go

‘പണിമുടക്ക് ’ പേരിൽ മാത്രം; ഇത് ഹർത്താൽ തന്നെ..!

trivandrum-train-obstruction
അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് ജനശതാബ്ദി എക്സ്പ്രസ് സമരക്കാർ തടഞ്ഞപ്പോൾ.
SHARE

തിരുവനന്തപുരം ∙ കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത സമരസമിതി നടത്തുന്ന 48 മണിക്കൂർ പണിമുടക്കിന്റെ ആദ്യദിനം  ജില്ലയിൽ ജനത്തിനെ വലച്ചു. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയപ്പോൾ പമ്പ സർവീസ് ഒഴികെയുള്ള കെഎസ്ആർടിസിയും  – സ്വകാര്യബസുകളും യാത്ര നടത്തിയില്ല. ഏതാനും ഓട്ടോറിക്ഷകളും സർവീസ് നടത്തി.റെയിൽവേ സ്റ്റേഷനിൽ എത്തിയവർക്കു പൊലീസും സന്നദ്ധ സംഘടനകളും ചേർന്നു യാത്രസൗകര്യം ഒരുക്കി. 

രാവിലെ നഗരത്തിൽ പലയിടങ്ങളിലായി കടകൾ തുറന്നുവെങ്കിലും സമരാനുകൂലികൾ സംഘമായി എത്തി അടപ്പിച്ചു. വൈകിട്ടോടെ വീണ്ടും നഗരത്തിൽ പലയിടത്തായി കടകൾ തുറന്നു. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞതിനെ തുടർന്നു ട്രെയിൻ ഗതാഗതം താറുമാറായി. സ്വകാര്യപമ്പുകളും തിയറ്ററുകളും പ്രവർത്തിച്ചില്ല. ഇന്നു പൊലീസ് സംരക്ഷണം ഒരുക്കിയാൽ കടകൾ തുറന്നു പ്രവർത്തിപ്പിക്കാനാണ് വ്യാപാരികളുടെ തീരുമാനം.സമരത്തിൽ പങ്കെടുത്ത സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. 

ഭൂരിപക്ഷം സ്കൂളുകളും തുറന്നില്ല. സർക്കർ ഓഫിസുകളിലും പൊതുമേഖല ബാങ്കുകളിലും ഹാജർ നില കുറവായിരുന്നു. ചില ബാങ്കുകൾ രാവിലെ തുറന്നുവെങ്കിലും ജീവനക്കാരില്ലാത്തതിനാൽ അടച്ചു. സ്വകാര്യബാങ്കിങ് സ്ഥാപനങ്ങൾ പലതും തുറന്നു പ്രവർത്തിച്ചു. ഗ്രാമപ്രദേശങ്ങളിൽ ചില കടകൾ തുറന്നു. 

എന്നാൽ നഗരത്തിന്റെ പല ഭാഗത്തും കടകൾ നിർബന്ധിപ്പിച്ചു അടപ്പിക്കുകയും സർവീസ് നടത്തിയ ഓട്ടോകളെ തടയുകയും ചെയ്തു.മണക്കാട്, തമ്പാനൂർ, കഴക്കൂട്ടം തുടങ്ങിയ ഭാഗങ്ങളിൽ ഓട്ടോ– ടാക്സികൾ തടഞ്ഞു.ചിലയിടങ്ങളിൽ പൊലീസ് ഇടപെട്ടു വാഹനം കടത്തി വിട്ടു. വഴുതയ്ക്കാട് , മെഡിക്കൽകോളജ്, കിഴക്കേകോട്ട തുടങ്ങിയ സ്ഥലങ്ങളിൽ സമരാനുകൂലികൾ കടകൾ അടപ്പിച്ചു. വെള്ളയമ്പലം, ശാസ്തമംഗലം തുടങ്ങി നഗരത്തിന്റെ പലഭാഗങ്ങളിലും വൈകിട്ടോടെ കടകൾ തുറന്നു പ്രവർത്തിച്ചു. 

ജില്ലയിൽ രണ്ടിടത്തായി അഞ്ചു തീവണ്ടികൾ തടഞ്ഞു. തമ്പാനൂരിൽ പുലർച്ചെ അഞ്ചിനു പുറപ്പെടേണ്ട വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂറോളം സ്‌റ്റേഷനിൽ തടഞ്ഞിട്ടു. തുടർന്ന് രപ്തിസാഗർ, ജനശതാബ്ദി, എക്‌സപ്രസുകളും നാഗർകോവിൽ പാസഞ്ചറും അരമണിക്കൂറിലേറെ തടഞ്ഞിട്ടു. വർക്കലയിൽ നേത്രാവതി എക്‌സ്പ്രസാണ് അരമണിക്കൂറോളം തടഞ്ഞത്. വർക്കല റെയിൽവേസ്‌റ്റേഷനു മുൻവശത്തെ ബേക്കറി ബലം പ്രയോഗിച്ച് അടയ്ക്കാൻ ശ്രമിച്ചതു വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തി. 

രാജ്യാന്തര വിമാനത്താവളത്തിലെ തൊഴിലാളികളും ആദ്യമായി പണിമുടക്കിൽ പങ്കെടുത്തു. ഇത് മൂലം പല വിമാനങ്ങളും പുറപ്പെടാൻ വൈകി. ഇവിടെയുള്ള ഗ്രൗണ്ട് ഹാൻഡലിങ് വിഭാഗത്തിലെ തൊഴിലാളികളാണ് കുടുതലായി പങ്കെടുത്തത്. വിവിധ വിഭാഗങ്ങളിലെ അഞ്ഞൂറോളം കരാർ തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമായതായി നേതാക്കൾ അറിയിച്ചു. യൂണിയനുകളുടെ ഭാഗമാകാത്ത തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമായില്ല. 

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാന ഉന്നത ഉദ്യോഗസ്ഥരും എത്തിയില്ല.ഇവിടെ 4860 ജീവനക്കാരിൽ 110 പേർ മാത്രമാണ് എത്തിയത്. 23 ഓഫിസുകൾ പ്രവർത്തിക്കുന്ന വികാസ് ഭവനിൽ 1974 ജീവനക്കാരിൽ ഗസറ്റഡ് ഓഫിസർമാർ ഉൾപ്പെടെ 54 പേർ മാത്രമാണ് ഹാജരായത്. നാനൂറോളം ജീവനക്കാരുള്ള ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റും പ്രവർത്തിച്ചില്ല. ഹൗസിങ് ബോർഡ് കെട്ടിടത്തിലെ സർക്കാർ ഓഫിസുകൾ അടഞ്ഞു കിടന്നു. ജീവനക്കാരില്ലാത്തതിനാൽ മൃഗശാലയും സന്ദർശകർക്കായി തുറന്നില്ല. പിഎസ്‌സി ഓഫിസിലും അൻപതിൽ താഴെ പേർ മാത്രമാണു എത്തിയത്. 

കാട്ടാക്കട താലൂക്ക് ഓഫിസ്:  എത്തിയത് 2 പേർ

പണിമുടക്കിനെ തുടർന്ന് കാട്ടാക്കട താലൂക്ക് ഓഫിസ് പ്രവർത്തനം സ്തംഭിച്ചു. 64 ജീവനക്കാരിൽ ജോലിക്കെത്തിയത് തഹസിൽദാറും ഡ്രൈവറും മാത്രം. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama