go

ഐഎഎസുകാരെ തേടി മറവിരോഗ വൈറസ് !

trivandrum-collectors
SHARE

ഈയിടെയായി കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ  മാരകമായ  രോഗം പടർന്നു പിടിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രിക്ക്  രഹസ്യ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിന്റെ പകർപ്പ് സോമരസത്തിനു ചോർന്നു കിട്ടിയിട്ടുണ്ട്. എന്നാൽ സംസ്ഥാന താൽപര്യം കണക്കിലെടുത്തു റിപ്പോർട്ടിന്റെ പൂർണ ഉള്ളടക്കം പുറത്തുവിടുന്നില്ല. 

trivandrum-somarasam

ഒരു എക്സ്ക്ലുസീവിനേക്കാൾ എന്തുകൊണ്ടും ഒരു പണത്തൂക്കം മുൻതൂക്കം സംസ്ഥാന താൽപര്യത്തിനു നൽകാനുള്ള ധാർമികമായ ഉത്തരവാദിത്തം ഓരോ ഇന്ത്യൻ പൗരനുമുണ്ട്. അത് ഏതു കൊടികെട്ടിയ പത്രപ്രവർത്തകനും ബാധകമാണ്.  ഭരണഘടനയുടെ 370–ാം വകുപ്പിൽ മാറ്റം വരുത്തിയതു കൊണ്ട് ആ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല. 

മര്യാദപുരുഷോത്തമാനായ ശ്രീറാം വെങ്കട്ടരാമനാണ് ആദ്യം  രോഗത്തിന്റെ വൈറസ് ബാധിച്ചതെന്നാണു രഹസ്യ റിപ്പോർട്ടിൽ പറയുന്നത്. അദ്ദേഹം അടുത്ത കാലത്തു വിദേശത്തു പോയതു കാരണം അവിടെ നിന്നായിരിക്കണം വൈറസിന്റെ ഉത്ഭവമെന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും ഈ രോഗത്തിന് ഇതുവരെ മറുമരുന്നു കണ്ടുപിടിച്ചിട്ടില്ലെന്നാണു ലോകാരോഗ്യ സംഘടനയിൽ നിന്നു കിട്ടുന്ന വിവരം. 

എയ്ഡ്സ്, നിപ തുടങ്ങിയ രോഗങ്ങൾക്കാണെങ്കിൽ എന്തൊക്കെയോ  ഒറ്റമൂലികൾ ആരോഗ്യ വകുപ്പു കേന്ദ്രത്തിൽ നിന്നും അമേരിക്കയിൽ നിന്നുമെല്ലാം സംഭരിച്ചു ഗോഡൗണുകളിൽ ശേഖരിച്ചിട്ടുണ്ട്. പക്ഷേ ഐഎഎസുകാരെ ബോധിക്കുന്ന ഈ പുതിയ രോഗത്തിന്റെ മറുമരുന്നു കണ്ടുപിടിക്കാനുള്ള ഗവേഷണം ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ തുടങ്ങിയിട്ടേയുള്ളൂ. 

ശ്രീറാം വെങ്കിട്ടരാമന്റെ കാര്യം സഹിക്കാം. അദ്ദേഹം കൊലപ്പാതിര നേരത്ത് ഒരു അപകടത്തിൽ പെട്ടതിന്റെ ആഘാതത്തിലാണു രോഗബാധയുണ്ടായത്.  തൊട്ടുമുമ്പുണ്ടായ സംഭവങ്ങളെല്ലാം അദ്ദേഹം മറന്നുപോയി. അത് അവിശ്വസിക്കേണ്ടതില്ല. എന്നാൽ നമ്മുടെ സ്വന്തം കലക്ടറാണ് അദ്ദേഹത്തെ പരിചരിക്കാൻ കിംസിലും മെഡിക്കൽ കോളജിലുമെല്ലാം രാപകൽ നിൽക്കുന്നത്. ഈ പറഞ്ഞ വൈറസ് പകരുമെന്നു കലക്ടർ അറിഞ്ഞില്ല. 

അതിനാലാണു പ്രളയം വന്നപ്പോൾ ദുരിതാശ്വാസ സാമഗ്രികൾ സംഭരിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം നാട്ടുകാരെ മുഴുവൻ അറിയിച്ചത്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിന്റെ കാര്യം അദ്ദേഹം വിസ്മരിച്ചതാണു പ്രശ്നം. അത് അദ്ദേഹത്തിന്റെ കുറ്റമല്ല. ഈ വൈറസ് ബാധിച്ചാൽ ആരും എന്തും മറന്നുപോകും. എന്നാൽ ഇടയ്ക്കിടയ്ക്ക് ഈ രോഗം ബാധിച്ചവർക്ക് ഓർമ തിരിച്ചുകിട്ടും.

അപ്പോൾ അവർ കർമനിരതരും ജീവകാരുണ്യലോലുപരുമാകും. അതുകൊണ്ടാണു  കലക്ടർ മുൻ പ്രസ്താവന തിരുത്തി ദുരിതാശ്വാസം അഭ്യർഥിച്ചത്. ‘മഴമുകിലൊളിവർണൻ ഗോപാലകൃഷ്ണൻ/മഴവില്ലുകൊണ്ടൊരു കൊരലാരം കെട്ടി’ എന്നൊക്കെ മലയാളത്തിലെ പാട്ടെഴുത്തുകാർ എമ്പണ്ടേ കാലം മുൻപു പറഞ്ഞത് ഇത്തരം ഗോപാലകൃഷ്ണൻമാരെക്കുറിച്ചാണ്. 

‘ ഇടിമുറി’യിൽ രാഷ്ട്രീയ മാടൻ,മറുത... 

യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ ക്ലാസ് വേണ്ടെന്ന് ഏതാനും പെൺകുട്ടികൾ പ്രിൻസിപ്പലിനും കോളജ് വിദ്യാഭ്യാസ വകുപ്പു ഡയറക്ടർക്കും പരാതി നൽകിയതിൽ അദ്ഭുതമില്ല. എസ്എഫ്ഐ യൂണിറ്റ് ഓഫിസ് കൂടിയായ ഇടിമുറിയിൽ ക്ലാസ് നടത്തിയാൽ വിദ്യാർഥികളുടെ തലയിൽ ഒന്നും കയറുന്ന പ്രശ്നമില്ല. അവർക്കു ബുദ്ധിയില്ലാത്തതല്ല പ്രശ്നം.

ഇടിമുറിയിൽ എന്തൊക്കെയോ ബാധകൾ വിഹരിക്കുന്നുണ്ടെന്നാണു വിദ്യാർഥികൾ പറയുന്നത്. ചിലപ്പോൾ ആരുടെയും കണ്ണിൽ പെടാതെ ചില ഇടിക്കട്ടകൾ അന്തരീക്ഷത്തിലൂടെ പറന്നുവന്നു വിദ്യാർഥികളുടെ മുഖത്ത് ഇടിക്കാറുണ്ട്. പിന്നെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ നട്ടുച്ചയ്ക്കു ചിലപ്പോൾ ചില അലർച്ചകളും പല്ലിറുമ്മലുകളും കേൾക്കാറുണ്ടെന്നും എംഎ ഇംഗ്ലിഷിനു പഠിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.

പാലച്ചോട്ടിൽ ഗോവിന്ദക്കണിയാന്റെ അടുത്തു പോയി കാര്യം പറഞ്ഞ പ്രിൻസിപ്പലിനെയും കോളജ് കൗൺസിൽ ഭാരവാഹികളെയും കണ്ടമാത്രയിൽ അദ്ദേഹം പറഞ്ഞു: ‘ഇവിടെ ചാത്തൻ, ഗുളികൻ, മാടൻ, മറുത തുടങ്ങിയ ബാധകളെ ഒഴിവാക്കാനുള്ള ചാർത്തേ തരൂ. എസ്എഫ്ഐ ചാത്തൻമാരെയും ഡിവൈഎഫ്ഐ മാടൻമാരെയും പുളിമരത്തിൽ ആണിയടിച്ചു കയറ്റാനുള്ള മന്ത്രം എനിക്കറിയില്ല.’ ഗോവിന്ദക്കണിയാന്റെ പ്രശ്നവിചാരത്തിന്റെ അടിസ്ഥാനത്തിലാണ് ഇടിമുറിയിൽ നിന്നു ക്ലാസ് റൂം ഒഴിപ്പിച്ചത്. അതിനു പ്രിൻസിപ്പലിനെയും കോളജ് വിദ്യാഭ്യാസ വകുപ്പിനെയും പഴിക്കുന്നതിൽ ഒരു കാര്യവുമില്ല.

∙വാക്ക്: സെക്രട്ടേറിയറ്റിലെ  സംഘടനാ നേതാവിനെ മറ്റൊരു നേതാവ് കരണത്തടിച്ചു.  

∙മറുവാക്ക്: വലതു കരണത്ത് അടികൊണ്ട നേതാവ് ഇടതു കരണം കാണിച്ചു കൊടുത്തെന്നാണു വാർത്ത. ഇതിനെയാണു കമ്യൂണിസ്റ്റ് അച്ചടക്കമെന്നു പറയുന്നത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama