go

പുരപ്പുറ സൗരോർജ പദ്ധതി: ഇ–ടെൻഡർ ക്ഷണിച്ചു

SHARE

തിരുവനന്തപുരം∙വൈദ്യുതി ബോർഡ് നടപ്പാക്കുന്ന 200 മെഗാവാട്ട് പുരപ്പുറ സൗരോർജ പദ്ധതിക്ക് (സൗര) ഇ–ടെൻഡർ  ക്ഷണിച്ചു. അടുത്ത മാർച്ചിൽ ഇതിൽ നിന്നുള്ള വൈദ്യുതി ലഭിച്ചു തുടങ്ങും.സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നു 100 മെഗാവാട്ട് വൈദ്യുതി  വാങ്ങുന്ന കരാറിൽ ബോർഡ് കഴിഞ്ഞ ദിവസം  ഒപ്പുവച്ചു. കാറ്റിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഈ വൈദ്യുതിക്കു യൂണിറ്റിനു 2.80 രൂപയാണു വില. 2021 മാർച്ചിൽ ലഭിച്ചു തുടങ്ങും. യൂണിറ്റിന് 2.83 വിലയ്ക്കു 200 മെഗാവാട്ട് വാങ്ങാൻ കഴിഞ്ഞ ജൂണിൽ മറ്റൊരു കരാർ ബോർഡ് ഒപ്പു വച്ചിരുന്നു.

 ഈ വൈദ്യുതി അടുത്ത വർഷം ഡിസംബറിൽ ലഭിക്കും.പുരപ്പുറ സൗരോർജ പദ്ധതിക്കു ധനവകുപ്പിന്റെയും റഗുലേറ്ററി കമ്മിഷന്റെയും അനുമതി ലഭിച്ചതിനെ തുടർന്നാണു ടെൻഡർ വിളിച്ചത്. 200 മെഗാവാട്ട് പദ്ധതിയിൽ 50 മെഗാവാട്ടിന്റെ ചെലവു ബോർഡ്  നൽകും. ടെൻഡർ പിടിക്കുന്ന കമ്പനി പദ്ധതി നടപ്പാക്കണം. ശേഷിക്കുന്ന 150 മെഗാവാട്ട് പദ്ധതിക്കുള്ള ചെലവ്, ടെൻഡർ പിടിക്കുന്ന കമ്പനി വഹിച്ചു ബോർഡിനു വൈദ്യുതി വിൽക്കണം. ആദ്യ വിഭാഗത്തിൽ കുറഞ്ഞ പദ്ധതിച്ചെലവ് ക്വോട്ട് ചെയ്യുന്നവരെയും രണ്ടാമത്തെ വിഭാഗത്തിൽ കുറഞ്ഞ വിലയ്ക്കു വൈദ്യുതി നൽകാൻ തയാറുള്ളവരെയുമാണു കണ്ടെത്തുക. 

സർക്കാർ സ്ഥാപനങ്ങളുടെയും വീടുകളുടെയും പുരപ്പുറത്തു സോളർ പാനൽ സ്ഥാപിച്ചു പദ്ധതി നടപ്പാക്കുന്നതിനു ഇതിനകം റജിസ്റ്റർ ചെയ്തവർക്കു മൂന്നു മാതൃകയാണുള്ളത് (പുതിയ റജിസ്ട്രേഷൻ ഇപ്പോൾ സ്വീകരിക്കുന്നില്ല). ആദ്യ മോഡലിൽ കെട്ടിടം ഉടമ പണം മുടക്കേണ്ട. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 10% കെട്ടിടം ഉടമയ്ക്കു സൗജന്യമായി നൽകും. സൗര പദ്ധതിയിൽ റജിസ്റ്റർ ചെയ്തവരിൽ ഭൂരിപക്ഷവും ഇതിനാണു താൽപര്യം പ്രകടിപ്പിച്ചത്. രണ്ടാമത്തെ മോഡലിലും കെട്ടിടം ഉടമ മുതൽ മുടക്കേണ്ട. അവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നിശ്ചിത വിലയ്ക്കു കെട്ടിടം ഉടമയ്ക്കു ബോർഡ് നൽകും. 25 വർഷത്തേക്കു വിലയിൽ മാറ്റമുണ്ടാവില്ല. കെട്ടിടം ഉടമയുടെ ചെലവിൽ ബോർഡ് പദ്ധതി സ്ഥാപിച്ച ശേഷം ഉടമയ്ക്കു വൈദ്യുതി എടുക്കാവുന്നതാണു മൂന്നാമത്തെ മോഡൽ.

താൽപര്യമുള്ള കമ്പനികൾക്ക് ഒക്ടോബർ 16 വരെ ടെൻഡർ നൽകാം. ഡിസംബറിൽ ടെൻഡർ ഉറപ്പിച്ചു ജനുവരിയിൽ നിർമാണം തുടങ്ങണം. വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന മാർച്ചിൽ ഈ വൈദ്യുതി ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണു പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ടെൻഡർ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ബോർഡിന്റെ വെബ്സൈറ്റിലും സൗരയുടെ വെബ്സൈറ്റിലുമുണ്ട്.  10 കിലോവാട്ട് വരെ, 10 മുതൽ 100 കിലോവാട്ട് വരെ, 100 കിലോവാട്ടിനു മുകളിൽ എന്നിങ്ങനെയാണു ടെൻഡർ. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama