go

ഒരു കാർമേഘം പോലും മാനത്തില്ല, പക്ഷേ തുള്ളിക്കൊരു കുടം പോലെ മഴ!

thrissur-mok-rain
പൂരത്തിന് അഗ്നിശമന സേന നടത്തിയ മോക്ഡ്രില്ലിൽ നനഞ്ഞ് പൂരപ്പറമ്പിൽ കെട്ടിയ വെള്ളത്തിൽ പൂരപ്പറമ്പിന്റെ പ്രതിബിംബം തെളിഞ്ഞപ്പോൾ.
SHARE

തൃശൂർ ∙ ഒരു കാർമേഘം പോലും മാനത്തില്ലായിരുന്നെങ്കിലും തെക്കേഗോപുരനടയിൽ അപ്രതീക്ഷിതമായി പെയ്തത് സിനിമകളിൽ പോലും കാണാത്ത മഴ. തുള്ളിക്കൊരു കുടം പോലെ കനത്തു പെയ്തും വീശിയടിച്ചും ചന്നംപിന്നം ചാറിയും മഴ പെയ്തപ്പോൾ സ്വരാജ് റൗണ്ടിലൂടെ യാത്രചെയ്തവരുടെ മനം കുളിർത്തു. 

പൂരത്തിനു മുന്നോടിയായി അഗ്നി രക്ഷാ സേന നടത്തിയ മോക്‌ ഡ്രില്ലിന്റെ ഭാഗമായി പലതരം വാൽവുകൾ (ബ്രാഞ്ച്) ഉപയോഗിച്ചു നടത്തിയ പരീക്ഷണമായിരുന്നു പലതരം മഴയായി തേക്കിൻകാട്ടിൽ പെയ്തിറങ്ങിയത്. പൂരത്തിനു മുൻപ് എല്ലാ വർഷവും മോക്‌ ഡ്രിൽ സംഘടിപ്പിക്കാറുണ്ടെങ്കിലും കാണികൾക്കു ദൃശ്യവിരുന്നായി മ‍ാറിയത് ആദ്യം.

തേക്കിൻകാട് മൈതാനത്തു സ്ഥാപിച്ചിട്ടുള്ള അഗ്നി രക്ഷാ സംവിധാനമായ ഫയർ ഹൈഡ്രന്റിന്റെ പ്രവർത്തന ശേഷി പരിശോധിക്കുന്നതിന്റെ ഭ‍ാഗമായിട്ടായിരുന്നു മോക് ഡ്രിൽ. ഹൈഡ്രന്റിൽ കുഴൽ ഘടിപ്പിച്ച ശേഷം വെള്ളം പല തരം വാൽവുകളിലൂടെ ആകാശത്തേക്കു വെള്ളം ചിതറിക്കുകയായിരുന്നു അഗ്നി രക്ഷാ സേന. 

ആദ്യ വാൽവിൽ നിന്നുയർന്ന വെള്ളം തെക്കെഗോപുരനടയിലെ കൂറ്റൻ ആൽമരത്തിന്റെ തലപ്പിനേക്കാൾ ഉയരത്തിൽ കുതിച്ചു പെ‍ാങ്ങിയതു കണ്ട് ജനംതടിച്ചുകൂടി.

പിന്നീടു വിവിധ വാൽവുകൾ ഘടിപ്പിച്ച് പല രൂപത്തിൽ മഴ പെയ്യിച്ചതോടെ കാഴ്ചക്കാരുടെ എണ്ണം കൂടി. സമീപത്തു പൊലീസ് കൺട്രോൾ റൂമിനു മുന്നിൽ ജോലിചെയ്തിരുന്ന പൊലീസുകാരിൽ പലരും പ്രതീക്ഷിക്കാതെ പെയ്ത മഴയിൽ നനഞ്ഞുകുളി‍ച്ചു. 

സ്വരാജ് റൗണ്ടിൽ ബൈക്ക‍ിൽ സഞ്ചരിച്ചവരും നനഞ്ഞു കുളിച്ചു. വേനൽമഴയോ പെയ്യുന്നില്ല, കിട്ടുന്നതാവട്ടെ എന്ന മട്ടിൽ ചിലർ മനഃപൂർവം മഴയേൽക്കാനും ശ്രമം നടത്തി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama