go

ബാങ്കുകളിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി ; അഞ്ച് പേർ അറസ്റ്റിൽ

trivandrum-malayinkeezhu-five-arrest
ദേശസാൽകൃത ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ചു ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ ഭരത്, രമേശ് കുമാർ, പാണ്ടി സെൽവൻ, പ്രേംകുമാർ, ഷാജി ജേക്കബ്.
SHARE

മലയിൻകീഴ് ∙ ദേശസാൽകൃത ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ചു ലക്ഷങ്ങൾ തട്ടിയ അ‍ഞ്ച് പേർ പിടിയിൽ. വിളപ്പിൽശാല കാരോട് വാടകയ്ക്കു താമസിക്കുന്ന ഭരത് കുമാർ (30), വിളപ്പിൽശാല കൊല്ലംകോണം ഷീബാ ഭവനിൽ ഷാജി ജേക്കബ് (48), പുളിയറക്കോണം ചന്ത വിള വീട്ടിൽ രമേശ് കുമാർ (46), തമിഴ്നാട് ഡിണ്ടിഗൽ സ്വദേശികളായ പാണ്ടി സെൽവൻ (30), പ്രേംകുമാർ (29) എന്നിവരെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്ബിഐയുടെ മലയിൻകീഴ്, പേയാട് ശാഖകളിലെ മാനേജർമാർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഭരത്, ഭാര്യ ശ്രീജ, ഷാജി, രമേശ് എന്നിവരാണ് ഇവിടങ്ങളിൽ സ്വർണം പണയം വച്ചത്. 

അൻപതോളം വളകൾ, 10 മാല തുടങ്ങിയവ 12 ലക്ഷത്തിന് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവർ പലതവണയായി പണയം വച്ചു. ഓരോരുത്തരും അവരുടെ പേരിൽ പല ദിവസങ്ങളിലായി ആണ് പണയപ്പെടുത്തിയത്. അപ്രൈസർ ആദ്യം പരിശോധിച്ചപ്പോൾ വ്യാജം കണ്ടെത്താൻ സാധിച്ചില്ല. പക്ഷേ, അടുത്തിടെ ചെമ്പ് കമ്പിയിൽ സ്വർണം ആഭരണങ്ങൾ വ്യാപകമായി ബാങ്കുകളിൽ എത്തുന്നതായി മാനേജർമാർക്ക് സൂചന ലഭിച്ചു. പിന്നാലെ പേയാട് ബാങ്കിൽ മാനേജരുടെ നിർദേശത്തെ തുടർന്ന് പണയ പണ്ടങ്ങൾ വീണ്ടും അപ്രൈസർ ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് വ്യാജനെ കണ്ടുപിടിച്ചത്. 

ചെമ്പ് കമ്പിയിൽ സ്വർണം പൂശിയ ഒരേ തരത്തിലുള്ള വളകളും മാലകളും. ഇവയെല്ലാം പണയം വച്ചത് വ്യത്യസ്ത ആളുകൾ. സംശയം തോന്നിയ മാനേജർ പൊലീസിനെ സമീപിച്ചു. മലയിൻകീഴ് ശാഖയിൽ ഷാജിയാണ് ഇത്തരം സ്വർണം പണയം വച്ചത്. ഭരത്തിനെ ആദ്യം കസ്റ്റഡിയിൽ എടുത്ത് അന്വേഷണം തുടങ്ങി.സ്വർണം എത്തിച്ചിരുന്നത് തമിഴ്നാട്ടിൽ നിന്നാണ് എന്നു കണ്ടെത്തിയതോടെ അന്വേഷണം അവിടേക്കു വ്യാപിച്ചു. 

പിന്നാലെ വളകൾ അവിടെ നിന്നും കൊണ്ടു വന്നു ഭരതിന് നൽകിയ പാണ്ടി സെൽവൻ, ഇയാളുടെ ഡ്രൈവർ പ്രേംകുമാർ എന്നിവർ കുടുങ്ങി. പൂജപ്പുര, കരമന തുടങ്ങി തലസ്ഥാനത്തെ വിവിധ ബാങ്കുകളിൽ ലക്ഷക്കണക്കിനു രൂപയ്ക്ക് ഇത്തരത്തിലുള്ള വ്യാജ സ്വർണം പ്രതികൾ പണയപ്പെടുത്തിട്ടുണ്ട് പൊലീസ് പറഞ്ഞു. ഈ ബാങ്കുകളിൽ രേഖാമൂലം അറിയിപ്പു നൽകി. അവിടെ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കും. 

ഭരതിന്റെ ഭാര്യ ശ്രീജയെ ഇന്ന് കസ്റ്റഡിയിൽ എടുത്തേക്കും. പ്രതികളെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ 27ന് ആണ് മലയിൻകീഴ് പൊലീസ് കേസ് റജിസ്ട്രാർ ചെയ്യുന്നത്. ദിവസങ്ങൾക്കകം പ്രധാന പ്രതികളെ കുടുക്കാൻ സാധിച്ചു. എസ്ഐ സൈജു, എഎസ്ഐമാരായ മണിക്കുട്ടൻ, അലോഷ്യസ്, സിപിഒമാരായ വരുൺ, പ്രദീപ്, ആഖേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama