go

പണിമുടക്കു തോറ്റു, ഈ പിള്ളേർക്കു മുന്നിൽ

trivandrum-delivery-boy
SHARE

തിരുവനന്തപുരം∙ പണിമുടക്കിൽ നാടു മുഴുവൻ മുങ്ങിയപ്പോൾ 'ലോട്ടറിയടിച്ചത്' ബൈക്കുമായി കൂളായി നിരത്തിലറങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറി പിള്ളേർക്ക്! നഗരത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷണത്തിന്റെ ഡിമാൻഡ് വർധിച്ചതോടെ ഇവർക്കു കിട്ടുന്ന കമ്മിഷൻ മൂന്നിരട്ടി വരെ വർധിച്ചു.  പണിമുടക്കിൽ റസ്റ്ററന്റുകൾ പലതും അടഞ്ഞുകിടക്കുകയും ആളുകൾ വീട്ടിൽ പണിമുടക്ക് ആഘോഷിക്കുകയും ചെയ്തതോടെയാണ് ഊബർ ഈറ്റ്സ്, സ്വിഗ്ഗി, സൊമേറ്റോ തുടങ്ങിയ ഡെലിവറി പ്ലാറ്റ്ഫോമുകളിൽ ഓർഡറുകൾ വർധിച്ചത്. 

പണിമുടക്കായതിനാൽ ഡെലിവറി ഏജന്റുമാരും നിരത്തിൽ കുറവായിരുന്നു. ഒരു നിശ്ചിത റസ്റ്ററന്റിൽ ഓർഡറുകൾ വർ‌ധിക്കുകയും അതിനനുസരിച്ച് ഡെലിവറി ഏജന്റുമാർ സമീപത്ത് ഇല്ലാതിരിക്കുകയും ചെയ്താൽ ഡെലിവറി ചാർജ് തനിയെ വർധിക്കുന്ന സംവിധാനമാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കുള്ളത്. ഊബർ ടാക്സിയിലെ പ്രൈസ് സർജിനു സമാനമാണിത്. ഊബർ ഡ്രൈവർമാർ കുറവാണെങ്കിൽ ഓട്ടം കിട്ടുന്നയാൾക്ക് കൂടുതൽ പണം കിട്ടാമെന്നതാണ് പ്രൈസ് സർജിന്റെ അടിസ്ഥാനം. 

സാധാരണ 10 രൂപ ഡെലിവറി ചാർജ് കഴിഞ്ഞ ദിവസങ്ങളിൽ 30 രൂപ വരെ വർധിച്ചു. സാധാരണ ദിവസങ്ങളിൽ 10 രൂപ ഡെലിവറി ചാർജ്, 10 രൂപ വിവിധ പ്രമോഷനുകൾ, അഞ്ച് രൂപ ഹോട്ടൽ ചാർജ് എന്നിവയടക്കം ശരാശരി 25 രൂപയാണു ഡെലിവറി ബോയിക്കു ലഭിക്കുക. ഡെലിവറി ചാർജായി മൊബൈൽ‌ ആപ്പിൽ കാണിക്കുന്ന തുക മുഴുവൻ ഡെലിവറി ബോയിക്കുള്ളതാണ്.

ഹോട്ടലുകൾക്കും ചാകര !

പണിമുടക്കിൽ തുറന്ന ഹോട്ടലുകൾക്കും ഓൺലൈൻ ഫുഡ് ഡെലിവറി ചാകരയാണ് നൽകിയതെന്ന് ഉടമകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പണിമുടക്കുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്കിടെ നിരത്തിലിറങ്ങാൻ മടിക്കുന്നവർ പോലും ഓൺലൈൻ ഡെലിവറി സൗകര്യം ഉപയോഗിച്ചു. 

മുൻപ് പണിമുടക്ക് സമയങ്ങളിൽ ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നവർ കുറവായതിനാൽ ഹോട്ടൽ തുറക്കുന്നത് അത്ര ലാഭകരമായിരുന്നില്ല. എന്നാലിന്ന് ഓൺലൈൻ ‍ഡെലിവറി ശക്തമായതോടെ കഥ മാറി. ഇനിയുള്ള പണിമുടക്ക്/ഹർത്താൽ ദിവസങ്ങളിൽ പ്രതിഷേധക്കാർ എത്തിയാലും പ്രധാന ഭാഗം അടച്ചിട്ട ശേഷം പിൻഭാഗത്തുകൂടി ഓൺലൈൻ ഡെലിവറി നടത്താമെന്നു കണക്കുകൂട്ടുന്നവരുമുണ്ട്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama