go

മീഡിയ സെൽ: രാജി വച്ചെങ്കിലും പകരക്കാരനെത്തും വരെ തുടരുമെന്ന് ശശി തരൂർ

shashi-tharoor-mp-congress
SHARE

തിരുവനന്തപുരം∙ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം രാജിവച്ച കാര്യം സ്ഥിരീകരിച്ച് ശശി തരൂർ എംപി. എന്നാൽ, പകരക്കാരനെ കെപിസിസി പ്രസിഡന്റ് കണ്ടെത്തുന്നതു വരെ സെല്ലിന്റെ സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളുടെയും കോഓർഡിനേറ്റമാരുടെയും അഭ്യർഥന മാനിച്ച് ഈ സ്ഥാനത്തു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച സെല്ലിന്റെ കോർ കമ്മിറ്റി അംഗങ്ങളുടെയും കോഓർഡിനേറ്റർമാരുടെയും യോഗത്തിൽ ശശി തരൂർ രാജി പ്രഖ്യാപനം നടത്തിയെന്ന ‘മനോരമ’ വാർത്തയെ തുടർന്നാണ് അദ്ദേഹത്തിന്റെ ഓഫിസിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ചു പ്രസ്താവന നടത്തിയെന്ന പേരിൽ കോൺഗ്രസിലെ സംസ്ഥാന നേതാക്കളുടെ വിമർശനങ്ങൾ നേരിട്ടതാണു പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിലേക്കു നയിച്ചതെങ്കിലും ഇതേക്കുറിച്ചു പ്രതികരണത്തിൽ ശശി തരൂർ മൗനം പാലിച്ചു. എംപിയെന്ന നിലയിലും ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് ചെയർമാനെന്ന നിലയിലും തനിക്കുള്ള ഉത്തരവാദിത്തങ്ങളും എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലയിലുള്ള പരിപാടികളുടെ തിരക്കും പരിഗണിച്ചു സെല്ലിന്റെ ചെയർമാൻ സ്ഥാനത്തോടു നീതി പുലർത്താനാവുന്നില്ലെന്നും തന്നെ ഒഴിവാക്കണമെന്നും കഴിഞ്ഞ മാസം തന്നെ കെപിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നതായും തരൂർ വ്യക്തമാക്കി.

ഒട്ടേറെ ഉത്തരവാദിത്തങ്ങളുള്ളതിനാൽ ഒഴിവാക്കണമെന്നു തരൂർ അഭ്യർഥിച്ചിരുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. താൻ മുൻകയ്യെടുത്താണു തരൂരിനെ ഈ സ്ഥാനത്തു നിയമിച്ചത്. സ്തുത്യർഹമായ സേവനമാണ് അദ്ദേഹം നടത്തിയത്. തരൂരിന്റെ രാജിക്കത്തു കിട്ടിയിട്ടില്ലെന്നും മുല്ലപ്പള്ളി അറിയിച്ചു.അതേസമയം, കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ അടുത്ത യോഗം ഓണത്തിനു ശേഷം വിളിച്ചു കൂട്ടും. അതിനു മുൻപു പുതിയ ചെയർമാന്റെ കാര്യത്തിൽ തീരുമാനമുണ്ടായേക്കും. അനിൽ ആന്റണിക്കു പുറമേ കോ കൺവീനറായി രാജു പി.നായരെയും നിയമിച്ചിട്ടുണ്ട്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama