go

ഗതാഗത നിയമലംഘനത്തിനു വന്‍ പിഴ:സർക്കാർ നിയമോപദേശം തേടി

SHARE

തിരുവനന്തപുരം∙ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക വർധിപ്പിച്ച തീരുമാനം ഭാഗികമായെങ്കിലും പിൻവലിക്കാൻ കഴിയുമോയെന്നു സർക്കാർ നിയമവകുപ്പിനോട് അഭിപ്രായം തേടി. മോട്ടർവാഹന നിയമ ഭേദഗതി കേന്ദ്രം നടപ്പാക്കിയ ഇൗ മാസം ഒന്നിനു തന്നെ സംസ്ഥാന സർക്കാരും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പിൻബലത്തിലാണ് ഉയർന്ന പിഴ പൊലീസും മോട്ടർവാഹന വകുപ്പും പിരിച്ചു തുടങ്ങിയത്. ഓണക്കാലത്തു പിഴ ഇൗടാക്കേണ്ടെന്നു സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും വലിയ നിയമതടസ്സം ഉദ്യോഗസ്ഥർ നേരിടുകയാണ്.

ഏതെങ്കിലും നിയമലംഘനത്തിനു വാഹനങ്ങൾ പിടികൂടിയാൽ നിലവിലെ നിയമപ്രകാരം ഉയർന്ന പിഴ മാത്രമേ ഇൗടാക്കാനാകൂ. അല്ലെങ്കിൽ കേസെടുക്കാതെ വാഹനങ്ങൾ വിട്ടുകൊടുക്കുകയേ മാർഗമുള്ളൂ. ഓണാവധിക്കു ശേഷം പതിവു വാഹന പരിശോധന ആരംഭിക്കുമ്പോഴും ഉയർന്ന പിഴത്തുക തന്നെ ഇൗടാക്കേണ്ടി വരും. ഇൗ പ്രതിസന്ധി ഏതെങ്കിലും വിധത്തിൽ തരണം ചെയ്യാനാകുമോ എന്നാണു സർക്കാർ ആലോചിക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന മറ്റു ഉപതിരഞ്ഞെടുപ്പുകളിലും പരിഷ്കാരം തിരി‍ച്ചടിയാകുമെന്നു കണ്ടാണു നിയമത്തിൽ തന്നെ വെള്ളം ചേർക്കാനാകുമോ എന്ന ആലോചന.

സംസ്ഥാനം പുറത്തിറക്കിയ വിജ്ഞാപനം പിൻവലിച്ച് പകരം കുറഞ്ഞ പിഴത്തുക നിശ്ചയിച്ചു പുതിയ വിജ്ഞാപനം ഇറക്കാനാകുമോ എന്ന ആലോചനയാണ് ഇപ്പോൾ നടക്കുന്നത്. ഇതുവരെ നിയമം നടപ്പാക്കാത്ത തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളോടു മോട്ടർവാഹന വകുപ്പ് അഭിപ്രായം തേടിയിട്ടുണ്ട്. കേന്ദ്ര വിജ്ഞാപനത്തിന്റെ അതേ മാതൃകയിൽ ഉയർന്ന പിഴ നിശ്ചയിച്ചു വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണെന്ന മറുപടിയാണു മിക്ക സംസ്ഥാനങ്ങളും നൽകിയത്.

നിയമം നിലനിൽക്കെ അതു കർശനമായി നടപ്പാക്കേണ്ടതില്ല എന്ന തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ വലിയ തിരിച്ചടി സർക്കാർ കണക്കുകൂട്ടുന്നു. മുഖ്യമന്ത്രിയുടെ നിർദേശമുണ്ടെന്നും പിഴയീടാക്കൽ നീട്ടിവയ്ക്കണമെന്നാണ് എൽഡിഎഫ് നിലപാടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

ആദ്യ 4 ദിവസം കൊണ്ട് കിട്ടിയത് 46 ലക്ഷം രൂപ

പിഴത്തുക ഉയർത്തിയ ശേഷമുള്ള ആദ്യ 4 ദിവസം കൊണ്ടു സർക്കാരിനു പിരിഞ്ഞുകിട്ടിയത് 46 ലക്ഷം രൂപ. 1758 നിയമലംഘകരിൽ നിന്നാണ് ഇത്രയും തുക ലഭിച്ചത്. ഒട്ടേറെ നിയമലംഘകർ പിഴത്തുക അടയ്ക്കാൻ സാവകാശം തേടിയിട്ടുണ്ട്. ചിലർ കോടതിയിൽ അടയ്ക്കാമെന്നറിയിച്ചു വാഹനവുമായി പോയി. അതേസമയം, പിഴ ഉയർത്തിയതോടെ വാഹനാപകടങ്ങൾ ഗണ്യമായി കുറഞ്ഞെന്നാണു പൊലീസും മോട്ടർവാഹന വകുപ്പും പറയുന്നത്. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നവരുടെ എണ്ണവും കൂടി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama