go

ഇതല്ലേ യഥാർഥ മതിൽ; രാഷ്ട്രീയക്കാർ തൊട്ടാൽ പൊള്ളുന്ന ആനപ്പള്ള മതിൽ...

thrissur-walls
SHARE

തൃശൂർ∙ ആനയെ ഇഷ്ടമുള്ള തൃശൂരിൽ ആനപ്പള്ള മതിലുമുണ്ട്. വടക്കുന്നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള കൂറ്റൻ മതിൽ. ആനയുടെ പള്ളയ്ക്കു സമാനമാണ് ആ മതിലിന്റെ മുകൾഭാഗം. ഈ ആനപ്പള്ള മതിൽ പക്ഷേ, രാഷ്ട്രീയക്കാരെ സംബന്ധിച്ചു വിരണ്ട ആനയാണ്.  രാഷ്ട്രീയക്കാർക്കു വിശ്വാസവും ഭയവുമായി മതിൽ മാറിയ അക്കഥ പറയാം മതിൽദിനത്തിൽ.  

പണ്ടു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലുടൻ രാഷ്‌ട്രീയക്കാർ ബക്കറ്റും ബ്രഷുമായി ആനപ്പള്ള മതിലിന്റെ വിദ്യാർഥികോർണറിനു പിന്നിലുള്ള ഭാഗത്തേക്കോടും. കുറുപ്പം റോഡിൽനിന്നു സ്വരാജ് റൗണ്ടിലേക്കു പ്രവേശിക്കുമ്പോൾ കാണാവുന്ന ഇവിടെ ചുവരെഴുതാൻ മൽസരമായിരുന്നു.അച്യുതമേനോനും എ.ആർ. മേനോനുമൊക്കെ ആനപ്പള്ള മതിലിലെ അക്ഷരങ്ങളിൽ നിറഞ്ഞുനിന്നു വിജയിച്ചവരാണ്. എന്നാൽ പിന്നീട് ഈ ചുവരിൽ പേരെഴുതിയവരെല്ലാം പരാജയപ്പെട്ടുതുടങ്ങി.

എൻഡിപി സ്‌ഥാനാർഥിയായി മൽസരിച്ച മണ്ണത്ത് വേണുഗോപാലമേനോൻ, ജനതാപാർട്ടിയിലെ കെ.ജെ. ജോർജ്, സിപിഎമ്മിലെ സി.എൽ. വർക്കി, എം.കെ. കണ്ണൻ ഇവരെല്ലാം ഈ ചുവരിൽ പ്രത്യക്ഷപ്പെടുകയും തോൽവിയറിയുകയും ചെയ്‌തവരാണ്. തദ്ദേശസ്‌ഥാപനങ്ങളിലേക്കു മുതൽ പാർലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകളിൽ രാഷ്‌ട്രീയക്കാർ തന്നെ ഇക്കാര്യം നിരീക്ഷിച്ചു. വീണ്ടും ചിലർ പരീക്ഷണം നടത്തി ‘രുചിയറിഞ്ഞു’. പിന്നെ രാഷ്‌ട്രീയക്കാർ പേടിയോടെ ഈ മതിലിൽ നോക്കാൻ തുടങ്ങി. 

രാഷ്‌ട്രീയപ്പാർട്ടികളുടെ ചുവരെഴുത്തുകൾ ആനപ്പള്ള മതിലിൽനിന്ന് അകലം പാലിച്ചു. ക്ഷേത്രത്തിനു ചുറ്റുമുള്ള ഈ മതിലിൽ 1980 വരെ ചുവരെഴുത്തുകളുണ്ടായിരുന്നെങ്കിലും വിദ്യാർഥി കോർണറിനു പിന്നിലുള്ള പ്രധാന ഭാഗം അക്ഷരങ്ങളില്ലാതെ കിടന്നു. പിന്നീട് ഇവിടെ ചുവരെഴുത്തു നിരോധിച്ചു.  

വടക്കുന്നാഥ ക്ഷേത്രത്തോളം തന്നെ പഴക്കമുള്ള ഈ ചുറ്റുമതിൽ അന്നും ഇന്നും ഗജരാജനെപ്പോലെ തലയുയർത്തി നിൽക്കുന്നു. ആനകൾ നിരക്കുന്ന പൂരക്കാഴ്ച കാണാൻ നാട്ടുകാർ ആദ്യം കയറുന്നതും ഈ ആനപ്പള്ളയുടെ പുറത്തുതന്നെ. 

മതിലില്ലാത്ത മന്ത്രിവീട്

വി.എസ്. സുനിൽകുമാറിന്റെ തൃശൂർ അന്തിക്കാട്ടെ വീടിനൊരു പ്രത്യേകതയുണ്ട്. മതിലില്ല. എന്തിന് ഒരു ജൈവവേലി പോലുമില്ല. വീടായാൽ, അതും ഒരു മന്ത്രിവീടാകുമ്പോൾ മതിലൊക്കെ വേണ്ടേ എന്നു സുനിൽകുമാറിനോടു ചോദിച്ചു. 

‘‘ വീടിനു മതിലൊന്നും പാടില്ല. മതിലിനെക്കാൾ വിശ്വാസം മനുഷ്യനെയാണ്’ എന്നതാണ് സുനിൽകുമാറിന്റെ വാദം. എംഎൽഎയും മന്ത്രിയുമായിരുന്ന കാലത്ത്  സുനിൽകുമാറിനു ലഭിച്ച ഉപഹാരങ്ങളെല്ലാം അദ്ദേഹം വീട്ടുപടിക്കലെ ബഞ്ചിലാണു വച്ചിരിക്കുന്നത്. ആർക്കുവേണമെങ്കിലും എടുത്തിട്ടുപോകാം. മതിലില്ലാത്തതുകൊണ്ടാവും ഇതുവരെ ആരും ‘മതിൽ ചാടി’ ഇവിടെ മോഷണം നടത്തിയിട്ടില്ല. ജൈവകൃഷിയുടെ വക്താവായിട്ടും ഒരു ജൈവവേലി പോലും കെട്ടാൻ തോന്നിയിട്ടുമില്ല.

thrissur-without

മതിലിനപ്പുറത്തെ ശബ്ദം

തൃശൂരിന്റെ സ്വന്തം കെപിഎസി ലളിതയ്ക്കുമുണ്ട് മതിലുമായുള്ള ബന്ധം. ബഷീറിന്റെ മതിലുകൾ സിനിമയിൽ ലളിത അഭിനയിച്ചിട്ടുണ്ട്. ശബ്ദമായാണെന്നു മാത്രം.  ജയിലിൽ പുരുഷ തടവുകാർക്കും സ്ത്രീ തടവുകാർക്കുമിടയിൽ ഒരു ‘വനിതാ മതിൽ’ ഉണ്ട്.

സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ജയിലിൽ കഴിയുമ്പോൾ  ഈ മതിലിനപ്പുറത്ത് ഒരു സുന്ദര ശബ്ദവുമായി ബന്ധം സ്ഥാപിക്കുന്നു. ആ ശബ്ദത്തിനു പിന്നിൽ കെപിഎസി ലളിതയായിരുന്നു. നേരിട്ടു മുഖം കാണിക്കാതെ ശബ്ദം കൊണ്ടുമാത്രം അഭിനയിച്ച ആ സിനിമയും ലളിതയുടെ സിനിമാ ജീവിതത്തിലെ വലിയ അംഗീകാരമാണ്. വിയ്യൂർ ജയിലിലെ കൂറ്റൻമതിൽ ഒട്ടേറെ ചിത്രങ്ങളിൽ ‘അഭിനയിച്ചിട്ടുമുണ്ട്’ 

thrissur-kpsclaitha-mathilukal

തൊട്ടാൽ വീഴും, രാമനിലയമതിൽ

thrissur-ramanilayam-mathil

കേരളത്തിലെ ഏറ്റവും പ്രശസ്തമായ സർക്കാർ അതിഥിമന്ദിരമായ രാമനിലയത്തിന്റെ മതിൽ ചാരി നിന്നാൽ കുടുങ്ങും.  പൊട്ടിപ്പൊളിഞ്ഞ നിലയിലാണിത്. ഉള്ളിൽ പഴയ രാമനിലയം കെട്ടിടം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതു കഴിഞ്ഞാൽ മതിലും പൊളിച്ചു പണിയേണ്ടി വരും

കൊല്ലങ്കോടിന്റെ കൊട്ടാരമതിൽ

thrissur-kottaramathil

ചെമ്പൂക്കാവിലെ പൈതൃകമ്യൂസിയത്തിന്റെ (കൊല്ലങ്കോട് കൊട്ടാരം)ചുറ്റുമതിലിന്റെ ഉൾവശം നോക്കിയാൽ തൃശൂരിന്റെ സംസ്കാരം പഠിക്കാം. 60 പാനലുകളിലായി 60 കലാകാരന്മാർ ചെയ്ത റിലീഫ് ചിത്രങ്ങളാണ് ഈ മതിലിന്റെ ഭംഗി. 

ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ അധ്യാപകരും വിദ്യാർഥികളും ചേർന്നാണു ചിത്രങ്ങൾ വരച്ചത്. തൃശൂർ പൂരം, ഇലഞ്ഞിത്തറമേളം, അഞ്ചുവിളക്ക്, മച്ചാട് മാമാങ്കം, ഗുരുവായൂർ സത്യാഗ്രഹം, കോൾപ്പാടങ്ങൾ, ട്രാംവേ, പുന്നത്തൂർ കോട്ട, ശക്തൻതമ്പുരാനും വെളിച്ചപ്പാടും, കൊടുങ്ങല്ലൂർ ഭരണി, പുലിക്കളി, പട്ടാളം മാർക്കറ്റ്, പെരുമ്പിലാവ് ചന്ത... ഇങ്ങനെ പോകുന്നു ചുറ്റുമതിലിൽ ചിത്രങ്ങൾ.

മതിൽ ശ്വസിക്കണം

thrissur-breating-wall

വീടിന്റെ ചുമരും മതിലും ശ്വസിക്കണം എന്നാണ് ആർക്കിടെക്ടുമാരായ ലിജോയും റെനിയും പറയുന്നത്. കാറ്റും വെളിച്ചവും കടന്നുവരണം. വീടിനു ശ്വാസം കിട്ടാനായി ആർക്കിടെക്റ്റുകളായ ലിജൊ –റെനി കൂട്ടുകെട്ടുണ്ടാക്കിയ ഈ മതിൽ രാജ്യത്തെ ഒരുപാടു ആർക്കിടെക്റ്റ് വേദികളിൽ ചർച്ചയായി. തൃശൂരിൽ ഇവർ നിർമ്മിച്ച ഒരു വീടിനു വേണ്ടിയായിരുന്നു ഇത്.

നീണ്ടു കിടക്കുന്നൊരു പ്ളോട്ടിന്റെ ഇരുവശത്തേക്കും ജനാല തുറക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഒരു വശത്തു റോഡും മറുവശത്തു അടുത്ത വീടിന്റെ മതിലും നിൽക്കുന്നു.  അവിടെ വീടു വച്ചാൽ വീടിനകത്തു ആവശ്യത്തിനു വായു ഉണ്ടാകില്ല എന്നുറപ്പാണ്.വീടിന്റെ മതിലും ചുമരും നിറയെ ദ്വാരങ്ങളോടെ നിർമ്മിക്കാൻ തീരുമാനിച്ചു. തുരുമ്പെടുത്ത വെതറിംങ് സ്റ്റീൽ എന്ന  ലോഹംകൊണ്ടാണ് ഈ മതിലുണ്ടാക്കിയത്.   ലിജൊ റെനിക്കു വനിത  യുവ ആർക്കിടെക്ട് അവാർഡ് അടക്കം ബഹുമതികൾ നേടിക്കൊടുത്തു.

ബേക്കർ സായ്പ്പിന്റെ ‘ലളിത’ മതിൽ

thrissur-lalithamathil

ലളിതകലാ അക്കാദമിയുടെ മതിലിനു പറയാനുള്ളത് ബേക്കർ സായിപ്പുമായുള്ള ബന്ധമാണ്. അക്കാദമി നിർമിച്ചപ്പോൾ അതിന്റെ ആർക്കിടെക്ടും മതിലിന്റെ ആർക്കിടെക്ടും ലാറി ബേക്കർ ആയിരുന്നു. ഇപ്പോഴും തൃശൂർ നഗരത്തിലുള്ള വ്യത്യസ്തതയേറിയ മതിലാണിത്.ഈ മതിലിലുമുണ്ട് കാലാകാരന്മാരുടെ ലളിതകലാ പ്രയോഗം. ഉഗ്രൻ വരകൾ.

മതിൽചാടിയത് നായികാപദവിയിലേക്ക്

thrissur-wall-jumping

അഞ്ജു കുര്യൻ മലയാള സിനിമയിൽ നിലയുറപ്പിച്ചത് മതിൽ ചാടിക്കൊണ്ടാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശനിൽ അഞ്ജു കുര്യൻ അവതരിപ്പിക്കുന്ന കഥാപാത്രം പ്രവേശിക്കുന്നതുതന്നെ മതിൽ ചാടിക്കൊണ്ടാണ്. ഈ ചാട്ടത്തിൽ നായകൻ ഫഹദ് ഫാസിൽ പേടിച്ചോടുകയും ചെയ്തു. നേരത്തെ ചില മലയാള സിനിമകളിൽ ചെറിയ വേഷത്തിലെത്തിയ അഞ്ജു കുര്യൻ ആദ്യമായാണു നായികയാകുന്നത്. 

മതിൽ ചാടുന്നതിനായി അഞ്ജുവിനെ മതിലിൽ പിടിച്ചുകയറ്റുകയായിരുന്നു. പല തവണ ചാടിച്ചശേഷമാണു ക്യാമറയിൽ പകർത്തിയത്. മതിൽ ചാടി നായികയായ ആദ്യ പെൺകുട്ടിയാകും  അഞ്ജു. 

ശിൽപം ഒളിഞ്ഞു നോക്കുന്ന വരമതിൽ

thrissur-varamathil

ലീഡർ കെ. കരുണാകരൻ വരെ വിദ്യാർഥിയായിരുന്ന ഫൈൻ ആർട്സ് കോളജിന്റെ മതിൽ ചരിത്രപ്രസിദ്ധമാണ്. വിദ്യാർഥികൾ അവരുടെ ‘വരവിരുത് ’ പരീക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതും ഈ മതിലിലാണ്. മതിലിനു മുന്നിലൂടെ പോകുന്ന എല്ലാവരെയും  നിരീക്ഷിച്ചു മതിലിനു മുകളിൽ ചിലർ അനങ്ങാതെ നിൽപുണ്ടാവും.   ഫൈൻ ആർട്സ് വിദ്യാർഥികൾ നിർമിച്ച ശിൽപങ്ങൾ. ഒരിക്കൽ ചിത്രകലാ പ്രദർശനം നടത്താൻ വിദ്യാർഥികൾ തിരഞ്ഞെടുത്തത് ഹാളല്ല, ഈ വരമതിലാണ്...

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama