ഇരിങ്ങാലക്കുട ∙ ജനങ്ങൾക്ക് ആശ്വാസമായി 10ന് സബ് റജിസ്ട്രാർ ഓഫിസ് സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റുന്നു. ഠാണാവിലെ വാടക ക്കെട്ടിടത്തിലെ സ്ഥലപരിമിതി മൂലം സബ് റജിസ്ട്രാർ ഓഫിസിലെത്തുന്നവർ അരനൂറ്റാണ്ടിലേറെയായി വിഷമിക്കുകയായിരുന്നു. പഴക്കം മൂലം ശോചനീയാവസ്ഥയിലായ കെട്ടിടത്തിന്റെ ചുമരുകൾക്ക് ഇരുമ്പ് തൂണുകൾ കൊണ്ട് താങ്ങ് നൽകിയ നിലയിലാണ്.
അപകടാവസ്ഥയിലായ കെട്ടിടത്തിൽ ജീവഭയത്തോടെയാണ് പത്തോളം ജീവനക്കാർ വർഷങ്ങളായി ജോലി ചെയ്തിരുന്നത്. പത്തോളം റജിസ്ട്രേഷൻ ദിനംപ്രതി നടക്കുന്ന ഒാഫിസിൽ ജീവനക്കാർക്ക് പോലും നിന്ന് തിരിയാൻ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. ഫയലുകളും മറ്റും സൂക്ഷിക്കാൻ സ്ഥലമില്ലാതെ കൂട്ടിയിട്ട നിലയിലായിരുന്നു. ഓഫിസിലെത്തുന്നവർ പുറത്താണ് കാത്തുനിന്നിരുന്നത്. വാഹനപാർക്കിങ്ങും പ്രശ്നമായിരുന്നു. മിനി സിവിൽ സ്റ്റേഷൻ വളപ്പിലെ അഡീഷനൽ ബ്ലോക്കിൽ ആർഡിഒ ഓഫിസിന് എതിർവശത്തായിട്ടാണ് സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുക.