go

ശ്രീറാം കേസ്: പൊലീസ് റിപ്പോർട്ട് പൂർണമായും തെറ്റെന്ന് ‘സിറാജ് ’

Thiruvananthapuram News
SHARE

തിരുവനന്തപുരം ∙ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചു മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് പൂർണമായും തെറ്റെന്നു സിറാജ് മാനേജ്മെന്റ്. സിറാജ് മാനേജർ സെയ്ഫുദ്ദീൻ ഹാജി മൊഴി നൽകാൻ വൈകിയതിനാലാണു ശ്രീറാമിന്റെ രക്തം പരിശോധനയ്ക്കായി എടുക്കാൻ കാലതാമസം ഉണ്ടായതെന്നാണു പൊലീസ് കോടതിയെ അറിയിച്ചത്. ശ്രീറാമിനൊപ്പം കാറിൽ ഉണ്ടായിരുന്ന വഫ ഫിറോസിന്റെ രക്തപരിശോധന നടത്താതെ മൊഴി നൽകില്ലെന്നു സിറാജ് മാനേജർ പറഞ്ഞതായാണു വാദം. മൊഴി വൈകിയതിനാൽ കേസ് റജിസ്റ്റർ ചെയ്യുന്നതു വൈകി. അങ്ങനെയാണു ശ്രീറാമിന്റെ രക്തമെടുക്കുന്നതിൽ കാലതാമസം ഉണ്ടായതെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

പൊലീസ് പറയുന്നതു പച്ചക്കള്ളമാണെന്നു സെയ്ഫുദ്ദീൻ ഹാജി അറിയിച്ചു. പുലർച്ചെ 12.55നാണ് അപകടം ഉണ്ടായത്. 4 നു താൻ മൊഴി നൽകി. എന്നാൽ രാവിലെ 7 മണിക്കാണു മൊഴി നൽകിയതെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീറാമിനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കിയെന്നു പറഞ്ഞ് മ്യൂസിയം എസ്ഐ തന്നെ തെറ്റിദ്ധരിപ്പിച്ചു. തന്റെ ഭാഗം കേൾക്കാതെയാണു പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. രക്തപരിശോധന നടത്തണമെന്ന് എസ്ഐ ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ അതിനു തയാറായില്ലെന്നും പൊലീസ് റിപ്പോർട്ടിൽ ഉണ്ട്. എന്നാൽ സംഭവദിവസം തന്നെ പൊലീസിന്റെ വീഴ്ചയാണു രക്തപരിശോധനയ്ക്കു തടസ്സമായതെന്നു ഡോക്ടർ വിശദീകരിച്ചിരുന്നു.

രക്തം എടുക്കണമെങ്കിൽ പൊലീസ് രേഖാമൂലം ആവശ്യപ്പെടണം. അക്കാര്യം ഓർമിപ്പിച്ചെങ്കിലും പൊലീസ് തയാറായില്ലെന്ന് ഡോ.എസ്.രാകേഷ് അന്നുതന്നെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതു മൂടിവച്ചാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.  അതേസമയം, ബഷീർ അപകടത്തിൽപെട്ട് ഒരു മണിക്കൂറിനുശേഷം അദ്ദേഹത്തിന്റെ ഫോണിൽ നിന്നു കോൾ പോയിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിനുശേഷം മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരനും ഈ ഫോണിലേക്കു വിളിച്ചിരുന്നു. ഫോൺ എവിടെയാണെന്നു കണ്ടെത്താനാണു വിളിച്ചത്. ഫോൺ എടുത്ത ആൾ പരസ്പരവിരുദ്ധമായാണു സംസാരിച്ചത്. പിന്നീട് ഫോൺ ഓൺ ചെയ്തിട്ടില്ല. അതിനാൽ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ബഷീറിന്റെ ഫോൺ കാണാതായ സംഭവത്തിൽ അന്വേഷണം വേണമെന്ന് സെയ്ഫുദ്ദീൻ ഹാജി ആവശ്യപ്പെട്ടു

മൊഴി നൽകാൻ വൈകിയെന്ന് പൊലീസ്

∙ ശ്രീറാമിന്റെ രക്തം പരിശോധനയ്ക്കെടുക്കാൻ കാലതാമസമുണ്ടായത് സിറാജ് മാനേജർ മൊഴി നൽകാൻ വൈകിയതിനാലെന്ന് കോടതിയിൽ പൊലീസ് 

∙ അപകടത്തിന് ഒരു മണിക്കൂറിനുശേഷം ബഷീറിന്റെ ഫോണിൽ നിന്നു കോൾ പോയിരുന്നെന്ന് പൊലീസ്

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama