go

മുഖ്യമന്ത്രിയുടെ യോഗ സമയത്തു കോടിയേരിയുടെ പ്രതിഷേധം; വിവാദം

Pinarayi Vijayan, Kodiyeri Balakrishnan
SHARE

തിരുവനന്തപുരം ∙ കെട്ടിക്കിടക്കുന്ന ഫയലുകൾ അതിവേഗം തീർപ്പാക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച സമയത്തു ജീവനക്കാരുടെ സംഘടനയുടെ പ്രതിഷേധം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തതു വിവാദത്തിൽ.

സിപിഎം സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ ‘രചന’യാണു മുഖ്യമന്ത്രിയുടെ യോഗസമയത്തു പ്രതിഷേധം സംഘടിപ്പിച്ചത്. അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി ഉയർത്തിയ ഭീഷണിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു പരിപാടി. ഇതിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് അസോസിയേഷൻ നേതാക്കൾ കർശനനിർദേശം നൽകിയിരുന്നു. എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റും അണ്ടർ സെക്രട്ടറിയുമായ പി.ഹണിയും മുഖ്യമന്ത്രിയുടെ യോഗം ബഹിഷ്കരിച്ചു.

ഒരാഴ്ച മുൻപു നടന്ന എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത പിണറായി, ഫയലുകൾ തീർപ്പാക്കാത്തതിനെ വിമർശിച്ചു. സാധാരണക്കാരെ സർക്കാരിൽ നിന്ന് അകറ്റുന്നതിനെ  വിമർശിച്ച അദ്ദേഹം മൂന്നു മാസത്തിനകം ഫയലുകൾ തീർപ്പാക്കുമെന്നും വ്യക്തമാക്കി.

ഇതിന്റെ ഭാഗമായാണു തിങ്കളാഴ്ച വൈകിട്ടു മൂന്നിനു സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ മുഖ്യമന്ത്രിയുടെ വകുപ്പായ പൊതുഭരണവകുപ്പിലെ ഡപ്യൂട്ടി സെക്രട്ടറിമാർ മുകളിലോട്ടുള്ള തസ്തികകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. പിണറായി വിജയനും ചീഫ് സെക്രട്ടറി ടോം ജോസും ധനകാര്യം, നിയമം ഒഴികെയുള്ള വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒരാഴ്ച മുൻപേ തീരുമാനിച്ച യോഗമാണ് ഇത്. ഇക്കാര്യം എല്ലാവരെയും അറിയിച്ചിരുന്നു.

എന്നാൽ സെക്രട്ടേറിയേറ്റിനു മുന്നിൽ എംപ്ലോയീസ് അസോസിയേഷന്റെ പ്രതിഷേധം നിശ്ചയിച്ചതു രണ്ടു ദിവസം മുൻപും. മുഖ്യമന്ത്രിയുടെ യോഗത്തെ വെല്ലുവിളിച്ചുകൊണ്ട് അസോസിയേഷൻ നേതാക്കൾ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചപ്പോൾ കോടിയേരി അതേക്കുറിച്ചു ചോദിച്ചതുമില്ല. ജോലി സമയത്തു പരിപാടികൾ സംഘടിപ്പിക്കരുതെന്ന നിയമം നിരന്തരം ലംഘിക്കുകയാണു സംഘടനകൾ.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama