go

കടലിനടിയിൽ സ്ഥാപിച്ചത് 615 കോൺക്രീറ്റ് തൂണുകൾ; വിഴിഞ്ഞത്ത് കപ്പലടുക്കാറാകുന്നു...

trivandrum-beam-construction
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ബെർത്ത് നിർമാണത്തിന്റെ രണ്ടാം ഘട്ടമായ ബീമുകളുടെ സ്ഥാപിക്കൽ പുരോഗമിക്കുന്നു
SHARE

വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖത്ത് കപ്പലടുക്കാനുള്ള ബെർത്തിന്റെ പൈലിങ്(തൂൺവാർക്കൽ) പൂർത്തിയായി. പൈലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബീമുകളുടെ സ്ഥാപിക്കൽ കാൽഭാഗത്തോളം പൂർത്തിയായി. പുലിമുട്ടു നിർമാണത്തിനുള്ള കല്ലെത്തിക്കാൻ ബോട്ടം ഓപ്പൺ ബാർജ് വീണ്ടും കൊല്ലത്തേക്കു തിരിച്ചു. തുറമുഖ നടത്തിപ്പിനുള്ള സാങ്കേതിക സംവിധാനങ്ങൾ സജ്ജമാക്കുന്ന അനുബന്ധ നിർമാണ ജോലികളും പുരോഗതിയിൽ.

പൂർത്തിയായത് 615 പൈലുകൾ 

ആദ്യ ഘട്ട തുറമുഖ വികസനത്തിനു വേണ്ട 800 മീറ്റർ നീളത്തിലും 50 മീറ്റർ വീതിയിലുമാണ് ബെർത്ത് നിർമാണം. ഇതിനായി 2 യൂണിറ്റുകളിൽ നിന്നു തുടങ്ങിയ നിർമാണത്തോടനുബന്ധിച്ച് ആകെ 615 കോൺക്രീറ്റ് തൂണുകളാണ് കടലിനടിയിൽ സ്ഥാപിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ തുടങ്ങിയ ബെർത്ത് നിർമാണം കടുത്ത പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ചാണ് നടന്നത്. പ്രളയ കാലത്തെ കടൽക്ഷോഭത്തിൽ ബെർത്ത് നിർമാണ യൂണിറ്റുകളിലേക്കുള്ള താൽക്കാലിക പാലം തകർന്നതുൾപ്പെടെയുള്ള കനത്ത നാശനഷ്ടങ്ങൾ നേരിടേണ്ടി വന്നു. 

trivandrum-project-area
പദ്ധതി പ്രദേശത്തെ ദൃശ്യം.

എങ്കിലും ഇവയൊന്നും വകവയ്ക്കാതെ അടുത്ത ദിവസങ്ങളിൽ തന്നെ പാലം പുന:സ്ഥാപിച്ചു ബെർത്ത് നിർമാണം തുടങ്ങാൻ നിർമാണ ചുമതലയുള്ള അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കായി. കടൽക്ഷോഭത്തിരകളെ നേരിട്ട് അഞ്ഞൂറോളം തൊഴിലാളികളാണ് ഏകദേശം 20 മുതൽ 25 മീറ്റർ വരെ ആഴമുള്ള കടലിൽ രാപകൽ നീണ്ട പൈലിങ് ജോലികളിലേർപ്പെട്ടത്. 

15 കൂറ്റൻ ക്രെയിനുകളുൾപ്പെടെയുള്ള യന്ത്രസാമഗ്രികളുടെ സഹായത്തോടെയായിരുന്നു പൈലിങ് ജോലികൾ.കടൽ ക്ഷോഭത്തെത്തുടർന്ന് തുറമുഖത്ത് മറ്റു നിർമാണ ജോലികൾ തടസപ്പെട്ടപ്പോഴും പൈലിങ് നിർബാധം തുടർന്നതാണ് നിശ്ചിത സമയത്തിനുള്ളിൽ പൈലിങ് പൂർത്തിയാക്കാനായതെന്ന് അഫ്കോൺസ് കമ്പനി അധികൃതർ പറഞ്ഞു. 

രണ്ടാം ഘട്ട നിർമാണം തുടങ്ങി

കോൺക്രീറ്റ് തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനു കോൺക്രീറ്റ് ബീമുകൾ സ്ഥാപിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തിൽ പുരോഗമിക്കുന്നത്. തുടർന്ന് ബെർത്ത് സംരക്ഷണത്തിനായി കരിങ്കല്ല് ശേഖര നിക്ഷേപമാണ്. എന്നാൽ, ഇതിനു പുലിമുട്ടു നിർമാണം പകുതിയെങ്കിലും പൂർത്തിയാകേണ്ടതുണ്ട്. 

കൊല്ലത്തു നിന്നു വീണ്ടും കല്ലെത്തുന്നു

ഗുജറാത്ത്, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നും കപ്പലിലും വലിയ ബാർജിലും എത്തിച്ച കരിങ്കല്ലു ശേഖരത്തിനൊപ്പം കൊല്ലം തുറമുഖത്ത് സംഭരിച്ചു സൂക്ഷിക്കുന്ന കരിങ്കല്ലു ശേഖരത്തിന്റെ  രണ്ടാമത്തെ ലോഡിനായി ബോട്ടം ഓപ്പൺ(അടിഭാഗം തുറക്കാവുന്ന) ബാർജ് അവിടേക്ക് തിരിച്ചു. നാളെ കല്ലുമായി ബാർജ് വിഴിഞ്ഞത്തടുക്കും.അടിഭാഗം തുറക്കാവുന്ന സംവിധാനമുള്ളതിനാൽ ലോഡിറക്കൽ മിനുട്ടുകൾക്കുള്ളിൽ നടക്കുമെന്ന പ്രത്യേകതയുണ്ട്.

1500 ടൺ ആണ് ഈ ബാർജിന്റെ സംഭരണ ശേഷി. പുലിമുട്ടു നിർമാണത്തിന്റെ ആദ്യ ലോഡ് കരിങ്കല്ല് കൊല്ലത്തു നിന്നാണ് എത്തിച്ചത്. അതിനിടെ 6000 ടൺ സംഭരണ ശേഷിയുള്ള ടിയാൻജൻ എന്ന കൂറ്റൻ ബാർജ് 2 ാം ലോഡ് തൂത്തുക്കുടിയിൽ നിന്നും കഴിഞ്ഞ ദിവസം എത്തിച്ചു. ഗുജറാത്തിൽ നിന്നും 30,000 ടൺ കരിങ്കല്ലുമായി എത്തിയ പ്രൊപ്പൽ പ്രോഗ്രസ് എന്ന വിദേശ കപ്പലിൽ നിന്നുള്ള ലോഡിറക്കൽ ഇനിയും പൂർത്തിയായിട്ടില്ല. കാലാവസ്ഥ വ്യതിയാനമാണ് കാരണം. 

കൂടുതൽ കല്ലു ലഭിക്കാൻ സാധ്യത

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കല്ലെത്തിക്കലിനൊപ്പം തലസ്ഥാന ജില്ലയിലെ ഒരു ക്വാറിയിൽ നിന്നു കൂടി കരിങ്കല്ല് ലഭ്യതയ്ക്കു സാധ്യത തെളിഞ്ഞതായി സൂചനയുണ്ട്. അങ്ങനെയെങ്കിൽ പുലിമുട്ടു നിർമാണത്തിനു വരും ദിവസങ്ങളിൽ വേഗമേറും. പദ്ധതി പ്രദേശത്തിനു അധികം അകലെയല്ലാതെ ഫിഷറീസ് വകുപ്പിന്റെ അധീനസ്ഥലത്തു നിന്നു കരിങ്കല്ലു ലഭ്യതക്കും സാധ്യതയുണ്ട്. ഇതു സംബന്ധിച്ച ഉന്നതല ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് സൂചന.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama