go

യുവാവിനെ തട്ടികൊണ്ടുപോയി വിഡിയോ ചിത്രീകരിച്ചു; വർക്കലയിൽ അർധരാത്രി നടന്നത്..

Kollam News
വർക്കലയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ ...
SHARE

വർക്കല∙ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചു അവശനാക്കി കൊള്ളയടിച്ച കേസിൽ കൊലക്കേസ് പ്രതിയടക്കം നാലു സദാചാര ഗുണ്ടകളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ബീച്ചിൽ താമസിക്കുന്ന സുഹൃത്തിനെ കാണാനെത്തിയ കൊട്ടാരക്കര പുത്തൂർ തേവലപ്പുറം നന്ദനത്തിൽ പ്രശാന്തിനെയാണ്(35) അഞ്ചു പേരടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചത്. പ്രശാന്തിന്റെ മുതുകിലും കാലിലും മർദനമേറ്റു.

കൂടാതെ സ്വർണമാല, വിലകൂടിയ മൊബൈൽ ഫോൺ, പണം എന്നിവയും കവർന്നു. ഭീഷണിപ്പെടുത്താൻ മോഷണം, അസാന്മാർഗിക പ്രവർത്തികൾക്കു വന്നതാണെന്നു പ്രശാന്തിനെ കൊണ്ടു പറയിക്കുന്ന വിഡിയോയും ചിത്രീകരിച്ചു. വർക്കല തിരുവമ്പാടി വാറിൽ വീട്ടിൽ ജസ്മീർ(20), കുരയ്ക്കണ്ണി ഐഷ ഭവനിൽ ബസാം(20), പുന്നകുളം ചരുവിള വീട്ടിൽ ആഷിക് (20), തിരുവമ്പാടി ഇസ്മയിൽ മൻസിലിൽ ബദിൻഷാ(34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒരാൾ ഒളിവിലാണ്. ബദിൻഷാ 2014ൽ തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.

സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: മാർച്ച് 11ന് രാത്രി 12ന് സ്കൂട്ടറിലെത്തിയ പ്രശാന്ത് ഓടയം അഞ്ചുമുക്കിൽ സുഹൃത്തിനെ കാത്തു നിൽക്കവേയാണ് കാറിലെത്തിയ രണ്ടു പേർ പ്രശാന്തിനെ ചോദ്യം ചെയ്തത്. ഇതിനെതിരെ പ്രശാന്ത് പ്രതികരിച്ചതിനെ തുടർന്നു സ്ഥലത്ത് കൂടുതൽ പേരെ വിളിച്ചു വരുത്തി പ്രശാന്തിനെ ബലമായി കാറിൽ കയറ്റി തിരുവമ്പാടിയിലെ വിജനമായ സ്ഥലത്തെത്തിച്ചാണ് പുലർച്ചെ 4.30 വരെ ഇരുമ്പുവടികളും മറ്റും ഉപയോഗിച്ചു ക്രൂര മർദനം നടത്തിയത്. ഇതിന് ശേഷം രണ്ടര പവന്റെ മാല, 15,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ, 7,500രൂപ എന്നിവ കവർന്നു.

trivandrum-prashanth
പ്രശാന്തിന്റെ മുതുകിൽ മർദനമേറ്റതിന്റെ പാടുകൾ.

തുടർന്നു മോഷണത്തിനും മറ്റും വന്നതാണെന്നു പറയിക്കുന്ന വിഡിയോയും ചിത്രീകരിച്ച ശേഷം ഓടയം അഞ്ചുമുക്കിൽ തിരികെയെത്തിച്ചു പ്രതികൾ സ്ഥലം വിട്ടു. പുലർച്ചെയോടെ വർക്കല പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രശാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടികൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ വിശദാംശങ്ങൾ സംഭവ സ്ഥലത്തെ നിരീക്ഷണ ക്യാമറകളിലൂടെ ഉടനടി കണ്ടെത്തിയാണ് പ്രതികളായ അഞ്ചു പേരിൽ നാലു പേരെയും അകത്താക്കിയത്.

അസമയത്ത് പാപനാശം, ഹെലിപാഡ്, ഓടയം ബീച്ച് എന്നിവടങ്ങളിൽ വന്നെത്തുന്ന നിരവധി പേരെ സദാചാര ഗുണ്ടകൾ ചമഞ്ഞു പ്രതികൾ ക്രൂരമായി മർദിച്ചതായി തെളിവുണ്ടെന്നു പൊലീസ് പറയുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ഫേമസ് വർഗീസ്, വർക്കല എസ്എച്ച്ഒ ജി. ഗോപകുമാർ, എസ്ഐമാരായ ശ്യാംജി, ജയകുമാർ, എഎസ്ഐ വിജയകുമാർ, സീനിയർ സിപിഒമാരായ ഇർഷാദ്, മുരളീധരൻ, നവാസ്, സിപിഒ നാഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ വർക്കലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് പ്രശാന്ത്.

ഭീഷണിപ്പെടുത്താൻ വിഡിയോ ചിത്രീകരണവും

വർക്കല∙ ഞാൻ മോഷ്ടാവാണെന്നും അസാന്മാർഗിക പ്രവൃത്തികൾക്ക് വേണ്ടി വന്നതാണെന്നും പ്രശാന്തിനെ കൊണ്ടു പറയിക്കുന്ന വിഡിയോകളാണ് ആണ് ഇരയെ ഭീഷണിപ്പെടുത്താൻ സംഘം ഉപയോഗിച്ച പ്രധാന ആയുധമെന്നു വർക്കല എസ്എച്ച്ഒ ജി.ഗോപകുമാർ പറഞ്ഞു. സദാചാര ഗുണ്ടായിസം കവർച്ചയും നടത്തി വിലസുന്ന സംഘം ഇരകളെ തപ്പിയെടുത്ത് മർദിച്ചു വിഡിയോയിൽ മോഷ്ടാവോ എല്ലെങ്കിൽ അസാന്മാർഗിക ആവശ്യത്തിന് എത്തിയെന്നു പറയിപ്പിച്ചാണ് ഇരകളെ ഒതുക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇടുമെന്നു ഭീഷണിപ്പെടുത്തുന്നതോടെ പലരും പരാതിയിൽ നിന്നു പിൻവാങ്ങും. ഇത്തരത്തിൽ പലരെയും വലയിലാക്കി കവർച്ച നടത്തി "മൊഴി" രേഖപ്പെടുത്തി വിടുന്ന സംഭവങ്ങൾ മേഖലയിൽ ഇതിനു മുൻപും നടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama