go

ദേശീയപാതയോരത്ത് കൈവരിയില്ലാതെ കനാൽ

SHARE

ചാലക്കുടി ∙ പോട്ട പനമ്പിള്ളി ജംക്‌ഷനിൽ ദേശീയ പാതയോരത്തെ കനാലിനു കൈവരിയില്ലാത്തതു അപകടഭീഷണി ഉയർത്തിയിട്ടും നടപടിയില്ല. നഗരസഭ കൗൺസിലർ വി.ജെ. ജോജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. പോട്ട ജംക്‌ഷനും പേരാമ്പ്രയ്ക്കും ഇടയിലാണ് പനമ്പിള്ളി കോളജ് ജംക്‌ഷൻ. തുമ്പൂർമുഴി ഭാഗത്തു നിന്നെത്തി ആളൂർ ഭാഗത്തേക്കു പോകുന്ന കനാലിനാണ് കൈവരിയില്ലാത്തത്.

10 വർഷം മുൻപ് ദേശീയപാത നാലുവരിയാക്കിയെങ്കിലും ഇതുവരെ സർവീസ് റോഡ് നിർമിച്ചില്ല. ചാലക്കുടിക്കും കൊടകരയ്ക്കുമിടയിൽ ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്ത് സർവീസ് റോ‍ഡ് ഇല്ലാത്തത് ഈ ഭാഗത്തു മാത്രമാണ്. കനാലിനു മുകളിൽ പാലം നിർമിച്ചാൽ മാത്രമാണ് സർവീസ് റോഡ് നിർമിക്കാനാകുക. സുരക്ഷാഭിത്തി ഇല്ലാത്തതിനാൽ വാഹനങ്ങളും യാത്രികരും 12 അടിയിലേറെ താഴ്ചയുള്ള കനാലിൽ വീഴുന്നതു പതിവാണ്. ഒട്ടേറെ പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടും നടപടിയില്ല. ദേശീയപാതയുടെ നിർമാണ കരാർ കമ്പനിയായ കെഎംസി കൺസ്ട്രക്‌ഷന്റെ നിർമാണ പ്ലാന്റ് ഇവിടെ നിന്ന് കുറച്ചു മാത്രം അകലെയാണ്.

ഈ പ്ലാന്റിനു മുൻപിൽ നാട്ടുകാർ സമരം നടത്തുകയും പ്രവർത്തനം തടയുകയും ചെയ്ത ശേഷമാണു കൊടകര പഞ്ചായത്തിന്റെയും നഗരസഭയുടെയും അതിർത്തിയിലുള്ള നാടുകുന്ന് മുതൽ പനമ്പിള്ളി ജംക്‌ഷൻ വരെ സർവീസ് റോഡ് നിർമിച്ചത്. പനമ്പിള്ളി ജംക്‌ഷനിലെ കനാലിനു മുകളിൽ പാലം നിർമിക്കാനും കൈവരി നിർമിക്കാനും ആവശ്യപ്പെട്ടു പ്ലാന്റ് ഉപരോധിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. പ്ലാന്റിന് പ്രവർത്തനാനുമതിയില്ലെന്നും ഇക്കാര്യം അധികൃതർ പരിശോധിക്കണമെന്നും നഗരസഭ കൗൺസിലർ വി.ജെ. ജോജു ആവശ്യപ്പെട്ടു.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama