go

യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ അക്രമ പരമ്പര

 യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ കെഎസ്‍യു പ്രവർത്തകരെ മർദ്ദിച്ചവരെ അറസ്റ്റുചെയ്യാത്തതിന് അസിസ്റ്റന്റ് കമ്മിഷണർ സുനീഷിനോടു രോഷാകുലനാകുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ കെഎസ്‍യു പ്രവർത്തകരെ മർദ്ദിച്ചവരെ അറസ്റ്റുചെയ്യാത്തതിന് അസിസ്റ്റന്റ് കമ്മിഷണർ സുനീഷിനോടു രോഷാകുലനാകുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
SHARE

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിലെ കെഎസ്‌യു പ്രവർത്തകനെ ആക്രമിച്ച സംഭവം അറിഞ്ഞെത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉൾപ്പെടെയുള്ളവർക്കു എസ്എഫ്ഐക്കാരുടെ ക്രൂരമർദനം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടുറോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അസാധാരണമായ രംഗങ്ങൾ ഉണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ല.യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന കെ‌എസ്‌യു പ്രവർത്തകൻ നിതിൻ രാജിനെ ബുധനാഴ്ച രാത്രി എസ്എഫ്ഐക്കാർ ആക്രമിച്ചതിനെതുടർന്നാണു സംഘർഷം ആരംഭിച്ചത്.

മർദനത്തിൽ  പ്രതിഷേധിച്ചു കെഎസ്‌യു പ്രവർത്തകർ  രാവിലെ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായിരുന്നു. വൈകിട്ട് കോളജിൽ പരീക്ഷ എഴുതി പുറത്തേക്കുവന്ന അവിടത്തെ കെഎസ്‌യു നേതാവ് പി.ടി.അമലിനെ എസ്എഫ്ഐക്കാർ മർദിച്ചു. ഫോണിൽ അറിയിച്ചപ്രകാരം അഭിജിത്തും ഏതാനും പ്രവർത്തകരും  കോളജിന്റെ കവാടത്തിൽ എത്തിയപ്പോൾ അകത്തുനിന്നു കല്ലേറ് ആരംഭിച്ചു. ഈ സമയം അവിടെ ഒരു ട്രാഫിക് പൊലീസുകാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കല്ലേറിൽ പരുക്കേറ്റ അഭിജിത്തും സംഘവും അയ്യങ്കാളി ഹാളിന്റെ ഭാഗത്തേക്കു മാറി. ഈ സമയം കോളജിനുള്ളിൽ നിന്ന് ആയുധങ്ങളും പട്ടിക കഷണങ്ങളുമായി ഇരച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ അഭിജിത്ത് ഉൾപ്പെടെയുള്ളവരെ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.

 എല്ലാവരേയും തന്നെ തലയ്ക്ക് അടിച്ചുവീഴ്ത്തിയശേഷം നിലത്തിട്ടു ചവിട്ടി. ആണി തറച്ച പട്ടിക കഷണംകൊണ്ടു അടിച്ചതിനാൽ ശരീരമാകെ മുറിഞ്ഞു. നിലത്തു വീണ അഭിജിത്ത് അവിടെ കിടന്നു വീറോടെ പ്രതികരിച്ചു. കൂടുതൽ പൊലീസ് എത്തിയപ്പോഴാണു എസ്എഫ്ഐക്കാർ പിന്മാറിയത്. തുടർന്നു കെഎസ്‌യു പ്രവർത്തകർ അഭിജിത്തിനൊപ്പം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനിടെ പലവട്ടം കോളജ്  വളപ്പിൽനിന്നു കല്ലേറുണ്ടായി. കെഎസ്‌യുക്കാർ തിരിച്ചും എറിഞ്ഞു. 

വിവരം അറിഞ്ഞു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എത്തി. അനങ്ങാനാകാതെ കിടക്കുന്ന കെഎസ്‌യു പ്രവർത്തകരെ കണ്ടു രോഷാകുലനായ ചെന്നിത്തല പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. എസ്എഫ്ഐക്കാർക്കു കാവൽ നിൽക്കുന്ന പൊലീസുകാർ ആരെയാണു സംരക്ഷിക്കുന്നതെന്നു ചോദിച്ച് അദ്ദേഹം പൊട്ടിത്തെറിച്ചു. കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹവും  കുത്തിയിരുന്നു. 

പിന്നാലെ എസ്എഫ്ഐക്കാർ പ്രതിഷേധവുമായി എത്തി. അവരും റോഡിൽ കുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയിട്ടും ചെന്നിത്തല എഴുന്നേറ്റില്ല. ഒടുവിൽ എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്തു നീക്കിയശേഷമാണു ചെന്നിത്തല പ്രതിഷേധം അവസാനിപ്പിച്ചത്. പരുക്കേറ്റ കെ.എം.അഭിജിത്ത്, പി.ടി.അമൽ, പി.ആർ.രാജേഷ്, നബീൻ കല്ലമ്പലം, ബാഹുൽകൃഷ്ണ, കൃഷ്ണകാന്ത് എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama