go

2000 ട്രിപ്പുകൾക്കിടയിൽ ഒരു ജീവൻ!

thrissur-road=accident
SHARE

2017 ഒക്ടോബറിൽ തൃശൂർ ശക്തൻ സ്റ്റാൻഡിനു മുന്നിൽ സീബ്രാ ലൈനിലൂടെ കടക്കുമ്പോൾ ബസിനടിയിൽപ്പെട്ടു ജീവൻ നഷ്ടപ്പെട്ടത് എംബിബിഎസ് വിദ്യാർഥിക്ക്. ആ യുവാവിന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ ഇല്ലാതാക്കിയ അപകടം കഴിഞ്ഞ് രണ്ടു വർഷം തികയും മുൻപേ  വീണ്ടും അപകടമരണം. ഈ അപകടം അധികാരികളുടെ കണ്ണുതുറപ്പിക്കണം. ശക്തൻ സ്റ്റാൻഡിലെ പ്രശ്നങ്ങൾ പരിഹരിച്ചേ തീരൂ.

തൃശൂർ∙ നഗരമധ്യത്തിലെ ശക്തൻ ബസ് സ്റ്റാൻഡിൽ ഒരു ദിവസം കയറിയിറങ്ങുന്നത് ഒന്നും രണ്ടുമല്ല, അഞ്ഞൂറിലേറെ ബസുകൾ. ഇവ നടത്തുന്ന ട്രിപ്പുകളുടെ എണ്ണമെടുത്താൽ ആകെ 2000–2500 വരും. സ്റ്റാൻഡിൽ കയറാനും ഇടം പിടിക്കാനും മത്സരിക്കുന്നത് ഇത്രയും ബസുകൾ!. ഗതാഗത കുരുക്കും തകർന്ന റോഡുകളും മറികടന്ന് സമയത്തിനും വൈകിയാണ് ഓരോ ബസ്സും പറന്നെത്തുന്നത്. 

ഓടിത്തോൽപ്പിക്കാൻ

സ്വകാര്യബസുകൾ ഓരോ നിമിഷവും സമയത്തിനെതിരെ പോരാടുകയാണ്. സ്റ്റാൻഡിൽ ഓരോ ബസിനും അനുവദിച്ചിട്ടുള്ള  സമയം ഒരു മിനിറ്റു മുതൽ മൂന്നു മിനിറ്റു വരെയൊക്കെയാണ്. ഈ സമയത്തിനുള്ളിൽ വന്നു പോയിരിക്കണം. പാലക്കാട്, ഗോവിന്ദാപുരം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ദീർഘദൂര ബസുകൾക്കു മാത്രമാണു 10 മിനിറ്റു സമയം അനുവദിക്കുന്നത്. ഈ മൽസരയോട്ടമാണ് ബസുകൾ നിയന്ത്രണം വിടാനുള്ള സാധ്യതകൾ വിളിച്ചുവരുത്തുന്നത്.

ആകെ ബസുകൾ 

കോർപറേഷന്റെ കണക്കനുസരിച്ചു ശക്തൻ, വടക്കേ ബസ് സ്റ്റാൻഡുകളിലായി നഗരത്തിൽ ആകെ ഓടുന്നത് ആയിരത്തോളം ബസുകളാണ്. ഇതിൽ മിക്കവയും നഗരത്തിലൂടെ സർവീസ് നടത്തുന്നുണ്ടാകും. ഇത്രയും ബസുകളിൽ കയറുന്നതും സ്റ്റാൻഡുകളിൽ വന്നുപോകുന്നതുമായ യാത്രക്കാരുടെ എണ്ണമെടുത്താൽ പതിനായിരങ്ങൾ. ചിട്ടയുള്ള സംവിധാനമില്ലെങ്കിൽ ആർക്കാണ് ഇവിടെ സുരക്ഷയുണ്ടാവുക?

വരമാഞ്ഞ സീബ്രകൾ

നഗരത്തിലെ സീബ്രാ ലൈനുകൾ കണ്ടാൽ കുമ്മായപ്പൊടി വിതറി വരച്ചതുപോലുണ്ട്. പലതും മാഞ്ഞവ. ബസുകൾ മാത്രമല്ല, കാറും ബൈക്കും പോലും സീബ്രാ ലൈനുകളിൽ നിർത്തുന്നത് വിരളം.

വേണം സീബ്രാ ലൈൻ സംസ്കാരം 

യാത്രക്കാരിൽ ചിലരുണ്ട്. സീബ്രാ ലൈനിൽ കൂടി നടക്കുമ്പോൾ അവകാശബോധം കൂടും. ഫോൺ ചെയ്തും ആലസ്യത്തോടെയും വളരെ പതിയെയും മറികടക്കുന്നവരാണ് ഒരു വിഭാഗം. ചിലരാകട്ടെ വാഹനം എത്ര വേഗത്തിൽ വരുന്നുണ്ടെങ്കിലും സീബ്രാ ലൈനിലേക്കു ചാടിക്കയറും. ആ വാഹനം നിയന്ത്രിച്ചു നിർത്താനുള്ള അകലമുണ്ടോ എന്നു നോക്കാറുമില്ല. ഇവർക്കും വേണം ബോധവൽക്കരണം.

കുറുകെ കടക്കാൻ പെടാപ്പാട്

സ്വരാജ് റൗണ്ടിലും പരിസരത്തും റോഡു കുറുകെ കടക്കുക സാഹസകരമാണിപ്പോഴും. പൊലീസ് പലപ്പോഴും സഹായത്തിനെത്തുന്നുണ്ടെങ്കിലും റോഡ് മുറിച്ചുകടക്കുന്നതിന്റെ ദുരവസ്ഥ പറയാനുണ്ടാവും എല്ലാ യാത്രികർക്കും. ശക്തൻ സ്റ്റാൻഡിലേക്ക് റോഡ് കുറുകെ കടന്ന് എത്തുന്നതും ഏറെ ശ്രമകരമാണ്. രണ്ടു സബ്‌വേ ഉണ്ടെങ്കിലും ഉപയോഗിക്കുന്നവർ വിരളം. ഇതും തിരക്ക് കൂട്ടുകയാണ്. 

ഉടൻ പരിഹാരം  വേഗനിയന്ത്രണ സംവിധാനവും പൊലീസും

ശക്തൻ സ്റ്റാൻഡിലേക്കു ബസുകളുടെ കുതിച്ചുകയറ്റം നിയന്ത്രിക്കണമെന്ന ആവശ്യമാണ് അപകടത്തിനുശേഷം യാത്രക്കാരും സമീപത്തെ ഓട്ടോ ഡ്രൈവർമാരും പങ്കുവച്ചത്. ഉടനടി ഇവിടെ വേഗ നിയന്ത്രണ സംവിധാനം നിർമിക്കാൻ കോർപറേഷൻ മുൻകയ്യെടുക്കണം.

അതുതന്നെയാണു പെട്ടെന്നു നടപ്പാക്കാവുന്ന പോംവഴി. ശക്തൻ സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റും ശക്തൻ നഗറിൽ പൊലീസ് സാന്നിധ്യവുമുണ്ടാകാറുണ്ട്. എങ്കിലും ബസ് കയറുകയും ഇറങ്ങുകയും ചെയ്യുന്ന കവാടങ്ങളിൽ സ്ഥിരം പൊലീസ് സാന്നിധ്യമില്ല. ഇതും ഉടനടി പരിഹരിക്കാവുന്നതാണെന്നു യാത്രക്കാർ പറയുന്നു. സീബ്രാ ലൈനുകൾ പുതുക്കി വരയ്ക്കുക, റോഡ് മുറിച്ചുകടക്കുന്നതിനും ഇവിടെ വാഹനങ്ങൾ നിർത്തിക്കൊടുക്കുന്നതിനുമുള്ള ബോധവൽക്കരണം നടത്തുക എന്നിവയും പ്രധാനമാണ്.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama