ഒല്ലൂർ ∙ വെള്ളിയാഴ്ച രാത്രി മരത്താക്കരയിൽ മൂന്ന് പേർക്ക് വെട്ടേറ്റ സംഭവത്തിൽ ഗുണ്ടാ നേതാവ് കുഞ്ഞുണ്ണി ഉൾപ്പെടെ നാല് പേർക്കെതിരെ ഒല്ലൂർ പൊലീസ് കേസ് എടുത്തു. ആക്രമണത്തിൽ പ്രതിഷേധിച്ചു ബിജെപി പുത്തൂർ പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമായിരുന്നു.
വെള്ളിയാഴ്ച രാത്രി പത്തിന് മരത്താക്കര സ്വദേശി കൊട്ടിപറമ്പിൽ വീട്ടിൽ വിനോദ് (35), മരത്താക്കര കണ്ടൻകാവിൽ വീട്ടിൽ ശരത്ത് (27), കോടന്നൂർ പാടൂർ വീട്ടിൽ കണ്ണൻ (33) എന്നിവരെയാണ് നാലംഗസംഘം ആക്രമിച്ചത്. ഇതിൽ വിനോദിനും ശരത്തിനും വെട്ടേറ്റിരുന്നു.
മരത്താക്കര മുലപ്പായിൽ പോസ്റ്റർ ഒട്ടിക്കുന്നതിനിടെയായിരുന്നു ആക്രമണം. രണ്ടാഴ്ച മുൻപ് പോസ്റ്റർ ഒട്ടിക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഉണ്ടായ ആക്രമണത്തിൽ കുഞ്ഞുണ്ണിക്കും പരുക്ക് പറ്റിയിരുന്നു. ഈ സംഭവത്തിലും ഒല്ലൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയാണ് വെള്ളിയാഴ്ചയിലെ ആക്രമണം എന്ന് സംശയിക്കുന്നു. ഒല്ലൂർ പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.
എസ്ഐ സിനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അമ്പേഷണം ആരംഭിച്ചു. ജില്ലാ ഫോറൻസിക് ഓഫിസർ റിനി തോമസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമായിരുന്നു. കുട്ടനെല്ലൂർ മുതൽ പുത്തൂർ മാന്ദാമംഗലം ഭാഗത്തേക്ക് ബസുകൾ ഓടിയില്ല. കടകൾ അടഞ്ഞ് കിടന്നു. സ്വകാര്യ വാഹനങ്ങൾക്ക് തടസങ്ങൾ ഒന്നും ഉണ്ടായില്ല.മരത്താക്കരയിൽ നടന്ന ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.