go

നാടകാന്തം വാദി പ്രതി; ഈ ട്വിസ്റ്റ് അത്യപൂർവം

trivandrum-remanded-suspects-to-jail
റിമാൻഡ് ചെയ്യപ്പെട്ട ശാന്ത, കൃഷ്ണമ്മ, ചന്ദ്രൻ, കാശി എന്നിവരെ മജിസ്ട്രേറ്റിന്റെ വസതിയിൽ നിന്ന് രാത്രിയോടെ ജയിലിലേക്ക് കൊണ്ടുപോകുന്നു.
SHARE

തിരുവനന്തപുരം∙ ആത്മഹത്യ കൊലപാതകവും, കൊലപാതകം ആത്മഹത്യയുമായി മാറിയനാടകീയ സംഭവങ്ങൾ കേരളത്തിൽ ഏറെയുണ്ട്. ആ മാറ്റത്തിനിടയിൽ കാഴ്ചക്കാരൻ പ്രതിയും പ്രതി കാഴ്ചക്കാരനുമായി മാറിയിട്ടുണ്ട്. എന്നാൽ  ആത്മഹത്യ നടന്ന് ഒറ്റ രാത്രി കൊണ്ടു വാദി പ്രതിയായ നെയ്യാറ്റിൻകര സംഭവം അത്യപൂർവം. വില്ലനായത് ആത്മഹത്യാക്കുറിപ്പും. കാള പെറ്റു എന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന രാഷ്ട്രീയക്കാർക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഈ ട്വിസ്റ്റ് .

trivandrum-crying-friends
വൈഷ്ണവിയുടെ മൃതദേഹം കണ്ടു പൊട്ടിക്കരയുന്ന സുഹൃത്തുക്കൾ.

ജപ്തി നടപടികളിൽ മനംനൊന്ത് അമ്മയും മകളും  ആത്മഹത്യ ചെയ്തു  എന്ന വാർത്ത പ്രചരിച്ചപ്പോഴും ഭർത്താവ് ചന്ദ്രന്റെ അസ്വാഭാവിക പ്രതികരണത്തിൽ  പന്തികേടു ദർശിച്ചവരുണ്ട്. മകളും ഭാര്യയും തീയിലമർന്നു കിടക്കുമ്പോൾ ഒരു ഭർത്താവ് പ്രതികരിക്കുന്നതുപോലെയല്ല ചന്ദ്രൻ പ്രതികരിച്ചത്. മരണത്തിനു ശേഷവും ബാങ്കുകാർ തന്നെ വിളിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞത് അവിശ്വസനീയമായി. മരണം നടന്നയുടൻ അതിനെ വീട് ജപ്തിയുമായി ബന്ധിപ്പിച്ചു പ്രചാരണം നൽകിയതും ചന്ദ്രൻ തന്നെയാണ്.

trivandrum-crowd
ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ തടിച്ചുകൂടിയ നാട്ടുകാർ.

അതേസമയം ആത്മഹത്യയിലെ ഈ ട്വിസ്റ്റിനു നാടകീയത കൈവന്നത് ആത്മഹത്യാ കുറിപ്പ് പൊലീസിനു കിട്ടാൻ ഒരു ദിവസം വൈകിയതാണ്.  തീ കത്തിയണഞ്ഞ മുറിക്കുള്ളിൽ ഇന്നലെ രാവിലെയാണ് പൊലീസ് പരിശോധന നടത്തിയത്. കുറിപ്പ് മിനിയാന്നേ കിട്ടിയിരുന്നെങ്കിൽ ഇന്നലത്തെ പത്രങ്ങളുടെ തലക്കെട്ട് മറ്റൊന്നാകുമായിരുന്നു. കുറിപ്പ്  തീയിൽപ്പെട്ടു കത്തിക്കരിഞ്ഞില്ലെന്നതും ബന്ധുക്കൾ നേരത്തെ കണ്ടില്ല എന്നതും ഭാഗ്യമായി.

ആത്മഹത്യ നാടകീയമായി കൊലപാതകമായി മാറിയ കേസുകൾ  കേരളത്തിൽ പലതുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം പാനൂർ എസ്ഐ സോമൻ വെടിയേറ്റു മരിച്ച സംഭവമാണ്.സോമന് വെടിയേൽക്കുമ്പോൾ സ്റ്റേഷനുള്ളിൽ 6 പൊലീസുകാരുണ്ടായിരുന്നു. ബാലിസ്റ്റിക് വിദഗ്ധന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതു നിശ്ചിത ദൂരത്തിനപ്പുറത്തു നിന്നുള്ള വെടിയായതിനാൽ കൊലപാതകമായി.

പൊലീസുകാരെല്ലാം പ്രതികളുമായി. കീഴ് കോടതി പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. എന്നാൽ സുപ്രീംകോടതി ബാലിസ്റ്റിക് റിപ്പോർട്ട് തള്ളിയതോടെ കൊലപാതകം വീണ്ടും ആത്മഹത്യയായി. പൊലീസുകാർ വിട്ടയയ്ക്കപ്പെട്ടു. ആത്മഹത്യ കൊലപാതകവും കൊലപാതകം ആത്മഹത്യയുമായ മറ്റൊരു സംഭവമാണ് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പാറയിൽ നടന്ന സാലി വധക്കേസ്.

കഴുത്തിനു വെട്ടേറ്റു വീട്ടിനുള്ളിൽ മരിച്ചു കിടന്ന സാലിയുടെ ഘാതകനുവേണ്ടി പൊലീസ് ഏറെ വിയർപ്പൊഴുക്കി. കാഞ്ഞിരപ്പാറയിൽ ഒട്ടേറെ സമരപരമ്പരകൾ അരങ്ങേറി. ഒടുവിൽ അതും ആത്മഹത്യയായി തന്നെ  ഫയൽ മടക്കി. ബേബി ജോണിനെപ്പോലെ സമുന്നതനായ ഒരു നേതാവിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ സരസൻ കേസ് നടന്നിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. സരസന്റെ മരണം ബേബിജോണിന്റെ രാഷ്ട്രീയ ഭാവിയെപ്പോലും ബാധിച്ചു. ഒടുവിൽ അഞ്ചു വർഷംകഴിഞ്ഞ് നാടകീയമായി സരസൻ തിരിച്ചു വന്നപ്പോൾ മാത്രമാണ് ജനമനസുകളിൽ ബേബി ജോൺ കുറ്റവിമുക്തനായത്.

ആത്മഹത്യയോ കൊലപാതകമോ എന്നറിയാതെ പൊലീസ് നട്ടംതിരിഞ്ഞ സംഭവമാണ്  രണ്ടു പതിറ്റാണ്ടു മുമ്പ് തലസ്ഥാനത്ത് നടന്ന രാജേന്ദ്രൻ കാണിയുടെ മരണം. കൊന്നു കായലിൽ തള്ളി എന്നും  വീട്ടിൽ ആത്മഹത്യാ ശ്രമം നടത്തി പരാജയപ്പെട്ട രാജേന്ദ്രൻ കാണി സ്കൂട്ടറിൽ കയറി വേളി പാലത്തിലെത്തി കായലിൽ ചാടി മരിച്ചുവെന്നും  പൊലീസുകാർക്കിടയിൽ രണ്ടു വാദം.

പക്ഷേ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യാ ശ്രമത്തിനിടയിൽ കഴുത്തിൽ വീണ പാട് കൊലപാതകത്തിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു. സംസ്ഥാനത്ത് പ്രമുഖരായ രണ്ട് ഐപിസി ഉദ്യോഗസ്ഥർ അപ്പുറത്തും ഇപ്പുറത്തും നിന്ന് ആത്മഹത്യ- കൊലപാതകം എന്നു പരസ്പരം വാദിച്ച  സംഭവം ഒടുവിൽ ആത്മഹത്യയായി തന്നെയായി സമാപിച്ചു .ആത്മഹത്യ കൊലപാതകമായി മാറിയ അഭയ കേസ് ചരിത്രത്തിന്റെ ഭാഗം.

കേരള പൊലീസ് ചരിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് സുകുമാരക്കുറുപ്പിന്റേതാണ്. ആദ്യം സുകുമാരക്കുറുപ്പ് എന്ന ഗൾഫ് മലയാളി കാർ കത്തിയമർന്ന്  മരിച്ചതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട്  ഫിലിം റെപ്രസന്റേറ്റീവ് ചാക്കോണു മരിച്ചതെന്നു വാർത്തയിൽ ട്വിസ്റ്റ്. ഒടുവിൽ അപകട മരണം കൊലപാതകമായി. മരിച്ചെന്നു കരുതിയ സുകുമാരക്കുറുപ്പ് വില്ലനായി. വില്ലൻ പിടികിട്ടാപ്പുള്ളിയുമായി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama