go

ചെങ്കൽ ശിവലിംഗ പ്രതിഷ്ഠയ്ക്ക് ലോകപ്രശസ്തി; വലിപ്പനിർണയത്തിന് വേണ്ടിവന്നത് 5 മണിക്കൂർ

trivandrum-shivalingam
ശിവം; വിസ്മയം: നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രത്തിലെ ഭീമാകാരമായ ശിവലിംഗത്തിനു മുന്നിൽ ഇന്ത്യ ബുക് ഓഫ് റെക്കാർഡ്സ് സംഘം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്കൊപ്പം.
SHARE

നെയ്യാറ്റിൻകര∙ ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രത്തിലെ ശിവലിംഗം 111.2 അടിയുടെ റെക്കോർഡ് ഉയരം കൊണ്ടു മാത്രമായിരിക്കില്ല ലോകശ്രദ്ധ നേടുക. അത്ഭുതകരവേലകൾ ഒളിപ്പിച്ചിരിക്കുന്ന ഈ ശിവലിംഗം രൂപകൽപനയിലും വിസ്മയവും അഭിമാനവുമാകും. കേദാർനാഥും ബദരീനാഥും സോമനാഥ ക്ഷേത്രവും എന്നല്ല, രാജ്യത്തെ എല്ലാ പ്രമുഖ ശിവക്ഷേത്രങ്ങളിലും തീർഥാടനം നടത്തിയ ശേഷമാണു ചെങ്കൽ മഹേശ്വരം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി 2012 ൽ ശിവലിംഗ നിർമാണത്തിനു പദ്ധതി തയാറാക്കിയത്.

108 അടി ഉയരമുള്ള കർണാടകയിലെ കോലാർ കോടിലിംഗേശൻ ക്ഷേത്രത്തിനായിരുന്നു ഇതുവരെ ഏറ്റവും വലിയ ശിവലിംഗത്തിനുള്ള   റെക്കോർഡ്. ഭീമാകാരമായ ശിവലിംഗത്തിനുള്ളിലൂടെ ഏഴു നിലകൾ കടന്നു ചെന്നാൽ കൈലാസമാണ് സൃഷ്ടിച്ചിട്ടുള്ളത്. അവിടെ ഹിമവൽഭൂവിൽ ശിവപാർവതിമാരെ കാണാം. ഒരേ പീഠത്തിലിരിക്കുന്ന ശിവശക്തി സ്വരൂപമാണ്. ശിവന്റെ 64 ഭാവങ്ങളും അവിടെ ദർശിക്കാം. ശിവലിംഗത്തിനുള്ളിൽ ഏഴു നിലകളിലും 50 പേർക്കു വീതം  ഇരുന്നു ധ്യാനിക്കാനുള്ള ക്രമീകരണമുണ്ട്. 

‘കൈലാസ’ത്തിലേക്കു ചുറ്റിക്കടക്കുന്ന ഗുഹാമാർഗത്തിലെ ഓരോ തട്ടിലും വനഭംഗി ആലേഖനം ചെയ്തിരിക്കുന്നു. നാടും വീടും ഉപേക്ഷിച്ച് ഏഴു വർഷമായി വ്രതശുദ്ധിയോടെ മഠത്തിൽ തങ്ങുന്ന 30 കൊത്തുവേലക്കാരുടെ അക്ഷീണ പ്രയത്നത്തിലാണു ശിവലിംഗം പൂർണതയിലെത്തിയത്. ക്ഷേത്രത്തിന്റെ വായുകോണിൽ ഉയർന്ന ശിവലിംഗത്തിന്റെ നിർമാണത്തിനു ത്രിവേണി സംഗമത്തിലെ പുണ്യതീർഥവും പുണ്യസ്ഥലങ്ങളിലെ മണ്ണും പഞ്ചലോഹങ്ങളും നവരത്നങ്ങളും അഷ്ടധാന്യങ്ങളും ദശപുഷ്പങ്ങളും 64 ദിവ്യ ഔഷധക്കൂട്ടുമെല്ലാം പൂജാവിധികളനുസരിച്ചു സമന്വയിപ്പിച്ചിട്ടുണ്ട്.

വലിപ്പനിർണയം; വേണ്ടിവന്നത് 5 മണിക്കൂർ

ചെങ്കൽ മഹേശ്വരം ശിവ പാർവതീ ക്ഷേത്രത്തിൽ ഉയർന്ന കൂറ്റൻ ശിവലിംഗത്തിന്റെ വലിപ്പം നിർണയിക്കാൻ ഇന്ത്യ ബുക്ക് ഓഫ്  റെക്കാർഡ്സ് അധികൃതർ ചെലവഴിച്ചത് അഞ്ച് മണിക്കൂർ.  രാവിലെ ഒൻപതിന് അഡ്വജുഡീക്കേറ്റർ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലെത്തിയ സംഘം ‘ലെയ്ക ടോട്ടൽ മെഷീൻ’ ഉപയോഗിച്ചാണ് ഉയരം കണ്ടെത്തിയത്.

trivandrum-shivalingam-view

ചുവടിന്റെ ചുറ്റളവും ലിംഗാഗ്രത്തിലെ അളവും രേഖപ്പെടുത്തിയ ശേഷമാണ് ഇന്ത്യയിൽ ഏറ്റവും വലിപ്പമേറിയ ശിവലിംഗമെന്ന് ഉറപ്പാക്കി സർട്ടിഫിക്കറ്റ് നൽകിയത്. ശിവലിംഗത്തിനുള്ളിലെ വിസ്മയ കാഴ്ചകളും സംഘം പരിശോധിച്ച് വിലയിരുത്തി. ഇവരുടെ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ലിംകാ ബുക് ഓഫ് റെക്കോർഡ്സും ഗിന്നസ് വേൾഡ് റെക്കാർഡ്സ് അധികൃതരും തൊട്ടു പിന്നാലെ പരിശോധനയ്ക്കെത്തും.

ദേശീയ തീർഥാടന കേന്ദ്രമാക്കാൻ ശ്രമം നടത്തും: ഒ. രാജഗോപാൽ 

trivandrum-record
ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രത്തിൽ 111.2–അടി ഉയരത്തിൽ നിർമിച്ച ശിവലിംഗം ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയതായി പ്രഖ്യാപിച്ച് ദക്ഷിണേന്ത്യൻ അഡ്വജുഡീക്കേറ്റർ ഡോ.ഷാഹുൽ ഹമീദ് മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിക്ക് സർടിഫിക്കറ്റ് നൽകുന്നു. ഒ.രാജഗോപാൽ എംഎൽഎ, പി.പി.മുകുന്ദൻ തുടങ്ങിയവർ സമീപം.

നെയ്യാറ്റിൻകര∙ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ശിവലിംഗ നിർമാണത്തിലൂടെ പ്രശസ്തിയുടെ കൈലസമേറിയ ചെങ്കൽ മഹേശ്വരം ശിവപാർവതീ ക്ഷേത്രത്തെ ദേശീയ തീർഥാടനകേന്ദ്രമാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് ഒ.രാജഗോപാൽ എംഎൽഎ അറിയിച്ചു. ഇന്ത്യ ബുക്സ് ഓഫ് റെക്കാർഡ്സ് അധികൃതർ ക്ഷേത്രം സന്ദർശിച്ച സംഭവം സാക്ഷ്യപ്പെടുത്താൻ തഹസീൽദാർ കെ.മോഹൻകുമാറും ക്ഷേത്രത്തിലെത്തി. 

പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാർ, പന്നിയോട് സുകുമാരൻ വൈദ്യർ, ക്ഷേത്രം രക്ഷാധികാരി പ്രഫ: തുളസീദാസൻനായർ, സെക്രട്ടറി കെ.ജി.വിഷ്ണു എന്നിവരും മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയോടൊപ്പം ശിവലിംഗം ലോക റെക്കാർഡ്സിലേക്ക് കടന്ന നിമിഷത്തിന് സാക്ഷികളായി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama