go

ഓപ്പറേഷൻ അനന്ത: അനന്തമായി രണ്ടാംഘട്ടം

thiruvananthapuram news
SHARE

തിരുവനന്തപുരം ∙ മഴക്കാലത്തു നഗരത്തെ നരകമാക്കി മാറ്റുന്ന സ്ഥിതിക്കു മാറ്റമുണ്ടാക്കാൻ ഓപ്പറേഷൻ അനന്തയുടെ രണ്ടാം ഘട്ടം നടപ്പാക്കണമെന്ന ശുപാർശയിൽ തീരുമാനമെടുക്കാതെ സർക്കാർ. രണ്ടാം ഘട്ടം ഉടൻ തുടങ്ങണമെന്നു 2017 ജൂണിൽ അന്നത്തെ ജില്ലാ കലക്ടർ എസ്.വെങ്കിടേസപതി നൽകിയ ശുപാർശയാണ് ഇപ്പോഴും റവന്യു വകുപ്പിൽ പൊടിപിടിച്ചു കിടക്കുന്നത്.

കഴിഞ്ഞദിവസം പെയ്ത ഒറ്റമഴയിൽ തന്നെ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. മഴ ശക്തമാകുമ്പോൾ സ്ഥിതി ഗുരുതരമാകും. എന്നിട്ടും അനന്തയുടെ രണ്ടാം ഘട്ടത്തിലേക്കു കടക്കാൻ സർക്കാർ മടിക്കുന്നു. പലരുടെയും അനധികൃത നിർമാണങ്ങൾ തെറിക്കുമെന്ന് ഉറപ്പായതിനാൽ രാഷ്ട്രീയ–ഉദ്യോഗസ്ഥ കൂട്ടുകെട്ടു രണ്ടാം ഘട്ടം യാഥാർഥ്യമാകാതിരിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. 

രണ്ടാം ഘട്ടമില്ലെങ്കിൽ ആദ്യഘട്ടം പാഴാകും

കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു വെള്ളപ്പൊക്ക സാധ്യത ഇല്ലാതാക്കാൻ കുറഞ്ഞത് 200 വർക്കുകളെങ്കിലും നടത്തണമെന്നാണ് കലക്ടർ ശുപാർശ നൽകിയത്. ഓടകൾ തെളിക്കാനും തമ്പാനൂരിലെ വെള്ളക്കെട്ടിന് ഒരു പരിധിവരെ പരിഹാരം കാണാനും ഒന്നാം ഘട്ടത്തിൽ സാധിച്ചിരുന്നു. ഒന്നാംഘട്ട പ്രവർത്തനങ്ങൾ നടന്ന സ്ഥലങ്ങൾ കലക്ടർ നേരിട്ടു പരിശോധിച്ച ശേഷമാണു റിപ്പോർട്ട് തയാറാക്കിയത്.

രണ്ടാംഘട്ടം ചെയ്തില്ലെങ്കിൽ ഒന്നാം ഘട്ടത്തിൽ ചെയ്ത പ്രവൃത്തികൾക്കു ഫലമില്ലാതാകുമെന്നും സർക്കാരിനെ അറിയിച്ചിരുന്നു. കരിമഠം കോളനിയിൽ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കണം. ഉപ്പിടാംമൂട് പാലം, കരിയൽ തോട്, പട്ടം തുടങ്ങിയ ഭാഗങ്ങളിൽ ഓടകൾ വൃത്തിയാക്കണം. മാലിന്യ സംസ്കരണത്തിനായി വേസ്റ്റ് മാനേജ്മെന്റ് സംവിധാനം കൊണ്ടുവരണമെന്നും കലക്ടറുടെ റിപ്പോർട്ടിലുണ്ട്.

ഒന്നാം ഘട്ടത്തിൽ നടന്നത്...

കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ ഓപ്പറേഷൻ അനന്ത ഒന്നാം ഘട്ടത്തിൽ തമ്പാനൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചു. തൈക്കാട് ആശുപത്രി ഭാഗത്തുനിന്നു വരുന്ന വെള്ളമാണു തമ്പാനൂരിൽ ദുരിതമായി മാറിയുന്നത്. പൊന്നറ പാർക്കിനു ചുറ്റുമുള്ള ഓടകളുടെ വീതി കൂട്ടി. ചൈത്രം ഹോട്ടലിനു മുന്നിലൂടെ റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകുന്ന ഓടയും റെയിൽവേ പ്ലാറ്റ്ഫോമിന് അടിയിലൂടെ പവർഹൗസ് ഭാഗത്തേക്കു പോകുന്ന ഓടയും ശുചിയാക്കിയതോടെയാണു വെള്ളക്കെട്ടിനു ശമനം ഉണ്ടായത്.

രണ്ട് ഓടകളിൽ നിന്നും 800 ലോഡ് മണ്ണും മാലിന്യവും നീക്കം ചെയ്തു. പഴവങ്ങാടി മുതൽ അഭേദാനന്ദാശ്രമം വരെയുള്ള അഴുക്കുചാൽ പുനർനിർമിച്ചു. തമ്പാനൂർ-മോസ്ക് ലെയ്ൻ, തെക്കനംകര കനാൽ, പുത്തരിക്കണ്ടം, അരിസ്റ്റോ ജംക്‌ഷൻ, രാമചന്ദ്രൻ ടെക്സ്റ്റൈൽസിനു സമീപം, മാഞ്ഞാലിക്കുളം റോഡ്, അട്ടക്കുളങ്ങര, റൂബി നഗർ, ഇടപ്പഴിഞ്ഞി, അട്ടക്കുളങ്ങര - കിള്ളിപ്പാലം,

ആര്യശാല - അട്ടക്കുളങ്ങര, മരക്കട - കുര്യാത്തി, ചാല - എരുമക്കുഴി, കുര്യാത്തി റോഡ് – റൊട്ടിക്കട ജംക്​ഷൻ, കിള്ളിപ്പാലം-തമിഴ് സ്കൂൾ, കുര്യാത്തി - ബിഎസ്എൻഎൽ വളപ്പ്, ആമയിഴഞ്ചാൻ തോട് തുടങ്ങിയ സ്ഥലങ്ങളിലും അന്നു ജോലികൾ നടന്നു. അന്നത്തെ മന്ത്രി വി.എസ്.ശിവകുമാർ, ചീഫ് സെക്രട്ടറി ജിജി തോംസൺ, ജില്ലാ കലക്ടർ ബിജു പ്രഭാകർ എന്നിവരുടെ ജാഗ്രതയാണ് ഒന്നാം ഘട്ടത്തെ വിജയത്തിലെത്തിച്ചത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama