go

മണ്ണു വാരിത്തിന്നു വിശപ്പടക്കുന്ന നാലു കുട്ടികൾ; വിശന്നു നിലവിളിക്കുന്ന രണ്ടു കൈക്കുഞ്ഞുങ്ങൾ

trivandrum-shreedevi-behind-uppidamoodu-bridge
പുകയില്ലാത്ത അടുക്കള! തിരുവനന്തപുരം കൈതമുക്ക് ഉപ്പിടാംമൂട് പാലത്തിനു സമീപം റെയിൽവേ പുറമ്പോക്കിൽ കുടിൽ കെട്ടി താമസിക്കുന്ന ശ്രീദേവി മൂന്നു മാസം പ്രായമുള്ള ഇളയകുഞ്ഞിനൊപ്പം. വീട്ടിൽ ദിവസങ്ങളായി പട്ടിണിയാണെന്ന വിവരത്തെ തുടർന്നു നാലു കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചിത്രം: മനോരമ.
SHARE

തിരുവനന്തപുരം∙ സ്വന്തം കണ്ണീർ വീണു കുഴഞ്ഞ മണ്ണു വാരിത്തിന്നു വിശപ്പടക്കുന്ന നാലു കുട്ടികൾ. പട്ടിണി കൊണ്ടു മുലപ്പാൽ വറ്റിയ അമ്മയുടെ മടിയിൽ വിശന്നു നിലവിളിക്കുന്ന രണ്ടു കൈക്കുഞ്ഞുങ്ങൾ– നിസ്സഹായയായ ആ അമ്മ തൊഴുകൈകളോടെ കെഞ്ചി നാലു മക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറി. സാമൂഹിക വളർച്ചയുടെ അഭിമാനക്കണക്കുകൾ നിരത്തുന്ന കേരളത്തിന്റെ നെഞ്ചു പിളർക്കുന്ന കാഴ്ചയായി അത്.സെക്രട്ടേറിയറ്റിന് ഒരു കിലോമീറ്റർ മാത്രം അകലെ, ഉപ്പിടാംമൂട് പാലത്തിനു സമീപം റെയിൽവേ പുറമ്പോക്ക് കോളനിയിലാണ് ആ കുടിൽ. അതിൽ മൂന്നു മാസം മുതൽ 7 വയസ്സു വരെയുള്ള 6 കുരുന്നുകൾ. 

അതിനകത്തെ ദാരിദ്ര്യം മനസ്സിലാക്കിയ നാട്ടുകാരാണു സംസ്ഥാന ശിശുക്ഷേമ സമിതി ഓഫിസിൽ അറിയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു സമിതി ജനറൽ സെക്രട്ടറി എസ്.പി.ദീപക്കും ജീവനക്കാരും അവിടെ ചെല്ലുമ്പോൾ കാണുന്നത് വിശപ്പു സഹിക്കാതെ മൂത്ത ആൺകുട്ടി മണ്ണുവാരി തിന്നുന്നതാണ്. താഴെയുള്ള മൂന്നു പേരും മണ്ണു തിന്നാറുണ്ടല്ലോയെന്ന് അവൻ നിഷ്കളങ്കമായി പറഞ്ഞു. ആ മണ്ണോ... അഴുക്കും മാലിന്യങ്ങളും കുഴഞ്ഞത്.ഫ്ലെക്സ് കൊണ്ടു മേഞ്ഞ, ബോർഡുകൾ വച്ചു മറച്ച ഒറ്റമുറിക്കുടിലിനകത്ത് അമ്മ ശ്രീദേവിയുടെ മടിയിൽ കിടന്നു വിശന്നു കരയുകയാണ് മൂന്നു മാസവും ഒന്നര വയസ്സുമുള്ള കുഞ്ഞുങ്ങൾ. 

ആരുടെയും കണ്ണു നിറഞ്ഞുപോകുന്ന കാഴ്ച.അച്ഛനെ അന്വേഷിച്ചപ്പോൾ കുട്ടികൾ ഭയന്നുവിറച്ചു: ‘‘അച്ഛൻ വന്നാൽ അടിക്കും, അമ്മയെയും അടിക്കും’’. മരംകയറ്റ തൊഴിലാളിയാണ് കുഞ്ഞുമോൻ. ശ്രീദേവിയുടെയും കുട്ടികളുടെ ശരീരത്തിൽ ക്രൂരതയുടെ മർദനപ്പാടുകൾ.സമിതി പ്രവർത്തകർ അടിയന്തരമായി എല്ലാവർക്കും ഭക്ഷണമെത്തിച്ചു. നിയമനടപടി പൂർത്തിയാക്കിയ ഇന്നലെ ഉച്ചയ്ക്കു വീണ്ടും എത്തിയപ്പോൾ തൊഴുകൈകളോടെ ശ്രീദേവി അപേക്ഷിച്ചു: ‘എന്റെ മക്കളെ ഏറ്റെടുക്കാമോ? ഭക്ഷണമെങ്കിലും കിട്ടുമല്ലോ?’

ഏഴും അഞ്ചും വയസ്സുള്ള ആൺകുട്ടികളെയും നാലും രണ്ടരയും വയസ്സുള്ള പെൺകുട്ടികളെയും അപ്പോൾ തന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു കൊണ്ടുപോയി. ആൺകുട്ടികൾ സ്കൂളിൽ പോകുന്നവരാണ്. ഭർത്താവിന്റെ മദ്യപാനവും സർക്കാരിൽ നിന്നോ നഗരസഭയിൽ നിന്നോ ആനുകൂല്യങ്ങൾ ലഭിക്കാത്തതും എണ്ണിപ്പറഞ്ഞു ശ്രീദേവി പൊട്ടിക്കരഞ്ഞു. ലൈഫ് പദ്ധതിയുടെ തണൽ പോലുമില്ല ഈ കുടുംബത്തിന്. ഭർത്താവിന്റെ ക്രൂരത നിയന്ത്രിക്കാനും സംവിധാനമില്ല.

സംഭവം കേരളമാകെ ചർച്ചയായതോടെ മേയർ കെ.ശ്രീകുമാർ സ്ഥലത്തെത്തി. ശ്രീദേവിക്ക് ഇന്നു തന്നെ കോർപറേഷനിൽ താൽക്കാലിക ജോലി നൽകുമെന്ന് ഉറപ്പു നൽകിയ അദ്ദേഹം കോർപറേഷൻ നിർമിച്ച ഏതെങ്കിലും ഫ്ലാറ്റിലേക്ക് ഇവരെ മാറ്റുമെന്നും അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.എം.സുധീരനും ഇവിടം സന്ദർശിച്ചു. ഇളയ കുഞ്ഞുങ്ങൾക്കൊപ്പം ശ്രീദേവിയെ രാത്രിയോടെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്കും മാറ്റി.

കുഞ്ഞുങ്ങളെ സർക്കാർ ഏറ്റെടുക്കും: ശൈലജ

∙ശ്രീദേവിയുടെ മക്കളെ സർക്കാർ ഏറ്റെടുക്കുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എല്ലാ അർഥത്തിലും കുടുംബത്തെ സഹായിക്കും. ഇത്തരം സാഹചര്യം കേരളത്തിലെ ഒരു കുട്ടിയും അനുഭവിക്കരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama