go

കല്ലിന്മേൽ കല്ലുശേഷിക്കാതെ ചരിത്രം

thrissur news
അന്ന് ജില്ലാ ജനറൽ ആശുപത്രിക്കു സമീപത്ത് സ്വരാജ് റൗണ്ടിലെ പഴയ മുനിസിപ്പൽ ബിൽഡിങ് (പൊളിക്കുന്നതിനു മുൻപ്).
SHARE

തൃശൂർ∙ 150 വർഷത്തിലേറെ പഴക്കമുള്ള മുനിസിപ്പൽ ബിൽഡിങ് ഓർമയായി. ജില്ലാ ജനറൽ ആശുപത്രിക്കു സമീപം 1864ൽ നടക്കാവുകാരൻ കുടുംബം നിർമിച്ചതെന്നു കരുതപ്പെടുന്ന മൂന്നുനില കെട്ടിടമാണ് പൊളിച്ചു നീക്കിയത്. സ്വരാജ് റൗണ്ടിന്റെ ചരിത്രം വിളിച്ചോതുന്ന ഈ കെടിട്ടം ശ്രദ്ധയാകർഷിച്ചിരുന്നു. ക്ഷേമവിലാസം, ഓറിയന്റൽ, കൊച്ചിൻ കുറികൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ മരുന്നു കടകളും ഹോട്ടലുകളും വസ്ത്രശാലകളുമടക്കം 28 കച്ചവടക്കാരുണ്ടായിരുന്നു. ഒന്നോ രണ്ടോ േപരൊഴികെയുള്ളവർക്ക് മറ്റ് ഉപജീവനമാർഗമില്ലാത്തവരാണ്.

പീച്ചി ഡാമും ടൗൺഹാളുമൊക്കെ നിർമിച്ച കുടുംബമാണ് നടക്കാവുകാരൻ. മുനിസിപ്പൽ ചെയർമാൻ എൻ.ഒ. ഈനാശു, മുൻ എംഎൽഎ എൻ.എ. ദേവസിക്കുട്ടി ഇവരൊക്കെ ഉൾപ്പെട്ട കുടുംബത്തിലെ പൂർവികനായ ഇനാശു ഇട്ടിച്ചൻ ആണ് ഈ കെട്ടിടം വ്യാപാര ആവശ്യത്തിനായി നിർമിച്ചതെന്നു കരുതുന്നു.  പിന്നീട് രൂപതയുടെ കൈവശത്തിലായിരുന്ന കെട്ടിടം നഗരസഭയ്ക്കു കൈമാറി. ലൈസൻസ് ഫീസ് വാങ്ങിക്കുമായിരുന്നെങ്കിലും അറ്റകുറ്റപ്പണികളൊന്നും ചെയ്യാൻ നഗരസഭ കൂട്ടാക്കിയിരുന്നില്ലെന്നാണു വ്യാപാരികൾ പറയുന്നത്.

thrissur-muncipal-building-dimolition
ഇന്ന് മുനിസിപ്പൽ ബിൽഡിങ് പൊളിച്ചതിനുശേഷം.

കെട്ടിടത്തിന്റെ ഹൈറോഡ് ഭാഗമാണ് ‍ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ഇടിഞ്ഞു വീണത്. ഇതേത്തുടർന്ന് കലക്ടർ ദുരന്തനിവാരണ നിയമപ്രകാരം ഈ കെട്ടിടം പൊളിച്ചു നീക്കാൻ ഉത്തരവിടുകയായിരുന്നു.  ഞായറാഴ്ച രാത്രി മുഴുവൻ തുടർച്ചയായി പൊളിച്ചാണ് കെട്ടിടം നീക്കം ചെയ്ത്. ഇനി അവസാനത്തെ നിലകൂടി പൊളിക്കാനുണ്ട്. മുകളിലെ അവശിഷ്ടങ്ങൾ നീക്കിയശേഷം ഇതും നീക്കം ചെയ്യും. നഗരത്തിൽ യോഗങ്ങൾ ചേരാൻ ഹാളുകൾ ഇത്രയധികമില്ലാതിരുന്ന കാലത്ത് ഈ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ കൂറ്റൻ ഹാളാണ് ഉപയോഗിച്ചിരുന്നത്. ഇവിടെ സർക്കസും മാജിക്കും പോലുള്ള വിനോദപരിപാടികളും അവതരിപ്പിച്ചിരുന്നുവെന്നു പഴയ തലമുറ പറയുന്നു.

വ്യാപാരികളെ പുനരധിവസിപ്പിക്കും: മേയർ

thrissur-ajitha
മേയർ അജിത വിജയൻ

തൃശൂർ∙ തകർന്ന മുനിസിപ്പൽ ബിൽഡിങ്ങിലെ 28 കച്ചവടക്കാരെയും പരമാവധി വേഗത്തിൽ പുനരധിവസിപ്പിക്കുമെന്നു മേയർ അജിത വിജയൻ പറഞ്ഞു. മൂന്നുനില കെട്ടിടത്തിനുമാത്രമേ ഇവിടെ അനുമതി നൽകാനാവൂ. എന്നാൽ കെട്ടിടത്തിനു നല്ല നീളമുള്ളതിനാൽ ഇതു ധാരാളമാണ്.

തൽക്കാലം ഇതേ സ്ഥലത്തു തന്നെ ഷെഡ് നിർമിച്ചു നൽകണമെന്നു വ്യാപാരികൾ ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാൽ ഇത് അനുവദിക്കാവുന്ന സാഹചര്യമല്ലെന്നു മേയർ പറഞ്ഞു. താൽക്കാലിക ഷെഡ് നിർമിക്കുന്നതു കെട്ടിടം പണിയെ ബാധിക്കും. 

ആറുമാസം കൊണ്ടു കെട്ടിടം നിർമിക്കാനാവുമോയെന്നാണു നോക്കുന്നത്. ഹൈറോഡിനു ബെൽമൗത്തും കെട്ടിടത്തിനു പാർക്കിങ് സൗകര്യവും സഹിതമേ ഇനിയുള്ള നിർമാണ പ്രവർത്തനം നടക്കുകയുള്ളുവെന്നും മേയർ വ്യക്തമാക്കി.

MORE IN THRISSUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama