go

ശ്രീറാം മദ്യലഹരിയിൽ‌ കാർ ഒാടിച്ചതിന് ഒരു സാക്ഷി കൂടി

sreeram-venkataraman-basheer
SHARE

തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ  ഐഎഎസ് ഓഫിസർ  ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിലാണ്  കാറോടിച്ചതെന്നതിനു ഒരു ദൃക്സാക്ഷിയെക്കൂടി പൊലീസ് കണ്ടെത്തി.അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന രാഹുൽ എന്ന ഫിസിയോ തെറപ്പിസ്റ്റാണ്  സാക്ഷി. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇദ്ദേഹം. 

കാർ അമിത വേഗത്തിലായിരുന്നെന്നും അപകടത്തിനു ശേഷം ഡൈവിങ് സീറ്റിൽ നിന്നിറങ്ങിയ ശ്രീറാം വെങ്കിട്ടരാമൻ ലെക്കുകെട്ട നിലയിലായിരുന്നെന്നുമാണ് ഇദ്ദേഹത്തിന്റെ  മൊഴി. സാക്ഷിയെ സ്ഥലത്തെത്തിച്ച് ഡിവൈഎസ്പി ഷീൻ തറയിൽ വിവരങ്ങൾ ശേഖരിച്ചു. അതേസമയം, ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നു സ്ഥിരീകരിക്കുന്ന 2 നിർണായക തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചെന്നാണു സൂചന.

ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെൽറ്റിൽ നിന്നു ശേഖരിച്ച വിരലടയാളം ശ്രീറാമിന്റേതാണെന്നു കണ്ടെത്തി.  എതിർവശത്തെ സീറ്റിൽ നിന്നു കിട്ടിയ വിരലടയാളം വഫ ഫിറോസിന്റേതാണെന്നും തെളിഞ്ഞു. . ശ്രീറാം കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞെന്നാണു സൂചന. ഇതിൽ ശ്രീറാം കാർ ഓടിക്കുന്നത് വ്യക്തമാണ്. ‌കാർ അമിത വേഗത്തിലായിരുന്നോ എന്നു സ്ഥിരീകരിക്കാൻ കാറിലെ ക്രാഷ് ഡേറ്റാ റിക്കോർഡർ പരിശോധിക്കുന്നതിനുള്ള സംഘം അടുത്തയാഴ്ച എത്തും. കൂടുതൽ സിസിടിവി ക്യാമറകൾ അന്വേഷണ സംഘം പരിശോധിക്കും. 

അന്വേഷണത്തിന് കൂടുതൽ സമയം തേടി പൊലീസ്

മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ച് മരിച്ച കേസിൽ അന്വേഷണത്തിന് കൂടുതൽ സാവകാശം തേടി പ്രത്യേക അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി. അസി. കമ്മിഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇടക്കാല അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയത്.വാദം കേൾക്കാൻ അടുത്ത മാസം 7ലേയ്ക്കു മാറ്റിവച്ചു. സിറാജ് മാനേജ്‌മെന്റിന് വേണ്ടി ഹർജി നൽകിയ സൈഫുദ്ദീൻ ഹാജിയോടും സർക്കാറിനോടും 7ന് വിശദമായി വാദം ബോധിപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീറാം മദ്യലഹരിയിൽ കാർ ഓടിച്ച് അപകടത്തിൽപ്പെട്ട് ബഷീറിനെ കൊലപ്പെടുത്തിയ കേസ് ‌അട്ടിമറിക്കാൻ ശ്രമം നടക്കുന്നതിനാൽ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കുക, ലഹരിമരുന്ന് പ്രയോഗം കണ്ടു പിടിക്കുന്ന ഡോപുമിൻ പരിശോധനയ്ക്ക് ശ്രീറാം വെങ്കിട്ടരാമനെ വിധേയനാക്കുക, തെളിവ് നശിപ്പിക്കാൻ നേതൃത്വം നൽകിയ മ്യൂസിയം എസ്ഐ: ജയപ്രകാശിനെ പ്രതിചേർക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സിറാജ് മാനേജ്‌മെന്റ് കോടതിയിൽ ഉന്നയിച്ചത്.  

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama