30 ഹെൽമറ്റുകൾ വരെ ഒരു ദിവസം വിൽക്കുന്നുണ്ട്