go

മുത്തശ്ശിക്കഥ പോലൊരു 'പപ്പടക്കഥ' !

trivandrum-vasumathiamma
സി. വസുമതിയമ്മ
SHARE

തിരുവനന്തപുരം∙ പതിറ്റാണ്ടുകൾക്കു മുൻപ് മെഡിക്കൽ കോളജിൽ നഴ്സായിരുന്ന സി.വസുമതിയെ ആരുമറിയാനിടയില്ല. പക്ഷേ, ചാല മാർക്കറ്റിൽ 40 വർഷമായി പപ്പടക്കച്ചവടം നടത്തുന്ന 85 കഴിഞ്ഞ വസുമതിയമ്മൂമ്മ തലസ്ഥാനവാസികൾക്കു സുപരിചിതയാണ്, '25 പപ്പടം 20 രൂപ' എന്ന വിളിയും. ആ വസുമതി തന്നെയാണ് ഈ വസുമതി. ആരുമറിയാതിരുന്ന വസുമതിയമ്മൂമ്മയെ ഞൊടിയിടയിൽ ഫേമസാക്കിയത് പപ്പടം വാങ്ങാൻ തൊണ്ട പൊട്ടി വിളിക്കുന്നൊരു വിഡിയോയാണ്.

''25 പപ്പടം 20" എന്നുറക്കെ വിളിച്ചിട്ടും ആരും നോക്കാത്ത വസുമതിയമ്മൂമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ആ വേദന തലസ്ഥാനവാസികളുടെ നെഞ്ചു തൊട്ടത്. ഫേമസല്ലാത്ത ആളായതു കൊണ്ടാണ് പപ്പടം വിറ്റുപോവാത്തതെങ്കിൽ നമുക്ക് അമ്മൂമ്മയെ ഫേമസാക്കാമെന്നായിരുന്നു ആളുകളുടെ പക്ഷം. ആരോ ഒരാൾ പകർത്തിയ വിഡിയോ കണ്ടതു ലക്ഷങ്ങൾ. അതോടെ പപ്പടം തേടി ആളുകളെത്തിത്തുടങ്ങി. നിർത്താതെ ഫോൺ കോളുകളും. ഇപ്പോഴും വസുമതിയമ്മൂമ്മയ്ക്ക് 'വാട്സാപ്പിൽ വന്ന' വിഡിയോയുടെ അമ്പരപ്പു മാറിയിട്ടില്ല.

അന്നത്തെക്കാലത്ത് വീട്ടിലെ ദാരിദ്ര്യത്തിനിടയിലും പഠിച്ചു ജോലിവാങ്ങിയ മിടുക്കിയായിരുന്നു വസുമതി. ആതുരസേവനമായിരുന്നു ലക്ഷ്യം. ഭാവിയിലേക്കു നീണ്ടുനിവർന്നു കിടന്ന വഴികൾ മുഴുവൻ പക്ഷേ പൊടുന്നനെ ഇടുങ്ങിപ്പോയി. ചികിൽസ തേടിയെത്തിയൊരു പുരുഷനു വസുമതി കൊടുത്ത ഇൻജക്‌ഷനായിരുന്നു കാരണം. യാഥാസ്ഥിതികനായ ഭർത്താവുണ്ടാക്കിയ കലഹം വസുമതിയുടെ ജോലി കളഞ്ഞു. അതേ വസുമതി ഇന്നിതാ കാലം നീട്ടിവച്ച എല്ലാ ഇൻജക്‌ഷനുകളെയും പൊരുതിത്തോൽപിച്ചു പപ്പടമണമുള്ള ജീവിതത്തിലേക്കു കാലും നീട്ടിയിരുന്നു കഥ പറയുന്നു.

വസുമതിക്ക് എട്ടുപേരായിരുന്നു മക്കൾ. അസുഖം ബാധിച്ചു ഭർത്താവ് മരിക്കുന്നതു കുട്ടികളുടെ നന്നേ ചെറുപ്പത്തിലാണ്. എട്ടു വയറു നിറയ്ക്കാൻ മാർഗമില്ലാതെ വന്നപ്പോൾ അച്ഛന്റെ വഴിയേ പപ്പട കച്ചവടത്തിനിറങ്ങി. ചാല മാർക്കറ്റിൽ ഇരിപ്പിടമിട്ടു. ആദ്യമൊക്കെ ഒരേ സ്ഥലത്തിരുന്നു കച്ചവടം ചെയ്യാൻ എതിർപ്പുണ്ടായിരുന്നു. വസുമതി കല്ലുപോലെ ഉറച്ചുനിന്നു. പിന്നെപ്പിന്നെ അതു കുറഞ്ഞു. ചാല മാർക്കറ്റിലെ ആ ഇരിപ്പിടത്തിനു വയസ്സ് നാൽപതായി. മരിക്കുന്നതുവരെ അവിടന്നിനി മാറില്ലെന്നു  വസുമതിയമ്മൂമ്മ.

ചാലയും പപ്പടവും ചേർന്ന ജീവിതം

പപ്പടമാണ് വസുമതിയമ്മൂമ്മയുടെ ചോറ്. രണ്ടു പെൺമക്കളെയും ആറ് ആൺമക്കളെയും വളർത്തിയതും പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചയച്ചതുമെല്ലാം പപ്പടം വിറ്റു കിട്ടിയ പണം കൂട്ടി കൂട്ടി വച്ചാണ്. അതൊരു മാജിക്കാണെന്നു ശിവഭക്തയായ വസുമതിയമ്മൂമ്മയുടെ വിശ്വാസം. മക്കളിൽ രണ്ടു പേരെ വിധി തിരികെ വിളിച്ചു. കുറേ ചികിൽസിച്ചെങ്കിലും ഇരുപത്തിമൂന്നാം വയസ്സിൽ കാൻസർ ഒരു മകനെ കൊണ്ടുപോയി. രണ്ടു പെൺമക്കളിൽ മൂത്തയാളും തുടർന്ന് അസുഖബാധിതയായി മരിച്ചു. ആ രണ്ടു മക്കളാണ് ഇന്നും വസുമതിയുടെ നെഞ്ചിലെ അടങ്ങാത്ത കനലുകൾ.

ഭർത്താവ് ഉപേക്ഷിച്ചുപോയ ഇളയ മകൾ പ്രിയയ്ക്കും രണ്ടു മക്കൾക്കുമൊപ്പം ഒറ്റമുറി വാടക വീട്ടിലാണ് വസുമതിയുടെ താമസം. പ്രാരബ്ധക്കാരായ മറ്റു മക്കളെയൊന്നും ബുദ്ധിമുട്ടിക്കാൻ വസുമതിയില്ല. പത്താം ക്ലാസുകാരിയായ ചെറുമകൾ ഗൗരിയിലാണു  പ്രതീക്ഷ മുഴുവൻ. സ്കൂൾ, ട്യൂഷൻ.. ചെലവുകൾ കൂട്ടിയൊപ്പിക്കുകയാണു വസുമതി. കേറിക്കിടക്കാൻ വീടില്ലാത്തതാണു വലിയ ദുഃഖം. സ്വന്തം ഹൃദ്രോഗത്തിന്റെ ചികിൽസ പോലും അതു കഴിഞ്ഞേയുള്ളൂ.

ഓടിത്തീർക്കാൻ ഒരുപാടുള്ള വസുമതിയെ പ്രായം തന്നെ മറന്ന മട്ടാണ്. പുറത്തുനിന്ന് ഓർഡറൊക്കെ വരുന്ന നിലയ്ക്ക് ഇനി മാർക്കറ്റിൽ പോയിരുന്നുള്ള കച്ചവടം നിർത്തുമോ എന്നു ചോദിച്ചാൽ ഉടൻ വരും മറുപടി. ''ചാല മാർക്കറ്റാണ് എനിക്കെല്ലാം. തീരെ വയ്യാതാവുന്നവരെ അവിടെത്തന്നെ പോയിരുന്നു കച്ചോടം ചെയ്യും. അതെന്റെ ചോറാണ്." പറയുമ്പോൾ വസുമതിയമ്മൂമ്മയുടെ 85 പിന്നിട്ട പുഞ്ചിരിക്ക് ആത്മവിശ്വാസത്തിന്റ 916 പ്രഭ.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama