തിരുവനന്തപുരത്തിന്റെ ഷോപ്പിങ് മോഹങ്ങൾക്കു പകിട്ടേകാൻ വരുന്നൂ... മാളുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trivandrum-mall-of-travancore രാജ്യാന്തര വിമാനത്താവളത്തിനു സമീപം ചാക്ക ബൈപാസ് റോഡിൽ പണി തീരുന്ന മാൾ ഓഫ് ട്രാവൻകൂർ. ചിത്രം: മനോരമ.

തിരുവനന്തപുരം∙ നഗരവാസികളുടെ ഷോപ്പിങ് സംസ്കാരത്തിനു പുതിയ പകിട്ടു നൽകാൻ ഷോപ്പിങ് മാളുകളുടെ ശൃംഖല  വരുന്നു. ഇതിൽ ആദ്യത്തേതായ മാൾ ഓഫ് ട്രാവൻകൂർ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.  

ഏഴു തിയറ്ററുകൾ ഉൾപ്പെടുന്ന മൾട്ടി പ്ലക്സ്, ഷോപ്പേഴ്സ് സ്റ്റോപ്പേഴ്സ്, ലൈഫ് സ്റ്റൈൽ തുടങ്ങിയ വമ്പൻ രാജ്യാന്തര ഫാഷൻ ഷോപ്പിങ് സ്റ്റോറുകളു‌ടേത് ഉൾപ്പെടെ ചെറുതും വലുതുമായ 150ൽപരം സ്റ്റോറുകൾ, ഫുഡ് പ്ലാസകൾ തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ് ഈ മാൾ. മലബാർ ഡവലപ്പേഴ്സിന്റെ ഏറ്റവും വലിയ സംരഭങ്ങളിലൊന്നാണിത്. ഇതുവരെ കൊച്ചിക്കും കോഴിക്കോടിനും മാത്രം പരിചയമുണ്ടായിരുന്ന മാൾ ഷോപ്പിങ് സംസ്കാരത്തിനു ട്രാവൻകൂർ മാളിലൂടെ മാർച്ചിൽ തലസ്ഥാനത്തും തുടക്കമാകുകയാണ്. 

മട്ടുപ്പാവിൽ 1200 വാഹനങ്ങൾക്കു പാർക്ക് ചെയ്യാം

കഴക്കൂട്ടം–കോവളം ബൈപാസിൽ ഈഞ്ചയ്ക്കൽ അനന്തപുരി ആശുപത്രിക്കു സമീപം ഏഴ് ഏക്കർ സ്ഥലത്താണ് മാൾ ഓഫ് ട്രാവൻകൂർ ഉയരുന്നത്. നിർമാണ പ്രവർത്തനങ്ങൾ 80 ശതമാനത്തോളം പൂർത്തിയായി. നാലുനിലകളിലായി ആറുലക്ഷം ചതുരശ്രയടിയിൽ മാൾ ഓഫ് ട്രാവൻകൂർ ഷോപ്പിങ് വിസ്മയമൊരുക്കും.

പ്രായഭേദമെന്യേ, വിനോദത്തിനുള്ള സംവിധാനങ്ങളാണ് മാളിലെ മറ്റൊരു പ്രത്യേകത. കൂടാതെ, മട്ടുപ്പാവിൽ 1200 വാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. രാജ്യാന്തര വിമാനത്താവളത്തിനു തൊട്ടടുത്തായതിനാൽ വിദേശ വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. മാളിൽ എന്തുമേതും വാങ്ങാം, സിനിമ കാണാം, വ്യത്യസ്‌ത ഭക്ഷണരുചികൾ ആസ്വദിക്കാം, ഇഷ്ടമുള്ള കളികൾ കളിക്കാം. 

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഫയർഫോഴ്സ് എന്നിവയുടെ അനുമതി ലഭിച്ചുകഴിഞ്ഞു. കോർപറേഷനിൽനിന്ന് ഒക്കുപൻസി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലതാമസമാണ് ഇനിയുള്ളത്. ഈ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ടിസി നമ്പരിന് അപേക്ഷിക്കാൻ കഴിയൂ. ഇലക്ട്രിസിറ്റി, വാട്ടർ കണക്‌ഷനുകളും കടകൾക്കു ലൈസൻസും ലഭിക്കണമെങ്കിൽ കെട്ടിടത്തിന് ടിസി നമ്പർ ലഭിക്കണം. രണ്ടു മാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ മാർച്ചിൽ മാളിന്റെ ഉദ്ഘാടനം നടത്താനാണ് ആലോചന.

എംകെ ഗ്രൂപ്പിന്റെ മാളും ഈ വർഷം; ലുലു മാൾ അടുത്ത വർഷം

കൊച്ചിയുടെ ഷോപ്പിങ് സംസ്കാരം മാറ്റിമറിച്ച എംകെ ഗ്രൂപ്പിന്റെ തലസ്ഥാനത്തെ മാളും ഈ വർഷം തന്നെ പ്രവർത്തനം ആരംഭിച്ചേക്കും. നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മാളിനോടു ചേർന്നു കൺവൻഷൻ സെന്ററും ഫ്ലൈറ്റ് കിച്ചനും നിർമിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ഷോപ്പിങ് മാളുകളുള്ള ലുലു ഗ്രൂപ്പിന്റെ  മാളും  തലസ്ഥാനത്ത് ഉയരുന്നു. പൂർണമായി ശീതീകരിച്ച മാളിൽ കുടുംബസമേതം ഒരു ദിനം ചെലവിടാനുമാകും. ആഗോള നിലവാരത്തിലുള്ള ഷോപ്പിങ് അനുഭവമാണു ലുലു മാൾ വാഗ്‌ദാനം ചെയ്യുന്നത്. 

ലുലു ഹൈപ്പർ മാർക്കറ്റ്, സാരികൾക്കും സൽവാറുകൾക്കും മാത്രമായുള്ള ലുലു സെലിബ്രേറ്റ്, ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോറായ ലുലു ഫാഷൻ സ്‌റ്റോർ, ഇലക്ട്രോണിക് ബ്രാൻഡുകളെല്ലാം അണിനിരക്കുന്ന ലുലു കണക്ട് എന്നിവയ്ക്കു പുറമെ മറ്റു രാജ്യാന്തര ബ്രാൻഡുകൾക്ക് മാൾ ആതിഥ്യമൊരുക്കും. ഒപ്പം, അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടിപ്ലെക്സുമുണ്ടാകും. അടുത്തവർഷം ഇത് ഉദ്ഘാടനം ചെയ്തേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.