go

സ്വാമി വിവേകാനന്ദൻ താമസിച്ചിരുന്നു പാട്ടുരായ്ക്കലിൽ

thrissur-vivekanandan
സ്വാമി വിവേകാനന്ദൻ
SHARE

തൃശൂർ ∙ മൈസൂരു വഴി രാമേശ്വരം... യാത്രാമാർഗം ആദ്യം നിശ്ചയിക്കപ്പെട്ടത് അങ്ങനെയായിരുന്നു. പക്ഷേ, ബെംഗളൂരുവിലെത്തിയപ്പോൾ മാർഗം അൽപമൊന്നു മാറി. അങ്ങനെ പുതിയൊരു ലക്ഷ്യം പിറന്നു – ലക്ഷ്യബോധമില്ലാത്ത തലമുറയ്ക്കു വഴികാട്ടുക. പാലക്കാടു വഴി തൃശൂരിലൂടെ കൊച്ചിയിലേക്കു നീണ്ടുപോയ ആ യാത്രയ്ക്കൊടുവിൽ അദ്ദേഹം പറഞ്ഞു, ‘‘ദൈവമേ, എന്നാണ് മനുഷ്യൻ മനുഷ്യനെ സഹോദരനായി കാണുക?’’

ചവിട്ടിയ മണ്ണിലെല്ലാം തീർഥം തൂകിയ സ്വാമി വിവേകാനന്ദൻ ഭാരതപര്യടന യാത്രയുടെ ഭാഗമായി 1892 നവംബറിലാണ് തൃശൂരിലൂടെ കടന്നുപോയത്. സ്വാമിയുടെ യാത്രാ പദ്ധതിയിൽ ആദ്യം കേരളം ഉൾപ്പെട്ടിരുന്നില്ലെന്നു രേഖകൾ പറയുന്നു. യാത്ര ബെംഗളൂരുവിലെത്തിയപ്പോൾ സ്വാമി ഡോ. പി. പൽപ്പുവിന്റെ ആതിഥേയത്വം സ്വീകരിച്ചതാണ് യാദൃശ്ചിക വഴിത്തിരിവായത്. 1892 നവംബർ ആദ്യവാരമായിരുന്നു കൂടിക്കാഴ്ച. അവിടെ നിന്നു യാത്ര തിരിക്കുമ്പോൾ കേരളത്തിൽ കൂടി കന്യാക‍ുമാരിയിലേക്കാകാം യാത്രയെന്ന് അദ്ദേഹം നിശ്ചയിച്ചു.

thrissur-vivekanandan-news
സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനത്തിനു ശേഷം വിവിധ കാലഘട്ടങ്ങളിൽ മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്തകൾ.

മൈസൂരു സന്ദർശനത്തിനിടെ സ്വാമിയുടെ പാദം നമസ്കരിച്ച ശേഷം ദിവാൻ വഴി കുറച്ചുപണം നൽകാൻ മഹാരാജാവ് ശ്രമിച്ചു. പണം നിരസിച്ച സ്വാമി പറഞ്ഞു, എനിക്കു ഷൊർണൂരിലേക്ക് ഒരു ടിക്കറ്റ് മാത്രം മതി.  ഷൊർണ‍ൂർ യാത്രയ്ക്കിടെ സ്വാമി ചില വിദ്യാർഥികളെ പരിചയപ്പെട്ടു. ഷൊർണൂരിൽനിന്നു തൃശൂരിലേക്കായിരുന്നു യാത്ര. തിരുവമ്പാടി ക്ഷേത്രത്തിന്റെ മുന്നിൽക്കൂടി നഗരത്തിലേക്കു പ്രവേശിക്കുമ്പോൾ ക്ഷേത്രത്തിനു സമീപത്തുവഴിയിൽക്കണ്ട ഒരാളോട് കുളിച്ചു വിശ്രമിക്കാൻ എവിടെ സ്ഥലം ലഭിക്കുമെന്നു സ്വാമി ചോദിച്ചുവത്രേ.

കൊച്ചി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ സി.എ. സുബ്രഹ്മണ്യനായിരുന്നു ആ ഉദ്യോഗസ്ഥൻ. തന്റെ പടിപ്പുരയിൽ തന്നെ അദ്ദേഹം സ്വാമിക്കു താമസ സൗകര്യമൊരുക്കിക്കൊടുത്തു. ആ പട‍ിപ്പുര ഇന്നുമുണ്ട്, പാട്ടുരായ്ക്കൽ ജംക്‌ഷന‍ു സമീപത്ത്. മൂന്നുദിവസം സ്വാമി അവിടെ തങ്ങി. പിന്നീടു കൊടുങ്ങല്ലൂരിലെത്തി വള്ളത്തിൽ കൊച്ചിയിലേക്കു പോയി. 1892 ഡിസംബർ ഒന്നിനായിരുന്നു അത്. ഡിസംബർ 24ന് യാത്ര കന്യാക‍ുമാരിയിലെത്തി. ഒരുനൂറ്റാണ്ടു മുൻപു സ്വാമി സഞ്ചരിച്ച വഴിയിലൂടെ തന്നെ 1992ൽ വിവേകാനന്ദ ഭാരത പരിക്രമം നടത്തിയിരുന്നു. കൊൽക്കത്തയിലെ വരാഹ നഗറിൽ നിന്നുള്ള പരിക്രമം തൃശൂരിലൂടെ കടന്നുപോയി. 

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama