go

ഇല്ല, ഞങ്ങൾ മരിച്ചിട്ടില്ല... ഇനിയെങ്കിലും പെൻഷൻ തരൂ...!

trivandrum-pension-strikers
കുമാരി, ചന്ദ്രികാദേവി, ഭായി, സി. സുകുമാരൻ
SHARE

തിരുവനന്തപുരം∙ കോർപറേഷനിൽ നിന്നു ഭവനവായ്പ അനുവദിച്ചിട്ടും നിർമാണം പൂർത്തിയാക്കാൻ കഴിയാത്ത വീട്ടിൽ കഴിയുന്ന ഒരുവാതിൽക്കോട്ട സ്വദേശി ഭായിക്കു സ്വന്തമായുള്ളത് നാലു ചക്ര വാഹനം ! ഒരു സൈക്കിൾ പോലുമില്ലാത്ത തിരുമല ലക്ഷ്മി നഗറിൽ സി.സുകുമാരനുമുണ്ട് ആയിരം സിസി വാഹനം. 

കോർപറേഷനു മുന്നിൽ ബിജെപി സംഘടിപ്പിച്ച സമരത്തിൽ പങ്കെടുക്കാൻ എത്തിയ പിടിപി നഗർ കോണത്തുകുളങ്ങര ചന്ദ്രികയിൽ ചന്ദ്രികാദേവി സർക്കാർ രേഖകളിൽ മരിച്ചിട്ടു മാസങ്ങൾ ! ക്ഷേമ പെൻഷന് അർഹരായവരെ കണ്ടെത്താൻ ധനവകുപ്പിന്റെ നിയന്ത്രണത്തിൽ നടത്തിയ സർവേയിൽ പിഴവുകൾ ഏറെ. 

∙ ചന്ദ്രികാദേവി ( ചന്ദ്രിക, പിടിപി നഗർ)

മൂന്നു വർഷമായി മുടങ്ങാതെ പെൻഷൻ കിട്ടുന്നുണ്ട്. ബാങ്കു വഴിയാണ് പെൻഷൻ ഇപ്പോൾ ലഭിക്കുന്നത്. ഓണത്തിനു പെൻഷൻ ലഭിക്കാതെ വന്നപ്പോൾ കോർപറേഷനിൽ പോയി അന്വേഷിച്ചു. മരിച്ചയാൾക്കു പെൻഷൻ നൽകാൻ വകുപ്പില്ലെന്നാണു സെക്‌ഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചത്. ഉദ്യോഗസ്ഥന്റെ വാക്കു കേട്ട ഞെട്ടലിൽ നിന്നു ഭർത്താവ് ഇപ്പോഴും മുക്തമായിട്ടില്ല. മക്കളുടെ സഹായത്താലാണ് ഇപ്പോഴത്തെ ജീവിതം.

∙ ഭായി ( ഒരുവാതിൽക്കോട്ട, കരിക്കകം)

ആനയറ വേൾഡ് മാർക്കറ്റ് പരിസരം വൃത്തിയാക്കാൻ പോയി കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണു ഞാനും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബം ജീവിക്കുന്നത്. അമ്മയ്ക്ക് 82 വയസ്സുണ്ട്. വർഷങ്ങൾക്കു മുമ്പ് വീടുവയ്ക്കാനായി കോർപറേഷനിൽ നിന്ന് ഒന്നര ലക്ഷം രൂപ അനുവദിച്ചിരുന്നു. ആ പണം കൊണ്ടു വീടു പൂർത്തിയാക്കാൻ കഴിയാത്തതിനാൽ മുൻ, പിൻ വാതിലുകൾ മാത്രം സ്ഥാപിച്ചു കയറിക്കിടക്കുകയാണ്. മഴയിൽ ചോർന്നൊലിക്കുന്ന വീടു നന്നാക്കാൻ പോലും വകയില്ലാത്ത എനിക്കാണ് നാലുചക്ര വാഹനമുണ്ടെന്ന കാരണത്താൽ പെൻഷൻ നിഷേധിച്ചിരിക്കുന്നത്.

∙ സി. സുകുമാരൻ ( ടിസി 8,1801 ലക്ഷ്മി നഗർ, തിരുമല)

തടിമില്ലിൽ ജോലിയായിരുന്നു. നട്ടെല്ലിനു തേയ്മാനമുണ്ടെന്നു ഡോക്ടർ പറഞ്ഞതിനെ തുടർന്ന് ആ ജോലിക്കു പോകാൻ കഴിയാതെയായി. സ്വന്തമായി സൈക്കിൾ പോലുമില്ല. ഭർത്താവ് മരിച്ചുപോയ ഒരു മകളും അവളുടെ രണ്ട് മക്കളും എന്റെ സംരക്ഷണയിലാണ്. ആറു വർഷത്തിനിടെ ആദ്യമായാണ് പെൻഷൻ മുടങ്ങുന്നത്. മൂന്നു നാലു മാസത്തെ പെൻഷൻ ഒരുമിച്ചു കിട്ടുന്നത് ആശ്വാസമായിരുന്നു. ആ എനിക്കാണ് വാഹനമുണ്ടെന്ന കാരണം പറഞ്ഞു പെൻഷൻ തടഞ്ഞുവച്ചിരിക്കുന്നത്.

∙ കുമാരി ( ആനയറ, വെൺപാലവട്ടം)

ഏതാനും വർഷങ്ങളായി വികലാംഗ പെൻഷൻ വാങ്ങുന്നയാളാണു ഞാൻ. പ്രായമായ അമ്മയ്ക്കൊപ്പമാണ് താമസം. കാറെന്നല്ല ഒരു വാഹനവും ഓടിക്കാൻ കഴിയാത്ത എനിക്ക് നാലുചക്ര വാഹനമുണ്ടത്രെ. പെൻഷൻ തരാൻ സൗകര്യമില്ലെങ്കിൽ അതു പറഞ്ഞാൽ മതിയായിരുന്നു.

ഓണത്തിന് ക്ഷേമ പെൻഷൻ വെട്ടിയത് 2568 പേർക്ക് !

തിരുവനന്തപുരം∙ ജീവിച്ചിരിക്കുന്നവർ മരിച്ചെന്നും സൈക്കിൾ പോലുമില്ലാത്തവർക്ക് 1000 സിസി എൻജിൻ ശേഷിയുള്ള വാഹനമുണ്ടെന്നുമുള്ള കാരണങ്ങൾ നിരത്തി ഓണത്തിനു ക്ഷേമ പെൻഷൻ വെട്ടിയത് 2568 പേർക്ക്. ഇന്നലെ വരെ പരാതിയുമായി കോർപറേഷനിൽ എത്തിയവരുടെ കണക്കാണിത്. വരും ദിവസങ്ങളിൽ ഇതു വർധിക്കുമെന്നാണു സൂചന.

∙  കോർപറേഷനിൽ നിന്ന് 68,575 പേർക്കാണ് പെൻഷൻ നൽകിവന്നത്. ഇതിൽ 938 പേർക്കാണ് നാലുചക്ര വാഹനമുണ്ടെന്ന കാരണത്താൽ ഓണത്തിനു പെൻഷൻ നിഷേധിച്ചത്.  ജീവിച്ചിരിപ്പില്ലെന്ന ന്യായം പറഞ്ഞു ബാക്കി 1630 പേർക്കും  പെൻഷൻ നൽകിയില്ല. വാഹന വിവരങ്ങൾ ലഭ്യമല്ല, മരണ റജിസ്ട്രേഷൻ വിവരങ്ങൾ ലഭ്യമല്ല എന്നീ  കാരണങ്ങളാണു പെൻഷൻ തടഞ്ഞതിനു കാരണമായി പറഞ്ഞിരിക്കുന്നത്.

ഇവരിൽ കൂടുതലും  വാർധക്യ  പെൻഷൻകാരാണ്. ലിസ്റ്റ് പരിശോധിക്കാൻ  വാർഡ് കൗൺസിലർമാർക്കു നൽകിയപ്പോഴാണ് ക്രമക്കേട് ബോധ്യമായത്. ഓരോ വാർഡിലും  പത്തു പേരുടെയെങ്കിലും പെൻഷൻ  തടഞ്ഞിട്ടുണ്ടെന്നാണു വിവരം. ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന അനർഹരെ കണ്ടെത്താൻ നടത്തിയ പരിശോധനയിലെ പിഴവാണ് അർഹർ കൂട്ടത്തോടെ പുറത്താകാൻ കാരണം. 

വീണ്ടും പരിശോധന 

ഒരു ഗുണഭോക്താവു തന്നെ പല പെൻഷൻ കൈപ്പറ്റുന്നുണ്ടെന്നും മരിച്ചവരുടെ പെൻഷൻ ആശ്രിതർ കൈപ്പറ്റുന്നുണ്ടെന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനർഹരെ കണ്ടെത്തുന്നതിന് ആദ്യം കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മാസങ്ങൾ ചെലവഴിച്ചു നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയപ്പോൾ ധന വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ രണ്ടാമതും പരിശോധന നടത്തി.

ഇതിലാണ് അർഹരായ പെൻഷൻകാർ കൂട്ടത്തോടെ പുറത്തായത്. വീണ്ടും പരിശോധന നടത്താനായി മഹിളാ പ്രധാൻ ഏജന്റുമാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, സർക്കാർ രേഖകളിൽ മരിച്ച വ്യക്തികൾക്കു പെൻഷൻ ഉറപ്പാക്കാനായി തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന സത്യവാങ്മൂലം നൽകാൻ കോർപറേഷൻ സൗകര്യമൊരുക്കി. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama