go

കൊടി മാറ്റി : അണ്ടൂർക്കോണത്ത് സിപിഎം –കോൺഗ്രസ് ഏറ്റുമുട്ടൽ

tvm-attack
ഹരീഷ് , ജസിമിന്റെ മൂക്കിൽ തടികഷ്ണം തുളച്ചു കയറിയ നിലയിൽ
SHARE

പോത്തൻകോട് ∙ അണ്ടൂർക്കോണം കുന്നുംപുറത്ത്  കൊടിഎടുത്തുമാറ്റിയെന്നാരോപിച്ച് സിപിഎം –കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘട്ടനം. ഏറ്റുമുട്ടലിൽ ഗുരുതര പരുക്കേറ്റ ഡിവൈഎഫ്ഐ കണിയാപുരം മേഖല സെക്രട്ടറി റഫീഖ് (31) സിപിഎം ലോക്കൽകമ്മിറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഹരീഷ് കുമാർ (39)  എന്നിവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. തടികഷ്ണം കൊണ്ടുള്ള അടിയിൽ തലയ്ക്കും മൂക്കിനും പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജസിമി(30) നെ മെഡിക്കൽകോളജ് ആശുപത്രിയിൽ നിന്നു പ്രാഥമിക ചികിൽസയ്ക്കുശേഷം പൊലീസ് അറസ്റ്റു ചെയ്ത് സ്റ്റേഷനിൽ എത്തിച്ചെങ്കിലും കോൺഗ്രസ് പ്രവർത്തകരുടെ ഇടപെടലിൽ വീണ്ടും കന്യാകുളങ്ങര സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവിടെ പൊലീസ് കാവലും ഏർപ്പെടുത്തി.

trivandrum-rafeeq
റഫീഖ്

സംഭവത്തിൽ ഇരു കൂട്ടർക്കെതിരെയും പോത്തൻകോട് പൊലീസ് കേസെടുത്തു. ശശിതരൂർ എംപിയുടെ പര്യടനവുമായി ബന്ധപ്പെട്ട് കെട്ടിയിരുന്ന കൊടികൾ സിപിഎം പ്രവർത്തകർ എടുത്തു മാറ്റിയെന്ന ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് കോൺഗ്രസ് വാഴവിള ബൂത്ത് പ്രസിഡന്റു കൂടിയായ ജെസിമിന്റെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ സിപിഎമ്മിന്റെ കൊടിയും കൊടിമരങ്ങളും നശിപ്പിച്ചതായും പറയുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസമുണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങി രാത്രി 9.30തോടെയായിരുന്നു സംഭവം. സംഘർഷത്തിനിടെ ജെസിം കയ്യിൽ കരുതിയിരുന്ന കത്തി റഫീഖിന്റെയും ഹരീഷിന്റെയും ദേഹത്ത് തുരുരെ കുത്തിയതായാണ് പറയുന്നത്. തടിക്കഷ്ണം കൊണ്ട് സിപിഎം പ്രവർത്തകർ ജെസിമിനെയും മർദ്ദിച്ചവത്രേ.

ജെസിമിന്റെ തലയ്ക്കും മൂക്കിനും പരുക്കേറ്റു. മൂക്കിൽ തടിക്കഷ്ണം തുളച്ചുകയറുകയും ചെയ്തു.  മൂന്നു പേരെയും ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ തന്നെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റഫീഖിന് മുഖത്തും വയറിലും, ഹരീഷ്കുമാറിന് കഴുത്തിനു പിൻവശത്തും മുതുകിലും ആഴത്തിലുള്ള നിരവധി മുറിവുകളുണ്ട്. റഫീഖിനെ ശസ്ത്രക്രീയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇരുവരും അപകട നില തരണം ചെയ്തതായാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.  കൊടി എടുത്തതുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ചുവരെഴുത്തും പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പട്ട് നേരത്തെ തന്നെ ഇവിടെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു.സംഭവത്തിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും മുൻ വൈരാഗ്യം മാത്രമെന്നും രണ്ടു കൂട്ടരുടെയും പരാതിയിൽ കേസെടുത്തതായും പോത്തൻകോട് സിഐ പിഎസ് സുജിത്ത് പറഞ്ഞു. മുൻപ് ഹരീഷിന്റെ ഓട്ടോറിക്ഷ തകർത്തതുമായി ബന്ധപ്പെട്ട് ജെസിമിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ കേസുള്ളതായും സിഐ അറിയിച്ചു. സിപിഎം–ഡിവൈഎഫ്ഐ നേതാക്കളെ കുത്തിപ്പരുക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ഹർത്താൽ ആഹ്വാനം ചെയ്തതിനെ തുടർന്ന് ഇന്നലെ അണ്ടൂർക്കോണത്ത് വ്യാപാര സ്ഥാപനങ്ങളടക്കം അടഞ്ഞു കിടന്നു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama